ADVERTISEMENT

ന്യൂഡൽഹി∙ കപിൽ ദേവ്, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി....ഇന്ത്യയുടെ മികച്ച് ക്യാപ്റ്റൻമാരെക്കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും മുൻനിരയിൽ നിൽക്കുന്ന പേരുകൾ ഇവരുടേതാണ്. ഒരു പരിധിവരെ വിരാട് കോലിയും ഈ പട്ടികയിൽ ഉൾപ്പെടും. എന്നാൽ അതിലേക്ക് അധികം പറ‍ഞ്ഞുകേൾക്കാത്ത പേരാണ് രാഹുൽ ദ്രാവിഡ് എന്നത്. ഒരു മികച്ച ക്യാപ്റ്റൻ എന്നിതിനേക്കാളുപരി സച്ചിൻ ടെൽഡുൽക്കറെ പോലെ ഒരു ഇതിഹാസ ബാറ്റ്സ്മാൻ എന്ന നിലയിലാണ് ദ്രാവിഡ് എപ്പോഴും ഓർമിക്കപ്പെട്ടത്. 

ക്രിക്കറ്റ് താരമെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റ് ടിം ക്യാപ്റ്റനെന്ന നിലയിലും ദ്രാവിഡിനെ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഗൗതം ഗംഭീർ കഴിഞ്ഞ ഇടയ്ക്ക് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സൗരവ് ഗാംഗുലിയേക്കാൾ ഇന്ത്യൻ ടീമിനെ സ്വാധിനിച്ച താരമാണ് ദ്രാവിഡെന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരായി സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി, വിരാട് കോലി എന്നിവരുടെ പേരുകൾ ഉയർത്തിക്കാട്ടുമ്പോഴും ദ്രാവിഡ് അവഗണിക്കപ്പെടുകയാണെന്നുമാണ് ഗംഭീർ അഭിപ്രായപ്പെട്ടത്.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ദ്രാവിഡിന്റെ ക്യാപ്റ്റൻസി മികവിനെ പ്രകീർത്തിച്ചുകൊണ്ട് സുരേഷ് റെയ്ന രംഗത്തുവന്നിരിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്ത്,  2005 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ദ്രാവിഡ് എന്ന ക്യാപ്റ്റനു കീഴിൽ കളിച്ച വ്യക്തയാണ് റെയ്ന. അതിൽ 2006ൽ പാക്കിസ്ഥാനെതിരെ മുൾട്ടാനിൽ നടന്ന ഒരു ഏകദിനത്തിൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസി മികവും മത്സരത്തെ വീക്ഷിക്കുന്നതിലുള്ള കഴിവും തിരിച്ചറിഞ്ഞതിനെ കുറിച്ചാണ് റെയ്ന പറയുന്നത്. എബിപി ന്യൂസിൽ കപിൽ ദേവുമായുള്ള അഭിമുഖത്തിലാണ് റെയ്നയുടെ വെളിപ്പെടുത്തൽ.

‘മുൾട്ടാനിൽ പാക്കിസ്ഥാനെതിരെ നടന്ന നാലാം ഏകദിനത്തിലാണ് സംഭവം. പാക്കിസ്ഥാൻ 14ന് നോട്ട് ഔട്ട്.  ഇർഫാൻ പഠാൻ തന്റെ നാലാമത്തെ ഓവറും ഇന്ത്യയുടെ ഏഴാവത്തെ ഓവറും എറിയുന്നു. സൽമാൻ ബട്ട് ആണ് ക്രീസിൽ. ആദ്യ ബോൾ സിംഗിൾ അടിച്ച ബട്ട് സ്ട്രൈക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കമ്രാൻ അക്മലിന് കൈമാറി. 

പാക്കിസ്ഥാന് വേഗത്തിൽ മികച്ച തുടക്കം നൽകാൻ കഴിവുള്ള താരമായിരുന്നു അക്മൽ. ആദ്യ ആറ് ഓവർ കഴിഞ്ഞപ്പോഴെ ദ്രാവിഡിന് എന്തോ മനസിലായി. അക്മൽ ഇനി എങ്ങനെയാകും ബാറ്റു ചെയ്യുക എന്നദ്ദേഹം കണക്കു കൂട്ടിയപോലെ. അടുത്ത ബോൾ എറിയുമ്പോൾ പൊയിന്റിൽ നിൽക്കാമോ എന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. എവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. മുന്നോട്ട് ആഞ്ഞ് ക്യാച്ച് എടുക്കാൻ തയാറായി നിൽക്കാൻ പറഞ്ഞു. പഠാൻ എറിഞ്ഞ അടുത്ത ബോൾ അക്മൽ ആഞ്ഞടിച്ചു. ആ ബോൾ ഞാൻ നോക്കി നിൽക്കേ, അതു നേരെ എത്തിയത് എന്റെ കൈകളിലേക്ക്. ആ ഒരു സംഭവം എന്നെ വല്ലാതെ ദ്രാവിഡിലേക്ക് ആകർഷിച്ചു. ദ്രാവിഡ് ഭായിക്ക് അറിയാമായിരുന്നു ക്യാച്ച് വരുമെന്നും അത് അടുത്ത ബോളിൽ തന്നെ ഉണ്ടാകുമെന്നും. ആ ദീർഘവീക്ഷണം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.’– റെയ്ന പറഞ്ഞു.

എന്തുകൊണ്ടാണ് ആ ക്യാച്ച് ഓർത്തുവയ്ക്കാൻ കാരണമെന്നും റെയ്ന വെളിപ്പെടുത്തി. ക്യാപ്റ്റനും ബൗളറും ഫീൽഡറും ഒരേപോലെ അതിൽ പങ്കാളികളാണ്. മാത്രമല്ല ഏപ്പോഴും ക്യാച്ചിനായി ശ്രദ്ധയോടെ നിൽക്കുക എന്നത് ഒരു ബൗളറുടെ ചുമതലയാണെന്നും റെയ്ന പറഞ്ഞു.

ആ മത്സരത്തിൽ പഠാന്റെയും ആർ.പി. സിങ്ങിന്റെയും ബൗളിങ് മികവിൽ പാക്കിസ്ഥാൻ 161ന് എല്ലാവരും പുറത്തായി. പഠാൻ മൂന്നും ആർ.പി. സിങ് നാലും വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദ്രാവിഡിന്റെ അർധസെഞ്ചുറിയുടെ ബലത്തിൽ 32.3 ഓവറിൽ 5 വിക്കറ്റു ശേഷിക്കേ വിജയം കണ്ടു. ദ്രാവിഡ് 59 റൺസ് നേടിയപ്പോൾ റെയ്ന 32ന് പുറത്താകാതെ നിന്ന് പിന്തുണ നൽകി. 

English Summary : Dravid said lean forward & be ready for a catch: Suresh Raina reveals master plan to dismiss Pakistan’s Kamran Akmal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com