ADVERTISEMENT

ന്യൂഡൽഹി∙ 2000ല്‍ ടീം ഇന്ത്യയുടെ ക്യപ്റ്റൻ സ്ഥാനം സൗരവ് ഗാംഗുലി ഏറ്റെടുക്കുമ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഗാംഗുലിയുടെ മികവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറെ മുന്നേറി. ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായി. ഗാംഗുലിയുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ ഗംഭീര പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീം നടത്തിയത്. ഗാംഗുലി ഇന്ത്യയെ നയിച്ച 49 ടെസ്റ്റുകളിൽ 21ഉം വിജയിച്ചു. 2000ൽ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്തി. 2002 നാറ്റ്‍വെസ്റ്റ് ട്രോഫി, 2002 ചാംപ്യൻസ് ട്രോഫി എന്നിവ സ്വന്തമാക്കിയ ഗാംഗുലിയും സംഘവും 2003ൽ ലോകകപ്പ് ഫൈനലിലുമെത്തി.

വിജയ റെക്കോർ‍ഡുകൾക്കു പുറമേ യുവതാരങ്ങളെ ഗാംഗുലി കൈകാര്യം ചെയ്യുന്ന രീതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുഹമ്മദ് കൈഫ്, യുവരാജ് സിങ്, സഹീർ ഖാൻ, വിരേന്ദര്‍ സെവാഗ്, ഹർഭജൻ സിങ് തുടങ്ങിയവർ ഗാംഗുലിയുടെ തണലിൽ വളർന്ന ക്രിക്കറ്റ് പ്രതിഭകളായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് സെവാഗിനെ എങ്ങനെയാണു ഗാംഗുലി സ്വാധീനിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗാംഗുലിയുടെ നിർദേശങ്ങൾക്കു ശേഷം സെവാഗ് സെഞ്ചുറി നേടിയതായും ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. 

വീരു, കരിയറിന്റെ ആദ്യഘട്ടത്തില്‍ വളരെയേറെ റൺസ് നേടിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് ഫോം നഷ്ടമായി. ഒരിക്കൽ ഗാംഗുലി സെവാഗിനെ സമീപിച്ചു. റണ്‍സ് നേടിയില്ലെങ്കിൽ ഇനി ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ആ മത്സരത്തിൽ സെവാഗ് സെഞ്ചുറി നേടി. തുടർന്നും ഗാംഗുലി സെവാഗിനെ വളരെയേറെ പിന്തുണച്ചു. യുവരാജ് സിങ്ങിന് ഫോം നഷ്ടമായപ്പോഴും ഗാംഗുലി ഇതേ രീതിയിൽ പിന്തുണ നൽകിയിരുന്നു. ഇരുപതോളം മത്സരങ്ങളിൽ യുവരാജിന് ഒരു അർധ സെഞ്ചുറി പോലും നേടാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു– ചോപ്ര വ്യക്തമാക്കി. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുന്ന കാലത്താണ് ആകാശ് ചോപ്ര ഇന്ത്യൻ ടീമിനായി കളിച്ചത്.

ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചെങ്കിലും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതാണു തന്റെ ക്രിക്കറ്റ് കരിയറിൽ തിരിച്ചടിയായതെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. 40–50 റൺസുകൾ മാത്രം നേടിയതും സെഞ്ചുറികൾ നേടാന്‍ സാധിക്കാത്തതും എന്റെ തെറ്റാണ്. ഇന്ത്യൻ ടീമിൽനിന്നും ലഭിച്ച ചുമതല ഹൃദയം കൊണ്ടാണ് ഏറ്റുവാങ്ങിയതെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയ്ക്കായി ആകാശ് ചോപ്ര 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

English Summary: Aakash Chopra recalls how Sourav Ganguly backed Virender Sehwag to score runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com