ADVERTISEMENT

മുംബൈ∙ 2002 ൽ 17–ാം വയസ്സിലാണ് പാർഥിവ് പട്ടേൽ ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. നോട്ടിങ്ങാമിൽ ഇംഗ്ലണ്ടിനെതിരായിട്ടായിരുന്നു കളി. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച പാർഥിവ്, സച്ചിന്‍ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരുടെയെല്ലാം കൂടെ കളിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം പിന്നിടു നിറം മങ്ങിപ്പോകുകയായിരുന്നു. ബാറ്റിങ്ങിലെ മോശം ഫോമിനു പുറമേ വിക്കറ്റ് കീപ്പിങ്ങിലും പരാജയപ്പെട്ടതോടെയാണു താരം ഇന്ത്യൻ ടീമിൽനിന്നു പുറത്തായത്.

പാർഥിവ് പട്ടേൽ ഇന്ത്യൻ ടീമിൽനിന്നു പുറത്തായി 14 മാസത്തിനു ശേഷമാണ് എം.എസ്. ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഒടുവിൽ ക്യാപ്റ്റനായും ധോണി തിളങ്ങിയപ്പോൾ നശിച്ചത് പാർഥിവ് പട്ടേലിന്റെ കരിയറാണെന്നാണു പലരും വാദിക്കുന്നത്. എന്നാൽ ഇത്തരം അഭിപ്രായങ്ങൾ ശരിയല്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാർഥിവ് പട്ടേൽ. ധോണി യുഗത്തിന്റെ പേരിൽ തന്റെ കരിയർ തീർന്നെന്നു സഹതപിക്കുന്നതിനോടു താൽപര്യമില്ലെന്ന് പാര്‍ഥിവ് പട്ടേൽ പ്രതികരിച്ചു. ധോണിക്കും മുൻപേ ഇന്ത്യൻ ടീമിൽ ഞാൻ അരങ്ങേറ്റ മത്സരം കളിച്ചിട്ടുണ്ട്. പ്രതീക്ഷകൾക്ക് അനുസരിച്ചു പ്രകടനം നടത്തിയിരുന്നില്ലെങ്കിൽ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെടില്ലായിരുന്നു– ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പാർഥിവ് പട്ടേൽ പറഞ്ഞു.

ഞാൻ തെറ്റായ കാലഘട്ടത്തിലാണു പിറന്നതെന്നാണു പലരും പറയുന്നത്. ഇതു ധോണിയുടെ കാലമാണെന്നാണ് അവർ പറയുന്നത്. എന്നാൽ ധോണിക്കും മുൻപേ ആദ്യ മത്സരം കളിച്ചതു ഞാനാണ്. ഇതു മുൻപും പറഞ്ഞിട്ടുണ്ട്. ധോണിയുടെ സാന്നിധ്യം കാരണമാണ് എന്റെ കരിയർ ചുരുങ്ങിപ്പോയത് എന്നു പറയുന്നതു തെറ്റാണ്. ആവശ്യത്തിന് അനുസരിച്ചു ഞാൻ കളിക്കാത്തതിനാലാണു മറ്റുള്ളവർക്കു ചാൻസ് ലഭിച്ചതെന്നാണു എനിക്കു തോന്നുന്നത്. ദിനേഷ് കാർത്തിക്കിനാണ് ആദ്യം അവസരം ലഭിച്ചത്. അതിനു ശേഷം ധോണിയും കളിച്ചു. ഞാൻ നന്നായി ചെയ്തിരുന്നെങ്കിൽ ആരും എന്റെ പകരക്കാരാകില്ലായിരുന്നു– പാർഥിവ് പട്ടേൽ വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്നു പുറത്തായെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎല്ലിലും കഠിനാധ്വാനത്തിലൂടെ കഴിവു തെളിയിച്ചയാളാണ് 35 വയസ്സുകാരനായ പാർഥിവ്. 2008, 2016, 2018 വർഷങ്ങളിലും പാർഥിവ് പട്ടേൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയായ പാർഥിവ് 2018ൽ ജോഹനാസ്ബെർഗിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യയ്ക്കായി ഒടുവിൽ കളിക്കാനിറങ്ങിയത്. 25 ടെസ്റ്റ്, 38 ഏകദിനം, രണ്ട് ട്വന്റി20 മത്സരങ്ങളാണു താരം ഇതുവരെ കളിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡെക്കാന്‍ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, മുംബൈ ഇന്ത്യൻസ്, റോയൽസ് ചാലഞ്ചേഴ്സ് ബാംഗ്ലൂർ, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

English Summary: It will be wrong if ‘MS Dhoni’s era’ is blamed for my short India career: Parthiv Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com