ADVERTISEMENT

ന്യൂഡല്‍ഹി∙ 2007ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിൽ വഴിത്തിരിവായിരുന്നു. എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങിയ യുവ ഇന്ത്യൻ ടീം ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയാണു കിരീടം ചൂടിയത്. സീനിയർ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർ ഇല്ലാതെയാണ് ഇന്ത്യ ലോകകപ്പ് കളിച്ചത്. മൂന്ന് താരങ്ങളും ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്ക് എത്തിയിരുന്നു. എന്നാൽ യുവതാരങ്ങളുമായി ടീമിനെ ഇറക്കാൻ പിന്നീടു തീരുമാനിക്കുകയായിരുന്നു. രോഹിത് ശർമ, റോബിൻ ഉത്തപ്പ, യൂസഫ് പഠാൻ, ജോഗിന്ദർ ശർമ തുടങ്ങിയ യുവതാരങ്ങൾക്കു ടീമില്‍ അവസരം ലഭിച്ചു.

2007 ട്വന്റി20 ലോകകപ്പില്‍ കളിക്കരുതെന്ന് രാഹുൽ ദ്രാവിഡ് സച്ചിനോടും ഗാംഗുലിയോടും പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് ടീം മാനേജറായിരുന്ന ലാ‍ൽചന്ദ് രാജ്പുത്. സച്ചിനും ഗാംഗുലിയും കളിക്കരുതെന്ന് ദ്രാവിഡ് പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ കളിക്കുമ്പോള്‍ രാഹുൽ ദ്രാവിഡായിരുന്നു ടീം ക്യാപ്റ്റൻ. ചില താരങ്ങൾ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബെർഗിലേക്ക് ഇംഗ്ലണ്ടിൽനിന്നു നേരിട്ടു വരികയാണു ചെയ്തത്. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി മാറി നിൽക്കാമെന്നു മൂന്നു താരങ്ങളും പറഞ്ഞു.

എന്നാൽ ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ‘ഞങ്ങൾ ഇനിയെന്ന് ലോകകപ്പ് ജയിക്കാനാണ്’ എന്ന് അവർ സങ്കടപ്പെട്ടിരിക്കാമെന്നും  ലാ‍ൽചന്ദ് രാജ്പുത് പറഞ്ഞു. ഏറെ വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ലെന്ന് സച്ചിൻ എന്നോട് എപ്പോഴും പറയുമായിരുന്നു. എന്നാല്‍ അവസാനം 2011 ൽ സച്ചിൻ ലോകകപ്പ് നേടി. സമ്മർദത്തിൽ ആകരുതെന്നതായിരുന്നു ആ സമയത്ത് ടീമിന്റെ പ്രതിജ്ഞ. ഡ്രസിങ് റൂമിൽ പോസിറ്റീവ് ആയ ഒരു അന്തരീക്ഷമുണ്ടാക്കാൻ ഇതു സഹായിച്ചു. 2007 ലോകകപ്പ് ടീമിന്റെ മാനേജർ ഞാനായിരുന്നു. യുവാക്കളുടെ ഒരു സംഘമാണു കളിക്കാനിറങ്ങുന്നത്, അതുകൊണ്ടുള്ള വെല്ലുവിളി ഏറെയാണ്.

കുറച്ച് അനുഭവ സമ്പത്തുള്ള താരങ്ങൾ ടീമിലുണ്ടായിരുന്നു. പക്ഷേ യഥാർഥ ‘സീനിയേഴ്സ്’ ടീമിനൊപ്പം കളിക്കാനുണ്ടായിരുന്നില്ല. ആദ്യമായി പരിശീലകനാകുന്നതിനാൽ എനിക്ക് ലോകകപ്പ് കൃത്യമായ അവസരമായിരുന്നു. ആദ്യമായി ടീം ക്യാപ്റ്റൻ ആകുന്നതിനാൽ ധോണിക്കും അത് അവസരമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ നന്നായി പരിശ്രമിച്ചു. ഒരു ടീമെന്ന നിലയിൽ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. ‘ടെന്‍ഷൻ ആകരുത്, പകരം ടെൻഷൻ നൽകുക’ എന്നതായിരുന്നു ടീമിന്റെ പ്രതിജ്ഞ. മറ്റുള്ളവർ പറയുന്നതിനു മുഖം കൊടുക്കാതെ ടീം ഇന്ത്യയുടെ കരുത്തിൽ വിശ്വസിക്കാനായിരുന്നു ധോണിക്ക് ഇഷ്ടം.

ട്വന്റി20 ലോകകപ്പ് ജയിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം തന്നെ മാറി. ഞങ്ങൾ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പ് പരിശീലനത്തിനായി ഇന്ത്യയ്ക്ക് ആവശ്യത്തിന് സമയമൊന്നും ലഭിച്ചിരുന്നില്ല. ഞങ്ങൾ ഒരു രാജ്യാന്തര ട്വന്റി20 മത്സരം മാത്രമാണു അതിനു മുൻപ് കളിച്ചിരുന്നത്. എന്നാൽ മറ്റുള്ള ടീമുകൾ അങ്ങനെയല്ലായിരുന്നു. ഞങ്ങൾ നന്നായി തയാറെടുത്തിരുന്നില്ല, എന്നാൽ കപ്പിനായുള്ള ‘വിശപ്പ്’ ഉണ്ടായിരുന്നു. മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം പിടിക്കുകയായിരുന്നു യുവതാരങ്ങളുടെയെല്ലാം ശ്രമം. ചില താരങ്ങളുടെ ലക്ഷ്യം ടീമിലേക്കുള്ള തിരിച്ചുവരവായിരുന്നെന്നും ലാ‍ൽചന്ദ് രാജ്പുത് വ്യക്തമാക്കി.

English Summary: Rahul Dravid asked Sachin Tendulkar, Sourav Ganguly to not play 2007 T20 World Cup: Lalchand Rajput

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com