ADVERTISEMENT

ന്യൂഡൽഹി∙ വൻ പകർച്ചവ്യാധിയായേക്കാവുന്ന പുതിയ തരം എച്ച്1എൻ1 ചൈനയിൽ പടരുന്നതായുള്ള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ചൈനയിൽനിന്ന് ഉദ്ഭവിച്ച കോവിഡ് 19 സൃഷ്ടിച്ച കെടുതികളിൽനിന്ന് മോചനം നേടാൻ ലോകം ഇപ്പോഴും ബുദ്ധിമുട്ടുമ്പോഴാണ് അവർ പുതിയ വൈറസുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. പുതിയ വൈറസ് പടരുന്ന കാര്യം റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള വാർത്താ ഏജൻസിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഹർഭജന്റെ വിമർശനം.

‘കോവിഡ് 19 സൃഷ്ടിച്ച കെടുതികളിൽനിന്ന് രക്ഷപ്പെടാൻ ലോകം പോരാട്ടം തുടരുന്നതിനിടെ അവരിതാ, നമുക്കായി പുതിയ വൈറസ് തയാറാക്കിയിരിക്കുന്നു’ – ഹർഭജൻ കുറിച്ചു. നേരത്തെ, ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചതിനു പിന്നാലെ, ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യവുമായി ഹർഭജൻ രംഗത്തെത്തിയിരുന്നു.

വൻ പകർച്ചവ്യാധിയായേക്കാവുന്ന പുതിയ തരം വൈറസ് പടരുന്നതായി യുഎസ് ജേണൽ പിഎൻഎഎസാണ് റിപ്പോർട്ട് ചെയ്തത്. 2009 ലുണ്ടായ എച്ച്1എൻ1 ന്റെ വകഭേദത്തിന് ജി–4 എന്നാണു പേരിട്ടിരിക്കുന്നത്. മനുഷ്യനിലേക്ക് എളുപ്പം പകരാവുന്നവയാണിതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

2011 –18 ൽ ചൈനയിലെ വിവിധ ഇടങ്ങളിൽ പന്നികളിൽനിന്നു സ്രവം ശേഖരിച്ചു നടത്തിയ പരിശോധനയിൽ 178 ഇനം വൈറസുകളെ കണ്ടെത്തി. സാധാരണമായി ശരീരം പ്രതിരോധിക്കുന്നവയല്ല ഇവ. വൈറസ് മനുഷ്യരിലെത്തിയിട്ടുണ്ടാകാമെന്നും പന്നികളുമായി ഇടപെടുന്നവരെ ഉടൻ പരിശോധിക്കണമെന്നും ജേണൽ ആവശ്യപ്പെടുന്നു.

English Summary: Harbhajan Singh Hits Out at China over News of New Potential Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com