ADVERTISEMENT

ചെന്നൈ∙ കോവിഡ് വ്യാപനത്തെ തുടർന്ന് ലോകം ലോക്ഡൗണിൽ കുരുങ്ങിയപ്പോൾ വിരസത മാറ്റാൻ ടിക്ടോക്കിൽ അഭയം തേടിയ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ഇന്ത്യൻ സിനിമാ ഡയലോഗുകൾക്ക് ചുണ്ടു ചലിപ്പിച്ചും ഗാനങ്ങൾക്ക് ചുവടുവച്ചും വാർണറും കുടുംബവും ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ ഒട്ടനവധിയാണ്. ടിക്ടോക്കിൽ ബാഹുബലിയായുള്ള വാർണറിന്റെ അവതാരവും ശ്രദ്ധേയമായി. വാർണറിന്റെ ‘അഭിനയം’ ഇഷ്ടപ്പെട്ട് സിനിമയിൽ അതിഥി വേഷം ചെയ്യാൻ പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥ് ക്ഷണിച്ചതും വാർത്തയായി.

ഇതിനിടെയാണ് ഇന്ത്യ–ചൈന അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ബന്ധമുള്ള 59 മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. ഈ ആപ്പുകളുടെ കൂട്ടത്തിൽ ടിക്ടോക്കുമുണ്ടായിരുന്നു. ട്വിറ്ററിൽ ഉൾപ്പെടെ സജീവമായ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ അവസരം പഴാക്കിയില്ല; ടിക്ടോക്ക് വിഡിയോകളിലൂടെ ഇന്ത്യയിൽ വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ വാർണറിനെ ‘ട്രോളി’ അശ്വിൻ ട്വീറ്റ് ചെയ്തു. ടിക്ടോക്ക് ഉൾപ്പെടെ നിരോധിച്ച വാർത്ത റീട്വീറ്റ് ചെയ്ത് രജനീകാന്ത് ചിത്രം ബാഷയിലെ പ്രശസ്തമായ ഡയലോഗും അശ്വിൻ ക്യാപ്ഷനായി കുറിച്ചു. ‘അപ്പോ അൻവർ’ എന്ന രജനീകാന്ത് ഡയലോഗായിരുന്നു ക്യാപ്ഷൻ. വാർണറിനെ ടാഗ് ചെയത്, ‘ഇനിയെന്തു ചെയ്യും’ എന്നു തന്നെ ചോദ്യം.

എന്നാൽ, ഇന്ത്യയിൽ ടിക്ടോക്ക് നിരോധിച്ചതിന്റെ ‘വേദന’യിൽ ഇരിക്കുന്ന വാർണറിനെ ‘ട്രോളി’യ അശ്വിന്റെ നീക്കം ആരാധകരിൽ ഒരാൾക്ക് അത്ര ദഹിച്ചില്ല. അശ്വിൻ ഇത്തരമൊരു ട്വീറ്റ് ചെയ്യാൻ കാരണം ‘വളർത്തു ദോഷ’മാണെന്നായിരുന്നു ആരാധകന്റെ കണ്ടെത്തൽ. ആരാധകന്റെ വിമർശനത്തോട് സഹിഷ്ണുതയോടെ പ്രതികരിച്ച അശ്വിൻ, അതിനു താഴെ മറുപടിയും കുറിച്ചു.

‘തമിഴിൽ തമാശരൂപേണയുള്ള ഒരു പ്രയോഗമാണിത്. ഭാഷയും സാഹചര്യവും മനസ്സിലാക്കിയില്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയേറെ. ഡേവിഡ് വാർണറിന്റെ ആരാധകനെന്ന നിലയിൽ താങ്കളുടെ പ്രതികരണത്തെ അഭിനന്ദിക്കുന്നു. വാർണറിനോടുള്ള എന്റെ ബഹുമാനത്തിന് യാതൊരു ഉലച്ചിലും സംഭവിച്ചിട്ടില്ല’ – അശ്വിൻ കുറിച്ചു.

English Summary: Ashwin gives clarification for his tweet over David Warner after TikTok ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com