ADVERTISEMENT

കൊളംബോ∙ ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പ് ഫൈനൽ ഒത്തുകളിയാണോ എന്നന്വേഷിക്കുന്ന ശ്രീലങ്കൻ പൊലീസ് സംഘം മുൻ ശ്രീലങ്കൻ താരവും ചീഫ് സിലക്ടറുമായിരുന്ന അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തു. ഒത്തുകളി വിവാദത്തിൽ ശ്രീലങ്കൻ പൊലീസ് അന്വേഷണം ആരംഭിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് അന്ന് ചീഫ് സിലക്ടറായിരുന്ന അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തുവെന്ന വെളിപ്പെടുത്തൽ. അന്വേഷണ സംഘം ആറു മണിക്കൂറോളം ഡിസിൽവയെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഫൈനലിൽ കളിച്ച ശ്രീലങ്കൻ ടീമിൽ അംഗമായിരുന്ന ഇടംകയ്യൻ ഓപ്പണർ ഉപുൽ തരംഗയെയാണ് അന്വേഷണ സംഘം അടുത്തതായി ചോദ്യം ചെയ്യുക.

അനായാസം ജയിക്കേണ്ട ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് ‘വിൽക്കുകയായിരുന്നുവെന്ന്’ ലോകകപ്പ് സമയത്ത് ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയാണ് ആരോപണമുയർത്തിയത്. 1996ൽ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ അർജുന രണതുംഗ ഉൾപ്പെടെ പലരും സമാനമായ ആരോപണം ഉന്നയിക്കുകയും മഹിന്ദാനന്ദ അലുത്ഗമഗെ തന്നെ പലതവണ ആരോപണം ആവർത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശ്രീലങ്കൻ കായികമന്ത്രി ദലസ് അലഹപ്പെരുമ അന്വേഷണത്തിന് ഉത്തരവിട്ടത്. നിലവിലെ കേസിന് നിദാനമായ ആരോപണം ഉയർത്തിയ, നിലവിൽ ശ്രീലങ്കൻ ഊർജമന്ത്രി കൂടിയായ മഹിന്ദാനന്ദ അലുത്ഗമഗെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

കായികമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെ.എ.ഡി.എസ്. റുവാൻചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. രണ്ട് ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഇന്ത്യ–ശ്രീലങ്ക കലാശപ്പോരാട്ടം നടക്കുമ്പോൾ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്നു കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം ഉന്നയിച്ച അലുത്ഗമഗെ. വാങ്കഡെയിലെ കലാശപ്പോരാട്ടത്തിന് സാക്ഷികളാകാൻ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്ഷെയ്‌ക്കൊപ്പം അലുത്ഗമഗെയ്ക്കും ക്ഷണമുണ്ടായിരുന്നു. ഏതെങ്കിലും കളിക്കാർ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില ‘ഗ്രൂപ്പു’കൾ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ 275 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ എം.എസ്.ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്.

‘2011ലെ ലോകകപ്പ് ഫൈനൽ ഒത്തുകളിയായിരുന്നു. ഏറ്റവും ഉത്തരവാദിത്തത്തോടെ തന്നെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. ഇതേക്കുറിച്ച് ചർച്ചയുണ്ടാകണം. ഒത്തുകളിച്ചെന്ന് പറഞ്ഞ് ഏതെങ്കിലും കളിക്കാരെ ഞാൻ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകൾ ഫൈനൽ മത്സരം ഒത്തുകളിക്കുന്നതിന് ചരടുവലിച്ചിട്ടുണ്ടെന്ന് തീർച്ച’ – മന്ത്രി പറഞ്ഞു.

‘ഈ പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ കായികമന്ത്രിയായിരുന്ന സമയത്താണ് ലോകകപ്പ് ഫൈനൽ നടന്നത്. രാജ്യത്തിന്റെ നന്മയെ കരുതി തൽക്കാലം വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. 2011ൽ ഇന്ത്യയ്‌ക്കെതിരെ നടന്ന ഫൈനൽ മത്സരം നമുക്കു ജയിക്കാമായിരുന്നു. പക്ഷേ, ഒത്തുകളിച്ച് തോറ്റു’ – മന്ത്രി പറഞ്ഞു.

ഇന്ത്യ–ശ്രീലങ്ക ഫൈനൽ മത്സരം ഒത്തുകളിയായിരുന്നുവെന്ന് ആരോപണം ഉയരുന്നത് ഇതാദ്യമല്ല. ഈ മത്സരം ഒത്തുകളിയായിരുന്നുവെന്ന ആരോപണം ആദ്യമുയർത്തിയവരിൽ ഒരാൾ മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയാണ്. ഫൈനൽ നടക്കുമ്പോൾ കമന്റേറ്ററെന്ന നിലയിൽ വാംഘഡെ സ്റ്റേഡിയത്തിൽ സന്നിഹിതനായിരുന്നു രണതുംഗ. അന്ന് ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2011 ലോകകപ്പ് ഫൈനൽ ഒത്തുകളിച്ചു തോറ്റതാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അന്ന് ക്യാപ്റ്റനായിരുന്ന കുമാർ സംഗക്കാരയും ഫൈനലിൽ സെഞ്ചുറി നേടിയ മഹേള ജയർവർധനെയും രംഗത്തെത്തിയിരുന്നു.

English Summary: Sri Lanka police questions Aravinda De Silva on World Cup 2011 final fixing allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com