ADVERTISEMENT

റാഞ്ചി∙ 39–ാം ജന്മദിനം ആഘോഷിക്കുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിക്ക് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ആശംസാപ്രവാഹം. ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിന് തണൽവിരിച്ച മഹേന്ദ്രസിങ് ധോണിയെന്ന വൻമരത്തിന് ജന്മദിനാശംസ നേർന്നവരിൽ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഉൾപ്പെടെയുള്ളവരുണ്ട്. ഇതിനിടെ, റാഞ്ചിയിലെ വീട്ടിലുള്ള ധോണിയെ നേരിട്ട് ആശംസ അറിയിക്കാൻ ഇന്ത്യൻ താരങ്ങളും സഹോദരങ്ങളുമായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയുമെത്തി. ഹാർദിക്കിന്റെ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാൻകോവിച്ചും ഇവർക്കൊപ്പമുണ്ട്.

കോവിഡ് വ്യാപനവും അനന്തരഫലമായ ലോക്ഡൗണും നിമിത്തം വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നതിനാൽ, സ്വദേശമായ ബറോഡയിൽനിന്ന് ധോണിയുടെ നാടായ റാ‍ഞ്ചിയിലേക്ക് ചാർട്ടേഡ് വിമാനം ഏർപ്പാടാക്കിയാണ് ഇവർ എത്തിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മഹേന്ദ്രസിങ് ധോണിയുമായി ഏറെ അടുപ്പം പുലർത്തുന്ന താരമായ ഹാർദിക് പുലർച്ചെ തന്നെ ട്വിറ്ററിലൂടെ ധോണിക്ക് ആശംസ നേർന്നിരുന്നു. നല്ലൊരു മനുഷ്യനാകാൻ തന്നെ പഠിപ്പിച്ച വ്യക്തിയാണ് ധോണിയെന്ന് ഹാർദിക് ആശംസാ സന്ദേശത്തിൽ കുറിച്ചു. മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ ഒപ്പം നിന്നയാളാണ് ധോണിയെന്നും ഹാർദിക്കിന്റെ കുറിപ്പിലുണ്ട്.

ഇതിനു പിന്നാലെയാണ് സഹോദരൻ ക്രുനാൽ പാണ്ഡ്യയ്‌ക്കും ഭാര്യ നടാഷയ്ക്കുമൊപ്പം ധോണിക്ക് നേരിട്ട് ആശംസ നേരാൻ ചാർട്ടേഡ് വിമാനത്തിൽ റാഞ്ചിയിലേക്കുള്ള യാത്ര.

‘തുടക്കം മുതൽ ധോണിയെ മാതൃകയാക്കുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. അദ്ദേഹവുമായി പാണ്ഡ്യയ്ക്ക് അഭേദ്യമായ ബന്ധവുമുണ്ട്. കോവിഡ് വ്യാപനം നിമിത്തം വിമാനയാത്രകൾക്ക് നിയന്ത്രണമുള്ളതിനാൽ, ചാർട്ടേഡ് ഫ്ലൈറ്റിലാണ് റാഞ്ചിയിലേക്കുള്ള യാത്ര’ – ബിസിസിഐ പ്രതിനിധി പിടിഐയോട് വെളിപ്പെടുത്തി.

വിമാനത്താവളത്തിലെത്തിയ ഇവർക്ക് ആരാധകർ വൻ വരവേൽപ്പ് നൽകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിനു പുറത്ത് ധോണിയുടെ വീട്ടിലേക്ക് പോകാനായി മൂവർസംഘം കാറിൽ കയറുന്ന വിഡിയോയാണ് പുറത്തുവന്നത്. താരങ്ങളെ കാണാൻ ഒട്ടേറെ ആരാധകർ വിമാനത്താളവത്തിനു പുറത്തു തടിച്ചുകൂടുന്നതും വിഡിയോയിലുണ്ട്.

English Summary: Pandya brothers, Hardik and Krunal, are on a charter flight from Baroda to Ranchi to wish Dhoni in person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com