ADVERTISEMENT

കൊച്ചി∙ ഇപ്പോഴത്തെ താരങ്ങളുടെ സാധ്യതകളെല്ലാം പരിശോധിച്ച് ഏറ്റവും മികച്ച ഒരു ഇന്ത്യൻ ട്വന്റി20 ടീമിനെ തിരഞ്ഞെടുത്താലോ? ഈ ചോദ്യത്തിന് ഉത്തരമായി മലയാളി താരം എസ്. ശ്രീശാന്ത് തിരഞ്ഞെടുത്ത ടീമിന്റെ നായകൻ വിരാട് കോലിയല്ല! യഥാർഥത്തിൽ ഇന്ത്യൻ ടീമിന്റെ നായകൻ കോലിയാണെങ്കിലും ശ്രീശാന്ത് തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിനെ നയിക്കുന്നത് രോഹിത് ശർമ. ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇന്ത്യൻ ട്വന്റി20 ടീമിനെ തിരഞ്ഞെടുത്തത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ച വിലക്കിന്റെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ, പേസ് ബോളർമാരുടെ വിഭാഗത്തിൽ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം സ്വന്തം പേരു ചേർക്കാനും ശ്രീശാന്ത് മറന്നില്ല.

‘എല്ലാ ഫോർമാറ്റിനും ഒരു ടീമാണ് നല്ലതെന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇന്ത്യൻ ക്രിക്കറ്റിൽ സുരേഷ് റെയ്ന കുറച്ചുകൂടി അംഗീകാരം അർഹിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. വിരാട് കോലിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ഞാൻ തിരഞ്ഞെടുക്കുന്ന ട്വന്റി20 ടീമിന്റെ നായകൻ രോഹിത് ശർമയാണ്. കോലിക്ക് ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനം ഉണ്ടല്ലോ’ – ടീം തിരഞ്ഞെടുത്തുകൊണ്ട് ശ്രീശാന്ത് പ്രതികരിച്ചു.

ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയ്ക്കൊപ്പം ശിഖർ ധവാനാണ് ശ്രീശാന്തിന്റെ ടീമിലെ ഓപ്പണർ. വൺഡൗണായി സാക്ഷാൽ വിരാട് കോലിയെത്തും. സുരേഷ് റെയ്നയുടെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിച്ച ശ്രീശാന്ത്, ഏറെക്കാലമായി ടീമിന് തലവേദനയായ നാലാം നമ്പർ സ്ലോട്ട് റെയ്നക്കു നൽകി. ഏകദിന ലോകകപ്പിനുശേഷം അഞ്ചാം നമ്പറിൽ ശ്രദ്ധേയ പ്രകടനങ്ങളുമായി കളംപിടിക്കുന്ന കെ.എൽ. രാഹുലാണ് ശ്രീയുടെ ടീമിലെ അഞ്ചാമൻ.

വിക്കറ്റ് കീപ്പറിന്റെ വേഷത്തിൽ മഹേന്ദ്രസിങ് ധോണിയെയാണ് ശ്രീശാന്ത് തിരഞ്ഞെടുത്തത്. രാഹുലിനു പിന്നിൽ ആറാമനായി ബാറ്റിങ്ങിനെത്തുന്നതും ധോണി തന്നെ. ഓള്‍റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഏഴും എട്ടും സ്ഥാനങ്ങളിൽ ബാറ്റിങ്ങിനെത്തും. കുൽദീപ് യാദവാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നർ. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം പേസ് ബോളിങ്ങിന്റെ കുന്തമുനയായി ശ്രീശാന്ത് തിരഞ്ഞെടുത്തത് സ്വന്തം പേര്!

ശ്രീശാന്തിന്റെ സമ്പൂർണ ടീം ഇതാ:

രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, സുരേഷ് റെയ്ന, കെ.എൽ. രാഹുൽ, മഹേന്ദ്രസിങ് ധോണി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ശ്രീശാന്ത്

English Summary: Sreesanth Sees Rohit Sharma as Captain in T20Is Instead of Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com