ADVERTISEMENT

മുംബൈ∙ ഫിറ്റ്നസിന്റെ കാര്യത്തിൽ ക്രിക്കറ്റ് ലോകത്തുതന്നെ സമാനതകൾ അധികമില്ലാത്ത താരമാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ അസാമാന്യ വിജയത്തിനു പിന്നിൽ ശരീരക്ഷമത നിലനിർത്തുന്നതിൽ താരം പുലർത്തുന്ന ശ്രദ്ധയും പങ്കുവഹിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യം. ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ വിരാട് കോലിക്കു മുന്നിൽ ‘കഴിവു തെളിയിക്കാനുള്ള’ ഒരു വെല്ലുവിളിയുമായി ഇതാ ഒരു അപ്രതീക്ഷിത താരം. ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർതാരം സുനിൽ ഛേത്രിയാണ് വിരാട് കോലിക്കു മുന്നിൽ രസകരമായൊരു ഫിറ്റ്നസ് ചാലഞ്ച് ഉയർത്തിയിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ സഹതാരമായ ഹാർദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പങ്കുവച്ച ട്രെയ്നിങ് വിഡിയോയ്ക്ക് മറുപടിയായി കോലി പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധ നേടിയിരുന്നു. ഹാർദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തത് ‘ഫ്ലൈ പുഷ് അപ്പി’ന്റെ വിഡിയോയാണെങ്കിൽ, പുഷ് അപ്പിനിടെ കൈ കൊട്ടുന്നതു കൂടി ചേർത്താണ് കോലി പുതിയ ചാലഞ്ച് ഉയർത്തിയത്. ഉയർന്നുചാടിയുള്ള പുഷ് അപ്പിനിടെയായിരുന്നു കോലിയുടെ കൈകൊട്ട്. ഇതോടെ ഒരു പടികൂടി കടന്ന ഹാർദിക്, ഫ്ലൈ പുഷ് അപ്പിനിടെ പിന്നിൽ കൈകൊട്ടുന്ന വിഡിയോ പോസ്റ്റ് ചെയ്തു. കോലിക്കു പുറമെ പിന്നിൽ കൈകൊട്ടിയുള്ള ഫ്ലൈ പുഷ് അപ്പ് ചാലഞ്ച് ഏറ്റെടുക്കാൻ ഇന്ത്യൻ താരം കൂടിയായ ക്രുനാൽ പാണ്ഡ്യ, അടുത്ത സുഹൃത്തായ മറ്റൊരു സഹതാരം കെ.എൽ. രാഹുൽ എന്നിവരെയും വെല്ലുവിളിക്കുകയും ചെയ്തു. ഈ വിഡിയോയിലെ ഹാർദിക്കിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കോലിയും കമന്റിട്ടിരുന്നു.

ഈ സംഭവവികാസങ്ങളുടെ തുടർച്ചയായാണ് വ്യത്യസ്തമായ ഫിറ്റ്നസ് ചാലഞ്ചുമായി സുനിൽ ഛേത്രിയുടെ രംഗപ്രവേശം. കാൽക്കലും തലയ്ക്കലും വച്ചിരിക്കുന്ന രണ്ട് ജിം ബോളുകളിൽ ശരീരം ബാലൻസ് ചെയ്താണ് ഛേത്രിയുടെ ചാലഞ്ച്. ഇതുവരെ ചെയ്ത ചാലഞ്ച് പോലെയല്ല, ഇത് അൽപം ബുദ്ധിമുട്ടേറിയതാണ് എന്ന മുന്നറിയിപ്പും ഛേത്രി ചാലഞ്ചിനൊപ്പം ചേർത്തിട്ടുണ്ട്.

‘ചാംപ്യൻ വിരാട് കോലി, ഈ വേദിയിൽ തങ്കൾ ഒരു ചാലഞ്ച് ഉയർത്തിയതായി കഴിഞ്ഞ ദിവസം കണ്ടു. നിങ്ങൾക്കൊപ്പം ഞാനും കൂടുന്നു. ഈ ചാലഞ്ച് ഏറ്റെടുത്ത് താങ്കളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കൂ. ഇതിലെങ്കിലും താങ്കൾ കയ്യടി കൂടി ചേർക്കില്ലെന്ന് കരുതുന്നു. ഇതു കാണുന്നതുപോലെ അത്ര എളുപ്പമല്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു’ – ചാലഞ്ചിന്റെ വിഡിയോ സഹിതം ഛേത്രി കുറിച്ചു. ചാലഞ്ച് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച കോലി, ഇത്തരം സ്വിസ് ബോളുകൾ എവിടെ കിട്ടുമെന്ന് മറുപടിയും കുറിച്ചു. വിഡിയോ കാണാം:

English Summary: Sunil Chhetri throws a workout challenge at Virat Kohli; the Indian skipper responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com