ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചെങ്കിലും ഒരുതവണ പോലും കിരീടം ചൂടാനാകാതെ പോയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ആദ്യ സീസണിൽ ഏറെ പ്രതീക്ഷയോടെ ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ കൊൽക്കത്ത ആറാം സ്ഥാനത്താണ് എത്തിയത്. ഇതോടെ ടീം മാനേജ്മെന്റും ഗാംഗുലിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് അന്ന് കൊൽക്കത്ത പരിശീലകനായിരുന്ന ജോൺ ബുക്കാനൻ ടീമിൽ ക്യാപ്റ്റൻമാരെ മാറിമാറി പരീക്ഷിക്കുന്ന രീതി അവതരിപ്പിച്ചത്. ഈ പരീക്ഷണം പാളിയതോടെ രണ്ടാം സീസണിനു പിന്നാലെ ബുക്കാനൻ പുറത്തായി. ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവന്നെങ്കിലും മൂന്നാം സീസണിലും ആദ്യ നാലിലെത്താനായില്ല.

പിന്നീട് 2011ൽ ഗാംഗുലിയിൽനിന്ന് നായകസ്ഥാനം ഏറ്റെടുത്ത ഗൗതം ഗംഭീറിനു കീഴിൽ കൊൽക്കത്ത രണ്ടു തവണ കിരീടം ചൂടി. 2012, 2014 വർഷങ്ങളിലാണ് ഗംഭീറിനു കീഴിൽ കൊൽക്കത്ത ഐപിഎൽ കിരീടം ഉയർത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയൊരു മുഖവും ഭാവവും നൽകിയ ക്യാപ്റ്റനായിട്ടും ഐപിഎല്ലിൽ സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന് വിജയിക്കാനാകാതെ പോയത് എന്തുകൊണ്ടാണ്?

ഈ ചോദ്യത്തോട് ഇതാദ്യമായി പ്രതികരിക്കുകയാണ് നിലവിൽ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. ടീമിന്റെ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടസ്ഥനായ ഷാരൂഖ് ഖാനോട് സമ്പൂർണ അധികാരം ചോദിച്ചെങ്കിലും തന്നില്ലെന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

‘ഒരു അഭിമുഖത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനോട് ടീം ഉടമ ഷാരൂഖ് ഖാൻ ‘ഇതു താങ്കളുടെ ടീമാണ്, ഞാൻ ഒരു ഇടപെടലിനുമില്ലെ’ന്ന് പറഞ്ഞതായി അദ്ദേഹം പറയുന്നതുകേട്ടു. സത്യത്തിൽ ഐപിഎൽ ക്യാപ്റ്റനെന്ന നിലയിൽ ആദ്യ വർഷം ഞാൻ അദ്ദേഹത്തോടു ചോദിച്ചതും സമാനമായ സ്വാതന്ത്രമാണ്. ഈ ടീമിനെ എന്നെ ഏൽപ്പിക്കൂ എന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ, അത് സംഭവിച്ചില്ല’ – ഗാംഗുലി വെളിപ്പെടുത്തി.

‘ടീമംഗങ്ങളെ പൂർണമായി ഏൽപ്പിച്ചു കൊടുത്ത ടീമുകളാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളെന്ന് കാണാം. ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യം നോക്കൂ. എം.എസ്. ധോണിയാണ് ആ ടീമിന്റെ സമ്പൂർണ ഉത്തരവാദി. മുംബൈ ഇന്ത്യൻസിലായാലും ഏതൊക്കെ കളിക്കാരെയാണ് ടീമിലെടുക്കേണ്ടതെന്ന കാര്യത്തിൽ രോഹിത് ശർമയുടെ മേൽ മറ്റാരെങ്കിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് തോന്നുന്നില്ല’ – ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ചിന്താരീതിയിലായിരുന്നു അന്നത്തെ പ്രശ്നങ്ങളെല്ലാം. കൊൽക്കത്തയ്ക്ക് നാലു ക്യാപ്റ്റൻമാരെ വേണമെന്നായിരുന്നു അന്നത്തെ കോച്ചിന്റെ (ബുക്കാനന്റെ) ചിന്ത. അത് തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടായിരുന്നു. ‘എനിക്ക് നാലു ക്യാപ്റ്റൻമാർ വേണം, അങ്ങനെയെങ്കിൽ ടീമിനെ എന്റെ വഴിയേ നയിക്കാം’ എന്ന് അദ്ദേഹം കരുതി’– ഗാംഗുലി പറഞ്ഞു.

‘ആദ്യ സീസണിന്റെ അവസാനത്തോടെയാണ് കോച്ചുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിക്കുന്നത്. ഞാനായിരുന്നില്ല പ്രശ്നം. ഒരു ക്യാപ്റ്റനുമായി മുന്നോട്ടുപോകുന്ന ടീമിന്റെ സംവിധാനമായിരുന്നു അദ്ദേഹത്തിന് പ്രശ്നം. അങ്ങനെ കൊൽക്കത്ത ടീമിൽ ബ്രണ്ടൻ മക്കല്ലം ക്യാപ്റ്റനായി, അടുത്തയാൾ ക്യാപ്റ്റനായി, ബോളിങ്ങിന് ഒരു ക്യാപ്റ്റൻ വന്നു, പിന്നെ എന്തിനൊക്കെയാണ് ക്യാപ്റ്റൻ വന്നതെന്ന് എനിക്ക് തന്നെ അറിയില്ല’ – ഗാംഗുലി പറ‍ഞ്ഞു.

കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ ക്യാപ്റ്റനെന്ന നിലയിൽ തനിക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകിയതായി കഴിഞ്ഞ മാസം ഒരു ചാറ്റ് ഷോയിലാണ് ഗംഭീർ വെളിപ്പെടുത്തിയത്. ‘ഇത് നിങ്ങളുടെ ടീമാണ്. ഇതിനെ രൂപപ്പെടുത്തുകയോ ഉടച്ചുവാർക്കുകയോ ചെയ്യുക. ഞാൻ ഇടപെടാൻ വരില്ലെന്നായിരുന്നു ഷാരൂഖിന്റെ വാക്കുകൾ. ഈ ടീം വിടുന്നതിനു മുൻപ്, അത് മൂന്നു വർഷം കഴിഞ്ഞായാലും ആറു വർഷം കഴിഞ്ഞായാലും, കൂടുതൽ മികച്ച നിലയിലെത്തിക്കുമെന്ന് ഞാനും വാക്കുകൊടുത്തു’ – ഗംഭീർ പറഞ്ഞു. മൂന്നു സീസണുകൾക്കുശേഷം കൊൽക്കത്ത ടീം വിട്ട ഗാംഗുലി പിന്നീട് പുണെ വാരിയേഴ്സിന്റെ നായകനായി. 2012ൽ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ ഡൽഹി ക്യാപിറ്റിൽസിന്റെ മെന്ററാണ്.

English Summary: Sourav Ganguly reveals what went wrong at Kolkata Knight Riders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com