അച്ഛന് കറുപ്പു കൂടിയതിന് വീട്ടുകാർ അമ്മയോട് മിണ്ടിയില്ല: കണ്ണീരോടെ ഹോൾഡിങ്

holding-in-tears
വംശീയാധിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണീർ തുടയ്ക്കുന്ന വെസ്റ്റിൻഡീസ് ഇതിഹാസ താരം മൈക്കൽ ഹോൾഡർ.
SHARE

ലണ്ടൻ∙ വർണവിവേചനത്തിന്റെ പേരിൽ മാതാപിതാക്കൾ അനുഭവിച്ച വിഷമതകൾ വിവരിക്കുമ്പോൾ കണ്ണീരണിഞ്ഞ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി വർണവിവേചത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മാതാപിതാക്കൾ നേരിട്ട അവഗണനയോർത്ത് ഹോൾഡിങ് കണ്ണീരണിഞ്ഞത്. അച്ഛന് കറുപ്പു കൂടിപ്പോയതിന്റെ പേരിൽ അമ്മയോട് വീട്ടുകാർ മിണ്ടാതിരുന്നതായും ഹോൾഡിങ് വെളിപ്പടുത്തി. സ്കൈ ന്യൂസ് റിപ്പോർട്ടർ മാർക് ഓസ്റ്റിനുമായുള്ള അഭിമുഖത്തിലാണ് വികാരനിർഭരമായ രംഗങ്ങൾ ഉടലെടുത്തത്.

നിറത്തിന്റെ പേരിൽ തന്റെ മാതാപിതാക്കൾ അനുഭവിച്ച യാതനകളെ കണ്ണീരോടെയല്ലാതെ ഓർമിക്കാനാകില്ലെന്ന് ഹോൾഡിങ് പറഞ്ഞു. ടെലിവിഷനിൽ എല്ലാവർക്കും മുന്നിൽ വികാരഭരിതനായത് മാതാപിതാക്കളുടെ ഓർമയിലാണെന്ന് ഹോൾഡിങ് വെളിപ്പെടുത്തി. ആ നിമിഷം മനസ്സിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ച് ചോദിച്ചപ്പോൾ ഹോൾഡിങ്ങിന്റെ മറുപടി ഇങ്ങനെ:

‘സത്യസന്ധമായി പറഞ്ഞാൽ, എന്റെ മാതാപിതാക്കൾ അനുഭവിച്ച വിഷമങ്ങളെക്കുറിച്ചുള്ള ചിന്തയാണ് എന്നെ വികാരഭരിതനാക്കിയത്. ഇപ്പോൾ അതേ ചിന്ത വീണ്ടും എന്നെ കീഴടക്കുന്നു. മാർക്ക് (റിപ്പോർട്ടർ), എന്റെ മാതാപിതാക്കൾ കടന്നുപോയ വേദനകൾ എനിക്കറിയാം. അച്ഛന് കറുപ്പുനിറം കൂടിപ്പോയതിന്റെ പേരിൽ എന്റെ അമ്മയോട് സംസാരിക്കുന്നത് പോലും ഒഴിവാക്കിയവരാണ് അമ്മയുടെ വീട്ടുകാർ. ആ വിഷമമെല്ലാം എനിക്കറിയാം. അതെന്റെ മനസ്സിലേക്ക് പെട്ടെന്ന് വന്നതാണ്’ – കണ്ണീർ തുടച്ചുകൊണ്ട് ഹോൾഡിങ് പറഞ്ഞു.

വർഷങ്ങളായി അനുഭവിച്ചുവരുന്ന വർണവിവേചനത്തെക്കുറിച്ചും ഹോൾഡിങ് വെളിപ്പെടുത്തി.

‘അത്തരമൊരു സമൂഹത്തിൽ ജീവിച്ചിട്ടില്ലാത്തവർക്ക് ഇതെല്ലാം കേൾക്കുമ്പോൾ ചിരിവരും. എന്നാൽ യാഥാർഥ്യം അതാണ്. ചില സമയത്ത് ഇതെല്ലാം ബോധപൂർവം മറന്ന് മുന്നോട്ടുപോകാൻ ഞാൻ ശ്രമിക്കും. പക്ഷേ, അങ്ങനെ ചെയ്യാൻ ചില സമയത്ത് എനിക്ക് കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേ തീരൂ’ – ഹോൾഡിങ് പറഞ്ഞു. കറുത്ത വർഗക്കാർ നേരിടുന്ന അവഗണനയെ സൂചിപ്പിക്കാൻ ഒരു ഉദാഹരണവും ഹോൾഡിങ് പങ്കുവച്ചു:

‘ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചത് ആരാണെന്ന് നമുക്കെല്ലാവർക്കുമറിയാം: തോമസ് ആൽവ എഡിസൻ. എന്നാൽ, ബൾബിനുള്ളിൽ ദീർഘകാലം ഉപയോഗിക്കാവുന്ന കാർബൺ ഫിലമെന്റ് കണ്ടുപിടിച്ചയാളെ പലർക്കുമറിയില്ല. ലൂയിസ് ഹൊവാർഡ് ലാറ്റിമർ എന്ന ആ മനുഷ്യൻ

പാഠപുസ്തകങ്ങളിലുമില്ല. കാരണം, അദ്ദേഹം ഒരു കറുത്ത വംശജനായിരുന്നു. ചരിത്രത്തിലെ ഈ അവഗണനകളെല്ലാം തിരുത്തിയാലേ വംശീയവിവേചനം അവസാനിപ്പിക്കാനാവൂ. മനുഷ്യരാശിയെ ഒന്നാകെ ബോധവൽക്കരിച്ചാലല്ലാതെ വംശീയവിവേചനം തീരാൻ പോകുന്നില്ല’ – ഹോൾഡിങ് ചൂണ്ടിക്കാട്ടി.

English Summary: Michael Holding breaks down in tears while speaking on racism faced by his parents

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA