ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും ബംഗാൾ രഞ്ജി ടീമിന്റെ മുൻ നായകനുമായ മനോജ് തിവാരി രംഗത്ത്. ഒരു ദേശീയ മാധ്യമവുമായി ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുമ്പോഴാണ് തിവാരി നിലപാട് വ്യക്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദേശീയ ടീമിൽ ഇടംലഭിക്കാതെ പോയ പ്രമുഖ താരങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന താരമാണ് തിവാരി.

ഇപ്പോഴത്തെ സാഹചര്യത്തിൽ അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്ന ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ, എല്ലാവർക്കും വീക്ഷിക്കാവുന്ന തരത്തിൽ സുതാര്യമാക്കണമെന്നാണ് തിവാരിയുടെ അഭിപ്രായം. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാൻ ഇതിലൂടെ കഴിയുമെന്ന് തിവാരി ചൂണ്ടിക്കാട്ടി. ഒരിക്കൽ സെഞ്ചുറി നേടിയിട്ടും അതിനു പിന്നാലെ 14 മത്സരങ്ങളിൽ ബെഞ്ചിലിരിക്കേണ്ടി വന്ന സ്വന്തം അനുഭവവും തിവാരി ഉദാഹരണമായി എടുത്തുകാട്ടി.

‘ടീം തിരഞ്ഞെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാനുള്ള നടപടിയെടുക്കണം. അങ്ങനെയെങ്കിൽ ടീം തിരഞ്ഞെടുപ്പ് നീതിപൂർവകമാണോയെന്ന് എല്ലാവർക്ക് കണ്ടു മനസ്സിലാക്കാനാകും. ഓരോ താരത്തിനും വേണ്ടി ഏതു സിലക്ടറാണ് സംസാരിക്കുന്നതെന്നും, ആ താരത്തെ ഉൾപ്പെടുത്താൻ പ്രസ്തുത സിലക്ടറിന്റെ വാദമെന്താണെന്നും ഇതിലൂടെ വ്യക്തമാകും. ടീം തിരഞ്ഞെടുപ്പ് നീതിയുക്തമാണോയെന്നും വ്യക്തമാകും’ – തിവാരി ചൂണ്ടിക്കാട്ടി.

മനോജ് തിവാരിയും ഭാര്യ സുസ്മിതയും (ഇൻസ്റ്റഗ്രാം ചിത്രം)
മനോജ് തിവാരിയും ഭാര്യ സുസ്മിതയും (ഇൻസ്റ്റഗ്രാം ചിത്രം)

‘സാധാരണഗതിയിൽ, ടീമിലേക്ക് പരിഗണിക്കപ്പെടാത്ത താരം എന്തുകൊണ്ടാണ് തന്നെ ഉൾപ്പെടുത്താത്തതെന്ന് സിലക്ടറോട് ചോദിക്കണം. സ്വാഭാവികമായും ഓരോ സിലക്ടറും പരസ്പരം പഴിചാരി രക്ഷപ്പെടാറാണ് പതിവ്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ സുതാര്യത ആവശ്യമാണ്. ടീം തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ലൈവായി സംപ്രേഷണം ചെയ്താൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ?’ – തിവാരി ചോദിച്ചു.

∙ നാലാം നമ്പറിലെ ‘തോൽവി’

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യയെ തിരിച്ചടിച്ച നല്ലൊരു നാലാം നമ്പർ ബാറ്റ്സ്മാന്റെ അഭാവത്തെക്കുറിച്ചും തിവാരി പ്രതികരിച്ചു. നാലു വർഷം കിട്ടിയിട്ടും ഇന്ത്യൻ ടീമിന്റെ സിലക്ടർമാർക്ക് ആ സ്ഥാനത്തേക്ക് നല്ലൊരു താരത്തെ കണ്ടെത്താനായില്ലെന്നത് വിസ്മയിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

PTI5_7_2019_000144B

‘നാലു വർഷം കിട്ടിയിട്ടും നാലാം നമ്പറിലേക്ക് നല്ലൊരു ബാറ്റ്സ്മാനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് അതിശയിപ്പിക്കുന്നു. ലോകകപ്പ് െസമിയിൽപ്പോലും നമ്മെ തിരിച്ചടിച്ചത് ഈ വിഡ്ഢിത്തമാണ്. ഇത്രയധികം സമയം ലഭിച്ചിട്ടും ഇങ്ങനെയൊരു വീഴ്ച സംഭവിച്ചത് തെറ്റാണ്. ടീം തിര‍ഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്’ – തിവാരി ചൂണ്ടിക്കാട്ടി.

∙ സിലക്ടറുടെ നാട്ടുകാർക്ക് ഗുണം

ഇന്ത്യൻ ക്രിക്കറ്റിൽ പ്രാദേശിക വാദം കൂടുതൽ പ്രബലപ്പെടുന്നുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. ‘ചീഫ് സിലക്ടറിന്റെ സ്വന്തം സംസ്ഥാനത്തിനും ആ മേഖലയ്ക്കും ടീം തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് അത്ര രഹസ്യമായ സംഗതിയൊന്നുമല്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദീർഘകാലമായി ദേശീയ ടീമിനു പുറത്തുനിൽക്കുന്ന ഷഹബാസ് നദീമിന്റെ കാര്യം നോക്കൂ. സൗരഭ് തിവാരി മറ്റൊരു ഉദാഹരണമാണ്. എന്നേപ്പോലുള്ളവർ ഇങ്ങനെ തുറന്നുപറയാൻ തുടങ്ങിയാൽ അധികാരത്തിലുള്ളവർക്ക് പ്രശ്നമാകും’ – തിവാരി ചൂണ്ടിക്കാട്ടി.

അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം ഹനുമാ വിഹാരി
അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം ഹനുമാ വിഹാരി

ആന്ധ്രാപ്രദേശിൽനിന്നുള്ള എം.എസ്.കെ. പ്രസാദ് ചീഫ് സിലക്ടറായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ നാട്ടിൽനിന്നുള്ള ഹനുമ വിഹാരിക്ക് കൂടുതലായി അവസരം ലഭിച്ചു തുടങ്ങിയതെന്ന് തിവാരി ചൂണ്ടിക്കാട്ടി. അതിനു മുൻപും മികച്ച പ്രകടനങ്ങളുമായി വിഹാരി പലതവണ അവകാശവാദം ഉന്നയിച്ചതാണ്. പക്ഷേ, സ്വന്തം നാട്ടുകാരൻ വന്നപ്പോൾ മാത്രമാണ് അവസരം ലഭിച്ചത്. വെസ്റ്റ് സോണിൽനിന്നുള്ളയാൾ ചീഫ് സിലക്ടറായിരുന്ന സമയത്ത് വസിം ജാഫർ ടീമിലെത്തി. നോർത്ത് സോണിനെ പ്രതിനിധീകരിക്കുന്നയാൾ ചീഫ് സിലക്ടറായപ്പോൾ ഗുർകീരത് സിങ്, റിഷി ധവാൻ തുടങ്ങിയവരും ഇന്ത്യൻ ടീമിന്റെ ഭാഗമായെന്നാണ് തിവാരിയുടെ വാദം.

∙ ഇവിടെ ഇഷ്ടങ്ങളുണ്ട്, ഇഷ്ടക്കേടുകളും

എല്ലാവരും പ്രിയപ്പെട്ടവർക്ക് അവസരം നൽകാൻ തുനിഞ്ഞിറങ്ങിയപ്പോൾ മതിയായ അവസരം ലഭിക്കാതെ പോയ വ്യക്തിയാണ് താനെന്ന് തിവാരി ചൂണ്ടിക്കാട്ടി. ‘ഇന്ത്യൻ ക്രിക്കറ്റിൽ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ട്. ഒരിക്കൽ സെഞ്ചുറി നേടിയിട്ടുപോലും തുടർച്ചയായി 14 മത്സരങ്ങളിൽ പുറത്തിരുന്നയാളാണ് ഞാൻ. നീണ്ട കാത്തിരിപ്പിനൊടുവിൽ ടീമിൽ ഇടം കിട്ടിയെങ്കിലും കളത്തിലിറങ്ങാനായില്ല. ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം തിരിച്ചെത്തിയപ്പോൾ വിരമിക്കുന്ന കാര്യം പോലും പരിഗണിച്ചിരുന്നതായി തിവാരി വെളിപ്പെടുത്തി.

nadeem

ഐപിഎല്ലിലും ഇന്ത്യൻ താരങ്ങൾക്ക് അത്രമാത്രം അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് തിവാരി ചൂണ്ടിക്കാട്ടി. ‘മിക്ക ഐപിഎൽ ടീമുകളുടെയും ടോപ് ഓർഡറിൽ വിദേശ താരങ്ങൾക്കാണ് പ്രാമുഖ്യം. ഞാൻ വിദേശ താരങ്ങൾക്ക് എതിരല്ല. പക്ഷേ, ഇവിടെ വന്ന് ഐപിഎല്ലിൽ കളിക്കാൻ തുടങ്ങിയതോടെയാണ് അവരിൽ പലരും സ്പിന്നിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയത്. പിന്നീട് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ അവരുടെ പ്രകടനം മെച്ചപ്പെടുന്നതും നാം കണ്ടു’ – തിവാരി പറഞ്ഞു.

∙ നിർഭാഗ്യവാൻ തിവാരി!

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും ഭാഗ്യം കെട്ട താരങ്ങളിലൊരാളാണ് മുപ്പത്തിനാലുകാരനായ തിവാരി. ദേശീയ ടീമിൽ കളിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ താരം. ഇതുവരെ ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും മാത്രം കളിച്ചു. 12 ഏകദിനങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം 26.09 ശരാശരിയിൽ നേടിയത് 287 റൺസ്. മൂന്ന് ട്വന്റി20കളിൽനിന്ന് 15 ശരാശരിയിൽ നേടിയത് 14 റൺസ്. ടീമിലെടുത്ത മൂന്നു ട്വന്റി20 മത്സരങ്ങളിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചത് ഒരു കളിയിൽ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.

2008ൽ  23–ാം വയസ്സിലാണ് തിവാരി ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറുന്നത്. എന്നാൽ ഓസ്ട്രേലിയയ്‌ക്കെതിരായ അരങ്ങേറ്റ മത്സരം മഴമൂലം പാതിയിൽ ഉപേക്ഷിച്ചെന്ന് മാത്രമല്ല, 16 പന്തിൽ രണ്ടു റൺസ് മാത്രമെടുത്ത തിവാരിയുടെ അരങ്ങേറ്റം ദയനീയമായിപ്പോകുകയും ചെയ്തു. പിന്നീട് മൂന്നു വർഷത്തേക്ക് തിവാരിക്ക് ദേശീയ ടീമിലേക്ക് വിളി ലഭിച്ചില്ല. 2011ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലാണ് പിന്നീട് കളിച്ചത്. അതിനുശേഷവും വല്ലപ്പോഴും മാത്രം ദേശീയ ടീമിൽ വന്നുപോകുന്ന അതിഥിയായി തിവാരി. 2015ൽ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിനം. ഇതിനിടെ മൂന്ന് ട്വന്റി20 മത്സരങ്ങളിലും കളിച്ചെങ്കിലും ബാറ്റിങ്ങിന് അവസരം കിട്ടിയത് ഒരേയൊരു മത്സരത്തിൽ. അന്ന് ശോഭിക്കാനുമായില്ല.

അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ ഇന്നും ബംഗാളിന്റെ വിശ്വസ്തനായ താരമാണ് തിവാരി. ഇതുവരെ 125 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് ഒരു ട്രിപ്പിൾ സെഞ്ചുറി ഉൾപ്പെടെ 27 സെഞ്ചുറിയും 37 അർധസെഞ്ചുറികളും സഹിതം 50.06 ശരാശരിയിൽ 8965 റൺസ് നേടി. 163 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് ആറു സെഞ്ചുറിയും 40 അർധസെഞ്ചുറികളും സഹിതം 42.37 ശരാശരിയിൽ 5466 റണ്‍സും നേടി. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പുണെ ജയന്റ്സ് തുടങ്ങിയ ടീമുകൾക്കായും കളിച്ചു.

English Summary: Team selections should be aired live: Manoj Tiwary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com