ADVERTISEMENT

മുംബൈ∙ ഇന്ത്യൻ കായികരംഗത്ത് ലോകോത്തര ബ്രാൻഡുകളുടെ ഇഷ്ട താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. പരസ്യ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മറ്റേതൊരു താരത്തിനും മുകളിലാണ് ഇപ്പോൾ വിരാട് കോലിയുടെ താരം. അണ്ടർ 19 തലത്തിൽ സജീവമായിരുന്ന കാലത്ത് തന്നെ വിപണിയിൽ കോലിയെന്ന താരത്തിന്റെ ‘അനന്ത സാധ്യതകൾ’ തിരിച്ചറിഞ്ഞ ബ്രാൻഡാണ് കായിക ഉപകരണ നിർമാതാക്കളായ ‘നൈക്കി’. 2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കോലിയുമായി അതിനു മുൻപുതന്നെ നൈക്കി കരാറിലെത്തിയിരുന്നു. ഇതോടെ 2007–08 സീസൺ മുതൽ അഞ്ചു വർഷത്തേക്ക് കോലിയുടെ ബാറ്റിൽ നൈക്കിയുടെ ലോഗോയും പ്രത്യക്ഷപ്പട്ടു.

നൈക്കിയുടെ ബ്രാൻഡ് അംബാസഡറായി ചെറുപ്രായത്തിൽ തന്നെ കോലിയെ കണ്ടെത്തിയ സംഭവം വെളിപ്പെടുത്തുകയാണ് നൈക്കി സ്പോർട്സ് മാർക്കറ്റിങ്ങിന്റെ മുൻ തലവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ സിലക്ടറുമായിരുന്ന ജതിൻ പരാഞ്ജിപെ. ഗൗരവ് കപൂറുമായി നടത്തിയ ലൈവ് ചാറ്റിലാണ് ജതിൻ പരാഞ്ജിപെ ഇക്കാര്യം വിശദീകരിച്ചത്.

‘വിരാട് കോലിയെ ഞങ്ങൾ കണ്ടെത്തുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് നൈക്കിയുടെ അംബാസഡറായി ഉണ്ടായിരുന്ന ഏക താരം ശ്രീശാന്തായിരുന്നു. നൈക്കിയുടെ ലോഗോ ക്രിക്കറ്റ് ബാറ്റിൽ പ്രത്യക്ഷപ്പെടുന്ന കാര്യം ആലോചിച്ചിരുന്നില്ല. ഫുട്‌വെയറിലും ഷൂസിലുമൊക്കെയായിരുന്നു സാന്നിധ്യം. ബ്രാൻഡിന്റെ സാന്നിധ്യം ശ്രീശാന്തിൽ മാത്രം ഒതുങ്ങിപ്പോയതോടെ അൽപം ആശങ്കയിലായിരുന്നു ഞാൻ’ – ജതിൻ വിവരിച്ചു.

2006ലാണ് മലയാളി താരം ശ്രീശാന്തുമായി നൈക്കി കരാറിലെത്തുന്നത്. തങ്ങളുടെ പുതിയ ഉൽപ്പന്നമായ ബോളർമാർക്കു വേണ്ടിയുള്ള ഭാരം കുറഞ്ഞ ക്രിക്കറ്റ് ഷൂവിന്റെ-എയർ സൂം യോർക്കർ- ആഗോള ബ്രാൻഡ് അംബാസഡറായാണ് നൈക്കി ശ്രീശാന്തിനെ തിരഞ്ഞെടുത്തത്. അന്ന് നൈക്കിയുടെ അംബാസിഡറാകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏക അംഗം ശ്രീശാന്തായിരുന്നു. ന്യൂസിലാൻഡ് ഫാസ്‌റ്റ് ബൗളർ ഷെയിൻ ബോണ്ടായിരുന്നു മറ്റൊരു താരം. ഈ സമയത്ത് കരാറിനായി മറ്റു താരങ്ങളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളും ജതിൻ വിവരിച്ചു.

‘പരിശീലകരുമായുള്ള ബന്ധം വച്ച് വിവിധ മത്സരങ്ങൾ കാണാൻ ഞാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് 2008ലെ അണ്ടർ 19 ലോകകപ്പിന്റെ ക്യാംപിൽവച്ച് വിരാട് കോലിയെ കാണുന്നത്. റൺസിനായുള്ള ദാഹവും വലിയ ആത്മവിശ്വാസവും അന്ന് ഞാൻ കോലിയുടെ കണ്ണിൽ കണ്ടു’– ജതിന് പറഞ്ഞു.

‘അങ്ങനെ ഞാൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ കരാർ വിരാട് കോലിയുമായാണ്. തൊട്ടടുത്ത ദിവസം യുവതാരം തന്മയ് ശ്രീവാസ്തവയുമായും കരാർ ഒപ്പിട്ടു’ – ജതിൻ വിവരിച്ചു. അന്നുതൊട്ട് അടുത്ത അഞ്ചു വർഷത്തോളം കോലിക്ക് നൈക്കിയുമായി കരാറുണ്ടായിരുന്നു. ഐപിഎല്ലിൽ ഉൾപ്പെടെ 2013 വരെയാണ് കോലി കരാറുമായി മുന്നോട്ടുപോയത്. പിന്നീട് കരാറിൽനിന്ന് പിന്മാറിയ കോലിയുടെ ബാറ്റിൽ ഇപ്പോഴുള്ളത് ബ്രയാൻ ലാറ, സച്ചിൻ തെന്‍ഡുൽക്കർ, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങിയ താരങ്ങളുമായി കരാറുണ്ടായിരുന്ന എംആർഎഫിന്റെ ലോഗോയാണ്.

English Summary:Nike had only Sreesanth and that was an 'extremely dangerous situation', Says Jatin Paranjpe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com