ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമെന്നാൽ സച്ചിൻ തെൻഡുൽക്കർ എന്നുകൂടി അർഥമുള്ള ഒരു കാലമുണ്ടായിരുന്നു. സച്ചിൻ ബാറ്റിങ്ങിന് എത്തുമ്പോൾ ടിവിക്കു മുന്നിൽ ആരാധകർ കൂട്ടത്തോടെ തമ്പടിച്ചിരുന്ന കാലം. ഇന്ത്യൻ ക്രിക്കറ്റിന്റെ ‘എല്ലാമെല്ലാമായ’ സച്ചിനെതിരെ സംശയാസ്പദമായ ഒരു ഔട്ട് വിളിച്ച് ആരാധകരുടെ കണ്ണിലെ കരടായി മാറിയ അംപയറാണ് ഓസ്ട്രേലിയക്കാരൻ ഡാരിൽ ഹാർപർ. 1999ൽ അഡ്‌ലെയ്ഡിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റിനിടെ ഓസീസ് താരം ഗ്ലെൻ മഗ്രോയുടെ പന്ത് സച്ചിന്റെ തോളിലിടിച്ചതിന് എൽബി വിധിച്ച ആ തീരുമാനം ആരാധകർ ഇന്നും മറന്നിട്ടുണ്ടാകില്ല. മഗ്രോയുടെ പന്ത് ബൗണ്‍സറാകുമെന്ന ധാരണയിൽ ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെയാണ് സച്ചിന്റെ തോളിലിടിച്ചത്.

വിവാദം സൃഷ്ടിച്ച ആ സംഭവത്തെ തുടർന്ന് ടെസ്‌റ്റ് മൽസരങ്ങളിൽ രണ്ട് ഓൺഫീൽഡ് അംപയർമാരും ‘ന്യൂട്രൽ’ ആയിരിക്കണമെന്ന് ഐസിസി തീരുമാനിച്ചിരുന്നു. സച്ചിനെതിരെ രണ്ടു തവണ തെറ്റായ രീതിയിൽ ഔട്ട് വിളിച്ചിട്ടുണ്ടെന്ന് വിവാദ അംപയർ സ്റ്റീവ് ബക്‌നറൊക്കെ തുറന്നു സമ്മതിക്കുന്ന ഇക്കാലത്ത്, ബൗണ്‍സർ പ്രതീക്ഷിച്ച് കുനിഞ്ഞിരുന്ന സച്ചിന്റെ തോളിൽ പന്ത് ഇടിച്ചതിന് എൽബി അനുവദിച്ച തീരുമാനത്തെക്കുറിച്ച് ഹാർപറിന് എന്താകും പറയാനുണ്ടാകുക? 

ആ തീരുമാനത്തെക്കുറിച്ച് യാതൊരു മനസ്താപവുമില്ലെന്നു മാത്രമല്ല, യാതൊരു ഭയവും കൂടാതെ അന്ന് അത്തരമൊരു തീരുമാനമെടുക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും പ്രഖ്യാപിക്കുകയാണ് ഹാർപർ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹാർപർ അന്നത്തെ വിവാദ ഔട്ടിനെക്കുറിച്ച് മനസ്സു തറന്നത്.

‘അന്ന് സച്ചിനെതിരെ എടുത്ത തീരുമാനത്തെക്കുറിച്ച് ഞാൻ വിചിന്തനം ചെയ്യാറുണ്ട്. ആ തീരുമാനം എന്റെ ഉറക്കം നഷ്ടമാക്കുകയോ എനിക്ക് ദുഃസ്വപ്നങ്ങൾ സമ്മാനിക്കുകയോ ചെയ്യാറില്ല. എന്റെ ഓർമകളിൽ ആ പുറത്താകലിന്റെ റീപ്ലേകൾ വന്ന് നൃത്തം ചെയ്യാറുമില്ല. അന്ന് മഗ്രോ സച്ചിനെതിരെ ബോൾ ചെയ്തതിനു പിന്നാലെ ഒറ്റ നോട്ടത്തിൽ എടുത്ത തീരുമാനമാണത്. ആ തീരുമാനത്തെക്കുറിച്ച് ഞാൻ ഇന്നും അഭിമാനിക്കുന്നുവെന്ന് പറയുമ്പോൾ നിങ്ങളിൽ ചിലർക്ക് അൽപം നിരാശ തോന്നിയേക്കും. എന്റെ മുന്നിൽ നടന്ന ആ സംഭവം മാത്രമാണ് അന്ന് ഞാൻ പരിഗണിച്ചത്. ഭയമോ പക്ഷപാതിത്വമോ കൂടാതെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു’ – ഹാർപർ വിവരിച്ചു.

‘ഞങ്ങൾ അംപയർമാർക്ക് പരിശീലനം ലഭിച്ചിരിക്കുന്നതും ഞങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. ഇനി ആ തീരുമാനത്തിന്റെ കൃത്യതയെക്കുറിച്ച്. ആ സമയത്ത് സച്ചിൻ തന്നെയായിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. മത്സരശേഷമുള്ള വിലയിരുത്തലിൽ ആ തീരുമാനത്തെക്കുറിച്ച് സച്ചിൻ എതിരായൊന്നും എഴുതിയില്ലെന്നാണ് ഐസിസി അധികൃതരിൽനിന്ന് ഞാൻ അറിഞ്ഞത്. എന്തായാലും ലോക ജനസംഖ്യയിലെ ആറിലൊരു ഭാഗം പേരും ഒറ്റയടിക്ക് എന്റെ പേരു ശ്രദ്ധിച്ച സംഭവമായിരുന്നു അത്. അവരൊന്നും എന്നെക്കുറിച്ച് നല്ലതു പറയില്ലെന്നും എനിക്കറിയാമായിരുന്നു’ – ഹാർപർ പറഞ്ഞു.

1999ലെ ആ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്ന എം.എസ്.കെ. പ്രസാദിനെ ഇന്ത്യൻ ചീഫ് സിലക്ടറായിരിക്കെ 2018ൽ കണ്ടുമുട്ടിയ സംഭവവും ഹാർപ്പർ വിവരിച്ചു. അന്ന് താൻ ഔട്ടായിരുന്നുവെന്നാണ് സച്ചിൻ പോലും വിശ്വസിച്ചിരുന്നതെന്ന് പ്രസാദ് തന്നോട് പറഞ്ഞുവെന്നാണ് ഹാർപ്പറിന്റെ വെളിപ്പെടുത്തൽ. ‘2018 ഡിസംബറിൽ ഇന്ത്യയും ഓസ്ട്രേലിയയിലും തമ്മിൽ അഡ്‌ലെയ്ഡ് ഓവലിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിന്റെ ഇടവേളയിൽ ഇന്ത്യൻ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിനെ ഞാൻ കണ്ടിരുന്നു. അതേ വേദിയിൽ ഏതാണ്ട് 20 വർഷം മുൻപ് നടന്ന ആ ടെസ്റ്റ് മത്സരത്തിനുശേഷം ഞങ്ങൾ ഒരിക്കലും നേരിട്ടു കണ്ടിരുന്നില്ല.’

‘അന്ന് പതിവുപോലെ ഞങ്ങൾ പരസ്പരം ആശ്ലേഷിച്ചു. ‘സച്ചിൻ പറഞ്ഞത് അദ്ദേഹം ഔട്ടായിരുന്നുവെന്നാണ്’ എന്ന വാക്കുകളോടെയാണ് പ്രസാദ് എന്നെ ആശ്ലേഷിച്ചത്. ഞാനും അങ്ങനെ തന്നെയാണ് കരുതിയിരുന്നതെന്ന് മറുപടിയും നൽകി. അതൊരു സാധാരണ ഔട്ട് മാത്രമായിരുന്നു. അതുപോലെ ഒന്ന് പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. അതിനുശേഷം എത്രയോ മത്സരങ്ങൾ ഞാൻ കണ്ടു. പക്ഷേ, ആ ഔട്ട് തീരുമാനം കൃത്യമായിരുന്നുവെന്ന് ഇന്നും ഉറച്ചു വിശ്വസിക്കുന്നു’ – ഹാർപർ പറഞ്ഞു.

‘അന്ന് കാണികളും ആരാധകരുമെല്ലാം ഒരുപോലെ ഞെട്ടിയെന്ന് എനിക്കറിയാം. ഞാനും ആ പ്രത്യേക സാഹചര്യത്തിൽ ചെറുതായി പതറിയിരുന്നു. പിന്നീട് ആ സംഭവത്തെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയിൽ അഞ്ച് പന്തുകൾ മാത്രം നീണ്ട ഒരു ഓവറിന്റെ കൃത്യം മധ്യത്തിലുള്ള പന്തിലാണ് മഗ്രോ സച്ചിനെ പുറത്താക്കിയതെന്ന് ഞാൻ കണ്ടെത്തി. സാധാരണ ഗതിയിൽ പന്തുകള്‍ എണ്ണുമ്പോൾ പിഴവു വരുത്തുന്ന ഒരാളല്ല ഞാൻ. സച്ചിന്റെ ഔട്ടുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ എന്റെ ശ്രദ്ധ പതറിയിരുന്നുവേണം കരുതാൻ. അതൊരു അസാധാരണ നിമിഷമായിരുന്നു’ – ഹാർപർ വിവരിച്ചു.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യ കളിച്ച 26 ടെസ്റ്റുകളിലും 44 ഏകദിനങ്ങളിലും ഞാൻ അംപയറായിട്ടുണ്ട്. അന്നത്തെ ആ തീരുമാനം സച്ചിനുമായി പിന്നീട് ചർച്ച ചെയ്തതായി എനിക്ക് ഓർമയില്ല. എങ്കിലും തുടർന്നും ഞാനും സച്ചിനും തമ്മിൽ നല്ല ബന്ധത്തിൽ തന്നെയായിരുന്നു. ഓസീസ് താരങ്ങളുടെ അപ്പീലിനു പിന്നാലെയാണ് അന്ന് ഞാൻ ഔട്ട് അനുവദിച്ചത്. അതാണ് ക്രിക്കറ്റിന്റെ രീതി. അതിനുശേഷം കളിക്കാരും അംപയർമാരും മത്സരത്തിന്റെ ബാക്കിയുമായി മുന്നോട്ടുപോയി. അതാണ് ക്രിക്കറ്റിന്റെ യഥാർഥ സ്പിരിറ്റെന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെ മത്സരങ്ങൾ നിയന്ത്രിക്കുന്നത്, പ്രത്യേകിച്ചും ഇന്ത്യയിൽവച്ച്, എനിക്ക് വളരെ ഇഷ്ടമായിരുന്നു– ഹാർപർ പറഞ്ഞു.

അതേസമയം, ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അതിനുശേഷവും അകപ്പെട്ടിട്ടുള്ള അംപയറാണ് ഡാരിൽ ഹാർപർ. 2011ൽ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ ഒന്നാം ടെസ്റ്റിൽ ഹാർപറിന്റെ ചില തീരുമാനങ്ങൾക്കെതിരെ ഇന്ത്യൻ ക്യാപ്‌റ്റൻ ധോണി ശക്‌തമായ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് ഡൊമിനിക്കയിൽ നടക്കേണ്ടിയിരുന്ന മൂന്നാം ടെസ്‌റ്റ് നിയന്ത്രിക്കുന്നതിൽ ഹാർപർ പിന്മാറി. ആ പരമ്പരയോടെ ഐസിസിയുടെ എലീറ്റ് പാനലിൽ നിന്നു ഹാർപർ വിരമിക്കേണ്ടതായിരുന്നു. കരിയറിലാകെ 95 ടെസ്റ്റുകളും 174 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുള്ള അംപയറാണ് ഹാർപർ.

English Summary: ‘One-sixth of world population knew my name’: When umpire Daryl Harper gave Sachin ‘shoulder before wickets’ out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com