ADVERTISEMENT

കറാച്ചി∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവച്ചതിന് ഇന്ത്യയെ മാത്രം പഴിക്കുന്നത് എന്തിനെന്ന ചോദ്യവുമായി പാക്കിസ്ഥാന്റെ മുൻ താരം റഷീദ് ലത്തീഫ് രംഗത്ത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് റദ്ദാക്കുന്നതായി ഐസിസി അറിയിച്ചിരുന്നു. ഈ വർഷം ഓസ്ട്രേലിയയിൽ നേടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പാണ് റദ്ദാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിനു വേണ്ടിയാണ് ലോകകപ്പ് മാറ്റിയതെന്ന ആരോപണം ശക്തമാണ്. പാക്കിസ്ഥാന്റെ തന്നെ മുൻ താരം ശുഐബ് അക്തർ ഉൾപ്പടെയുള്ളവർ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഇതിനിടെയാണ് ഇക്കാര്യത്തിൽ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന ലത്തീഫിന്റെ വിലയിരുത്തൽ.

‘ഞങ്ങളുടെയൊക്കെ സമയത്ത് ക്രിക്കറ്റ് സംഘടിപ്പിച്ചിരുന്നത് വ്യത്യസ്ത ആളുകളാണ്. ഇന്ന്, പാക്കിസ്ഥാനായാലും ഇന്ത്യയായാലും ഇംഗ്ലണ്ടായാലും സാമ്പത്തിക വശം കൂടി പരിഗണിച്ചാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത്. ഈ വർഷത്തെ ഏഷ്യാകപ്പ് ഇപ്പോൾത്തന്നെ റദ്ദാക്കിക്കഴിഞ്ഞു. ലോകകപ്പും ഏഷ്യാകപ്പും റദ്ദാക്കിയ തീരുമാനത്തിൽ എല്ലാ രാജ്യങ്ങളും പങ്കുകാരാണ്. അതിന് ബിസിസിഐയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല’ – ലത്തീഫ് പറഞ്ഞു.

‘ഈ വർഷം ട്വന്റി20 ലോകകപ്പ് ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ നടത്താനാകില്ലെന്ന് വ്യക്തമാക്കിയത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് നടക്കുന്ന സാഹചര്യത്തിലാണിത്. സമാനമായ നിലപാടാണ് കരീബിയൻ പ്രീമിയർ ലീഗിന്റെ കാര്യത്തിൽ വെസ്റ്റിൻഡീസ് ബോർഡും കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ പരസ്പരം പ്രയോജനം ലഭിക്കുന്ന തീരുമാനങ്ങളാണ് ഇതെല്ലാം. സ്വന്തമായി ക്രിക്കറ്റ് ലീഗുള്ള രാജ്യങ്ങളെല്ലാം ഈ തീരുമാനത്തിന്റെ ഭാഗമാണ്’ – ലത്തീഫ് ചൂണ്ടിക്കാട്ടി.

‘ട്വന്റി20 ലോകകപ്പ് വേണമെങ്കിൽ ഈ വർഷം ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ നടത്തമായിരുന്നു. പക്ഷേ, അത് പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ ബാധിക്കും. ഏപ്രിൽ–മേയ് മാസങ്ങളിൽ നടത്താം. പക്ഷേ, ഐപിഎല്ലിനെ ബാധിക്കും. ഇങ്ങനെയൊക്കെ നോക്കിയാണ് ലോകകപ്പ് ഒരു നിശ്ചിത സമയത്തേക്ക് തീരുമാനിക്കുന്നത്. എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും അതിന്റെ ഗുണം കിട്ടുന്നുണ്ട്’ – ലത്തീഫ് ചൂണ്ടിക്കാട്ടി. 1992 മുതൽ 2003 മുതൽ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന ലത്തീഫ് പാക്കിസ്ഥാനു വേണ്ടി 37 ടെസ്റ്റുകളും 166 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

English Summary: on't Blame BCCI Alone, All Cricket Boards Benefited From T20 World Cup Postponement: Rashid Latif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com