ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലിയെന്ന് എല്ലാവർക്കുമറിയാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജയിക്കാനറിയാവുന്നവരുടെ സംഘമാക്കി മാറ്റിയെടുത്ത നായകൻ. എന്നാൽ, ഇന്ത്യൻ നായകസ്ഥാനത്തേക്കുള്ള സൗരവ് ഗാംഗുലിയുടെ ആരോഹണം അത്ര അനായാസമായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് അക്കാലത്ത് സിലക്ഷൻ കമ്മിറ്റി അംഗമായിരുന്ന മുൻ താരം കൂടിയായ അശോക് മൽഹോത്ര. നിലവിൽ ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ (ഐസിഎ) തലവൻ കൂടിയാണ് ഇദ്ദേഹം. അന്നത്തെ പരിശീലകൻ ഉൾപ്പെടെയുള്ളവരുടെ എതിർപ്പിനെയും അനിൽ കുംബ്ലെ, അജയ് ജഡേജ തുടങ്ങിയവർ ഉയർത്തിയ വെല്ലുവിളികളെയും മറകടന്നാണ് ഗാംഗുലി ആദ്യം വൈസ് ക്യാപ്റ്റനായും പിന്നീട് ക്യാപ്റ്റനായും മാറിയതെന്നാണ് മൽഹോത്രയുടെ വെളിപ്പെടുത്തൽ.

‘കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗാംഗുലിയെ തിരഞ്ഞെടുത്ത തീരുമാനം അതികഠിനമായിരുന്നു. കൊൽക്കത്തയിൽ വച്ചാണ് ഞങ്ങൾ ഗാംഗുലിയെ ടീമിന്റെ ഉപനായകനായി നിയമിക്കുന്ന കാര്യം ആദ്യം ചർച്ച ചെയ്യുന്നത്. അന്നത്തെ മുഖ്യ പരിശീലകൻ ഇക്കാര്യത്തിൽ ചില എതിർപ്പുകൾ ഉന്നയിച്ചിരുന്നു. ഗാംഗുലി അമിതമായി കോക്ക് കുടിക്കും, കളിക്കളത്തിൽ സിംഗിളുകൾ മാത്രമേ എടുക്കൂ, ഡബിൾ എടുക്കില്ല തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോക്ക് കുടിക്കുന്നതുകൊണ്ട് ഗാംഗുലിയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാനാകില്ലെന്ന് ഞാൻ ചർച്ചയിൽ പറഞ്ഞു’ – മൽഹോത്ര വെളിപ്പെടുത്തി.

‘ഇതേക്കുറിച്ച സാമാന്യം നീണ്ട ചർച്ച തന്നെ നടന്നു. ആകെയുള്ള അഞ്ച് അംഗങ്ങളിൽ മൂന്നു പേർ സൗരവിനെ വൈസ് ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിച്ചു. രണ്ടു പേർ എതിർത്തു. പക്ഷേ, സിലക്ഷൻ കമ്മിറ്റി യോഗം നടക്കുമ്പോൾ അപ്രതീക്ഷിതമായി അന്നത്തെ ബിസിസിഐ പ്രസിഡന്റ് അവിടേക്കു വന്നു. ഞാൻ അദ്ദേഹത്തിന്റെ പേരു പറയുന്നില്ല. ബിസിസിഐയുടെ ചരിത്രത്തിൽത്തന്നെ ബിസിസിഐ പ്രസിഡന്റ് സിലക്ഷൻ കമ്മിറ്റി യോഗത്തിന് വന്ന ചരിത്രമില്ലെന്ന് ഓർക്കണം. ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കണമെന്ന് അദ്ദേഹവും സിലക്ഷൻ കമ്മിറ്റി ചെയർമാനും ഞങ്ങളോട് ആവശ്യപ്പെട്ടു’ – മൽഹോത്ര വെളിപ്പെടുത്തി.

ഇതോടെ ഗാംഗുലിയെ അനുകൂലിച്ചിരുന്ന ഒരു സിലക്ടർ നിലപാട് മാറ്റിയതായും മൽഹോത്ര വ്യക്തമാക്കി. പിന്നാലെ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത തീരുമാനം തിരുത്തപ്പെട്ടു. ‘ഗാംഗുലിയെ അനുകൂലിച്ചിരുന്ന ഞങ്ങൾ രണ്ടുപേർ തീരുമാനത്തിൽ ഉറച്ചുനിന്നു. പക്ഷേ, പ്രസിഡന്റ് പറഞ്ഞ സ്ഥിതിക്ക് ഗാംഗുലിക്ക് അനുകൂലമായ നിലപാടിൽനിന്ന് പിൻമാറുന്നതായി ഒരു സിലക്ടർ അറിയിച്ചു. അന്ന് ഗാംഗുലിയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കാനായില്ല. എന്നാൽ, പിന്നീട് ഞങ്ങളുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായി ഗാംഗുലി വൈസ് ക്യാപ്റ്റൻ സ്ഥാനത്തെത്തി. ഇന്ന് ഇന്ത്യ കണ്ട ഇതിഹാസ തുല്യരായ ക്യാപ്റ്റൻമാരിലൊരാളായാണ് ഗാംഗുലി ഗണിക്കപ്പെടുന്നതെന്ന് നമുക്കറിയാം. പക്ഷേ, ആ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവിനു പിന്നിൽ അതികഠിനമായ പരിശ്രമത്തിന്റെ കഥയുണ്ട്’ – മൽഹോത്ര വിവരിച്ചു.

ഇന്ത്യൻ ക്രിക്കറ്റിനെ പ്രതികൂലമായി ബാധിച്ച വാതുവയ്പ്പ് വിവാദത്തിനു പിന്നാലെയാണ് ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നത്. സച്ചിൻ തെൻഡുൽക്കർ രാജിവച്ച ഒഴിവിലായിരുന്നു അത്. അനിൽ കുംബ്ലെ, അജയ് ജഡേജ തുടങ്ങിയ ജനകീയ മുഖങ്ങൾ മറികടന്നായിരുന്നു ഇത്.

‘ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമെന്ന് ഞങ്ങളിലാരും കരുതിയിരുന്നില്ല എന്നതാണ് സത്യം. കാരണം അന്ന് സച്ചിനായിരുന്നു നായകൻ. പക്ഷേ, അപ്രതീക്ഷിതമായി സച്ചിൻ രാജിവച്ചതോടെ ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചു. പക്ഷേ, അനിൽ കുംബ്ലെയും അജയ് ജഡേയും സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്നതിനാൽ ഗാംഗുലിയുടെ കാര്യത്തിൽ ശക്തമായി വാദിക്കേണ്ടി വന്നു. ഇതിനായി ഞാനുൾപ്പെടെ കാര്യമായിത്തന്നെ അധ്വാനിച്ചു’ – മൽഹോത്ര വെളിപ്പെടുത്തി.

Engish Summary: Sourav Ganguly drinks too much Coke: How Dada beat the odds to become captain after Tendulkar's resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com