ADVERTISEMENT

ബെംഗളൂരു∙ ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് (ഇപ്പോൾ അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയം) ഇന്ത്യൻ താരം അനിൽ കുംബ്ലെ ഒരിന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തി ‘പെർഫെക്ട് ടെൻ’ എന്ന അപൂർവ നേട്ടം കൈവരിച്ചത് ചരിത്രമാണ്. 999 ഫെബ്രുവരി ഏഴിന് ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ല മൈതാനത്ത് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് കുംബ്ലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് എന്ന അതുല്യ നേട്ടം സ്വന്തമാക്കിയത്. ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തിയ കുംബ്ലെയെ അനുമോദിക്കുമ്പോഴും, മറുവശത്ത് വിക്കറ്റെടുക്കാതെ ‘സഹായിച്ച’ മറ്റു ബോളർമാരെ മറക്കാമോ? പ്രത്യേകിച്ചും കുംബ്ലെയുടെ 9–ാം വിക്കറ്റിനും ചരിത്രമെഴുതിയ 10–ാം വിക്കറ്റിനും ഇടയ്ക്കുള്ള ഒരു ഓവർ ബോൾ ചെയ്ത ജവഗൽ ശ്രീനാഥെന്ന നിസ്വാർഥനായ സുഹൃത്തിനെ?

ഉജ്വലമായി പന്തെറിഞ്ഞ കുംബ്ലെയുടെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമാണ് ആ ‘പെർഫെക്ട് ടെൻ’ എന്നതിൽ തർക്കമില്ല. എങ്കിലും അന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിക്കറ്റെടുക്കാതിരിക്കാൻ പഠിച്ച കാര്യങ്ങളെല്ലാം മനഃപൂർവം ‘മറന്ന്’ സഹായിച്ച ശ്രീനാഥിന്റെ സഹായം വെളിപ്പെടുത്തുകയാണ് കർണാടക ടീമിലും അദ്ദേഹത്തിന്റെ സഹതാരമായിരുന്ന അനിൽ കുംബ്ലെ. സിംബാബ്‍വെയുടെ മുൻ താരവും കമന്റേറ്ററുമായ പോമി എംബാങ്‌വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് അന്ന് വിക്കറ്റെടുക്കാതിരിക്കാൻ ശ്രീനാഥ് സഹിച്ച ‘ബുദ്ധിമുട്ടുകൾ’ കുംബ്ലെ വിവരിച്ചത്. കുംബ്ലെയുടെ ചരിത്ര നേട്ടത്തിന് വിലങ്ങുതടിയാകാതിരിക്കാൻ ഒട്ടേറെ വൈഡുകൾ നിറച്ചാണ് ശ്രീനാഥ് ഓവർ ബോൾ ചെയ്ത് അവസാനിപ്പിച്ചത്.

അന്ന് പാക്ക് ഇന്നിങ്സിലെ 59–ാം ഓവറിലെ അവസാന പന്തിലാണ് കുംബ്ലെ ഒൻപതാമത്തെ വിക്കറ്റ് സ്വന്തമാക്കുന്നത്. ഇതോടെ അടുത്ത ഓവർ ബോൾ ചെയ്യേണ്ട ചുമതല കുംബ്ലെയുടെ അടുത്ത സുഹൃത്തു കൂടിയായ ശ്രീനാഥിനായി. പാക്കിസ്ഥാന്റെ വാലറ്റത്തിന്റെയും ‘അറ്റം’ ക്രീസിൽ നിൽക്കെ അടുത്ത ഓവറിലെ ആറു പന്തിൽ വിക്കറ്റെടുക്കാതിരിക്കാൻ ശ്രീനാഥ് സഹിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കുംബ്ലെ വിവരിച്ചത്. ഒറ്റ വിക്കറ്റ് നേടിയാൽപ്പോലും സുഹൃത്തിന്റെ അപൂർവ നേട്ടം തകരുമെന്ന തിരിച്ചറിവിലാണ് ശ്രീനാഥ് ആ ഓവർ ബോൾ ചെയ്തത്. ചരിത്ര നിമിഷം വാതിൽക്കലുണ്ടെന്ന തിരിച്ചറിവിൽ ശ്രീനാഥ് ഒട്ടേറെ വൈഡുകളും എറിഞ്ഞു. പിന്നീട് തൊട്ടടുത്ത ഓവറിൽ വസിം അക്രത്തെ പുറത്താക്കി കുംബ്ലെ ചരിത്രനേട്ടം സ്വന്തമാക്കി.

‘അന്ന് ചായയ്ക്കു പിന്നാലെ ഞാൻ ഏഴും എട്ടും ഒൻപതും വിക്കറ്റുകൾ വീഴ്ത്തി. ഒൻപതാം വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ ആ ഓവർ അവസാനിച്ചു. തുടർന്ന് ശ്രീനാഥാണ് ബോൾ ചെയ്യാൻ വന്നത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ ഓവറായിരിക്കും അത്’ – കുംബ്ലെ ചൂണ്ടിക്കാട്ടി.

‘അന്നുവരെ പഠിച്ച സകല കാര്യങ്ങളും മറന്നാണ് അദ്ദേഹം തുടർച്ചയായി വൈഡുകൾ എറിഞ്ഞത്. അങ്ങനെ ചെയ്യണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. പിന്നീട് എനിക്ക് ബോളിങ്ങിന് അവസരം ലഭിച്ചപ്പോൾ ആ ഓവറിൽത്തന്നെ 10–ാമത്തെ വിക്കറ്റും വീഴ്ത്തണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നു. കാരണം ശ്രീനാഥിനോട് ഒരു ഓവർ കൂടി ഇത്തരത്തിൽ ബോൾ ചെയ്യാൻ ആവശ്യപ്പെടുന്നത് നീതികേടാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. പരമ്പരയിൽ പിന്നിൽ നിൽക്കെ പാക്കിസ്ഥാനെതിരെ അത്തരമൊരു നേട്ടം കൈവരിക്കാനായത് വളരെ സ്പഷലായ ഒരു നിമിഷമായിരുന്നു’ – കുംബ്ലെ വിവരിച്ചു.

‘ഇന്നലെ സംഭവിച്ചതുപോലെയാണ് എനിക്ക് ആ നിമിഷങ്ങൾ അനുഭവപ്പെടുന്നത്. അത്രയ്ക്ക് ഞാൻ നെ‍ഞ്ചോടു ചേർക്കുന്ന നിമിഷമാണത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷമാണ് പാക്കിസ്ഥാൻ അന്ന് ഇന്ത്യയിൽ പര്യടനത്തിനു വന്നത്. അതിന്റെ സമ്മർദ്ദമുണ്ടായിരുന്നു. കോട്‌ലയിലെ ആ ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കേണ്ടത് അഭിമാന പ്രശ്നമായിരുന്നു’ – കുംബ്ലെ പറഞ്ഞു.

∙ പെർഫെക്ട് ടെൻ, പാക്കിസ്ഥാനെതിരെ!

140ൽ അധികം വർഷത്തെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ പെർഫെക്ട് ടെൻ എന്ന നേട്ടം കൈവരിച്ച രണ്ടു താരങ്ങൾ മാത്രമാണുള്ളത്. ഇതിൽ ആദ്യത്തെയാൾ ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ്. രണ്ടാമത്തെ താരമാണ് അനിൽ കുംബ്ലെ. പേസ്, സ്പിൻ വിഭാഗങ്ങളിലായി രാജ്യാന്തര ക്രിക്കറ്റിൽ പിന്നീട് ഒട്ടേറെ താരങ്ങൾ വന്നുപോയെങ്കിലും ‘പെർഫെക്ട് ടെൻ’ ജിം ലേക്കർ, അനിൽ കുംബ്ലെ എന്നീ പേരുകൾക്കൊപ്പം മാത്രം ഇന്നും നിലനിൽക്കുന്നു.

ഏറെ നാളായി മുടങ്ങിക്കിടന്ന ഇന്ത്യ–പാക്ക് ടെസ്‌റ്റ് പരമ്പര പുനഃരാരംഭിച്ച വേളയിലായിരുന്നു കുംബ്ലെയുടെ പ്രകടനം. ലേക്കറുടേതുപോലെതന്നെ രണ്ടാം ഇന്നിങ്‌സിലാണു കുംബ്ലെയും പത്തു വിക്കറ്റ് സ്വന്തമാക്കിയത്. ആ ടെസ്‌റ്റിൽ കുംബ്ലെ നേടിയത് ആകെ വിക്കറ്റുകൾ 14. ആ മൽസരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. കുംബ്ലെയ്ക്ക് ‘പെർഫെക്ട് ടെൻ’ നിഷേധിക്കാൻ ഒരാൾ റണ്ണൗട്ടാവുകയോ മറ്റോ ചെയ്യാമെന്ന് ഒടുവിൽ പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ സംസാരമുണ്ടായതായി അന്നത്തെ ക്യാപ്റ്റൻ വസിം അക്രം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

420 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനുമേൽ അക്ഷരാർഥത്തിൽ ഇടിത്തീയായി പതിക്കുകയായിരുന്നു കുംബ്ലെ. താരതമ്യേന ഉയർന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാന്, ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് സയീദ് അൻവർ – ഷാഹിദ് അഫ്രീദി സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ, സ്കോർ 101ൽ നിൽക്കെ അഫ്രീദിയെ വിക്കറ്റ് കീപ്പർ നയൻ മോംഗിയയുടെ കൈകളിലെത്തിച്ച കുംബ്ലെ പാക്കിസ്ഥാന്റെ തകർച്ചയ്ക്ക് വഴിമരുന്നിട്ടു. നേരിട്ട ആദ്യ പന്തിൽത്തന്നെ ഇജാസ് അഹമ്മദിനെ എൽബിയിൽ കുരുക്കിയ കുംബ്ലെ പിന്നീട് തിരിഞ്ഞുനോക്കിയില്ല.

അർധസെഞ്ചുറി നേടിയ സയീദ് അൻവർ (69), ഷാഹിദ് അഫ്രീദി (41) എന്നിവർക്കു ശേഷം പാക്ക് ഇന്നിങ്സിൽ രണ്ടക്കം കടന്നത് സലീം മാലിക് (15), ക്യാപ്റ്റൻ വസിം അക്രം (37) എന്നിവർ മാത്രം. ഇവരുൾപ്പെടെ പാക്ക് ബാറ്റിങ് നിരയിലെ 10 പേരും കുംബ്ലെയ്ക്കു മുന്നിൽ കറങ്ങിവീണു. പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളിൽപ്പെടുന്ന സയീദ് അൻവർ, ഷാഹിദ് അഫ്രീദി, ഇൻസമാം ഉൾ ഹഖ്, മുഹമ്മദ് യൂസഫ്, മോയിൻ ഖാൻ തുടങ്ങിയവരെല്ലാമുണ്ട് ഇക്കൂട്ടത്തിൽ. ശ്രീനാഥിനു പുറമെ വെങ്കിടേഷ് പ്രസാദ്, ഹർഭജൻ സിങ് എന്നിവർ മറുവശത്ത് ബോൾ ചെയ്യുമ്പോഴാണ് കുംബ്ലെ 10 വിക്കറ്റും പോക്കറ്റിലാക്കിയത്. 26.3 ഓവർ ബോൾ ചെയ്ത കുംബ്ലെ, 74 റൺസ് വഴങ്ങിയണ് 10 വിക്കറ്റ് പിഴുതത്. മൽസരത്തിലാകെ 14 വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ കളിയിലെ കേമനുമായി. ഒന്നാം ഇന്നിങ്സിൽ ഹർഭജൻ മൂന്നും പ്രസാദ് രണ്ടും ശ്രീനാഥ് ഒന്നും വിക്കറ്റെടുത്തിരുന്നു.

English Summary: ‘He had to unlearn all his skills’ – The pressure on Srinath during Kumble’s ten-for

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com