ADVERTISEMENT

ന്യൂഡൽഹി∙ ആരാധകരെ ഞെട്ടിച്ച് കായിക ലോകത്തുനിന്ന് ഒരു വിവാഹമോചന വാർത്തകൂടി. വനിതാ ക്രിക്കറ്റിലെ എണ്ണംപറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ ഓസീസ് താരം എലിസ് പെറിയും ഓസ്ട്രേലിയൻ റഗ്ബി താരം മാറ്റ് ടൂമ്വയുമാണ് വേർപിരിഞ്ഞത്. അഞ്ചു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. പെറിക്കും മാറ്റ് ടൂമ്വയ്ക്കും ഇടയിൽ അഭിപ്രായ ഭിന്നതകളുണ്ടെന്നും കുറച്ചുനാളായി അകൽച്ചയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും ഒരുപോലെ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചന വാർത്ത എത്തുന്നത്.

ഈ വർഷം ആദ്യം തന്നെ പിരിഞ്ഞതായാണ് ഇരുവരും ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ‘ഏറ്റവും ബഹുമാനത്തോടും ആദരവോടും കൂടിയാണ് വിവാഹബന്ധം പിരിയാൻ ഈ വർഷം ആദ്യം ഞങ്ങൾ തീരുമാനിച്ചത്’ – സംയുക്ത പ്രസ്താവനയിൽ പറയുന്നു.

‘ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ പരസ്പരം പിരിയുന്നതാണ് ഏറ്റവും ഉചിതമെന്ന് രണ്ടുപേർക്കും തോന്നുന്നു. ഏതാനും മാസങ്ങളായി രൂപപ്പെട്ടു വന്ന ഉഭയകക്ഷി സമ്മതത്തോടെയുള്ള തീരുമാനമാണിത്. ഞങ്ങളുടെ ദാമ്പത്യ ജീവിതം എക്കാലവും തീർത്തും സ്വകാര്യമായാണ് മുന്നോട്ടു കൊണ്ടുപോയത്. ജീവിതത്തിലെ ഈ ദുർഘട നിമിഷത്തിലും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’ – ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ellyse-perry

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് പുരസ്കാര വേദിയിൽ എലിസ് പെറി വിവാഹമോതിരം ധരിക്കാതെ എത്തിയത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന് ആദ്യമായി അഭ്യൂഹമുയർന്നത്. തുടർച്ചയായ മൂന്നാം വർഷവും ഓസ്ട്രേലിയയിലെ മികച്ച വനിതാ താരത്തിനുള്ള ബെലിൻഡ ക്ലാ‍ർക്ക് പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ പെറി ഒരിക്കൽപ്പോലും ഭർത്താവ് മാറ്റ് ടൂമ്വയെക്കുറിച്ച് പ്രതിപാദിച്ചുമില്ല. ഇതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു.

എന്നാൽ, തങ്ങൾ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇരുവരും പരസ്യമായി രംഗത്തെത്തിയിരുന്നു. വിരലിന് പരുക്കുള്ളതിനാലാണ് പെറി ക്രിക്കറ്റ് പുരസ്കാര ചടങ്ങിൽ വിവാഹമോതിരം ധരിക്കാതിരുന്നതെന്നും വിശദീകരിച്ചു. ഇതെല്ലാം പ്രതിപാദിച്ച് പരസ്യ പ്രസ്താവനയും പുറത്തിറക്കി. ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിനിടെ പെറി പരുക്കേറ്റ് പുറത്തായപ്പോൾ ടൂമ്വ ആശ്ലേഷിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇരുവരുമൊന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം മേയ് മാസത്തിൽ പെറി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ വർഷമാദ്യം തന്നെ ബന്ധം പിരിയാൻ തീരുമാനിച്ചിരുന്നതായി അറിയിച്ച് ഇവരുടെ സംയുക്ത പ്രസ്താവന വരുന്നത്.

∙ എലീസ് പെറി അഥവാ ‘അദ്ഭുതക്കുട്ടി’!

ക്രിക്കറ്റ് ലോകകപ്പിലും ഫുട്ബോൾ ലോകകപ്പിലും കളിച്ചിട്ടുള്ള ഏക വനിതാ കായികതാരമാണ് എലീസ് പെറി. ഇക്കഴിഞ്ഞ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നേടിയ ടീമിൽ എലിസ് പെറിയും അംഗമായിരുന്നു. എന്നാൽ, ടൂർണമെന്റിനിടെ പരുക്കേറ്റതിനെ തുടർന്ന് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. ന്യൂസീലൻഡിനെ 4 റൺസിനു പരാജയപ്പെടുത്തിയ ഗ്രൂപ്പ് മത്സരത്തിൽ വലതുകാലിന്റെ തുടഞരമ്പിനു പരുക്കേറ്റാണ് പെറിക്കു തിരിച്ചടിയായത്.

രണ്ടു തവണ ഐസിസി വനിതാ ക്രിക്കറ്റർ പുരസ്കാരം നേടിയിട്ടുള്ളയാളാണ് ഇരുപത്തൊമ്പതുകാരിയായ എലിസ് പെറി. ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറിൽ ഇതുവരെ കളിച്ചത് എട്ടു ടെസ്റ്റും 112 ഏകദിനവും 120 ട്വന്റി20 മത്സരവും. ടെസ്റ്റിൽ 78.00 ശരാശരിയിൽ 624 റൺസും 31 വിക്കറ്റും നേടി. ഏകദിനത്തിൽ 52.10 ശരാശരിയിൽ 3022 റൺസും 152 വിക്കറ്റും ട്വന്റി20യിൽ 28.32 ശരാശരിയിൽ 1218 റൺസും 114 വിക്കറ്റും വീഴ്ത്തി. ഐസിസി റാങ്കിങ്ങിൽ ഓൾറൗണ്ടർമാരിൽ ഏകദിനത്തിൽ ഒന്നാമതും ട്വന്റി20യിൽ രണ്ടാമതുമാണ് പെറി.

ഫുട്ബോളിൽ സെൻട്രൽ ഡിഫൻഡറായ എലിസിന്റെ ഫുട്‌ബോളിലെ ഏറ്റവും മികച്ച നേട്ടം 2011 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ക്വാർട്ടർ ഫൈനലിലെത്തിച്ചതാണ്. സ്വീഡനെതിരായ പ്രീ ക്വാർട്ടറിൽ മനോഹരമായൊരു ഗോളും ആ ബൂട്ടിൽനിന്നു പിറന്നു. ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഇപ്പോൾ ഫുട്‌ബോളിൽ സജീവമല്ല.

English Summary: Ellyse Perry and Matt Toomua split after almost five years of marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com