sections
MORE

60 റൺസെടുത്ത് ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ചാകാൻ സേവാഗിനേ കഴിയൂ: ഗംഭീർ

gambhir-sehwag
ഗൗതം ഗംഭീറും വീരേന്ദർ സേവാഗും (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ രാജ്യന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ ഒരു ഫോർമാറ്റിലും വീരേന്ദർ സേവാഗിനോളം സ്വാധീനം ചെലുത്തിയ മറ്റു താരങ്ങളില്ലെന്ന അഭിപ്രായപ്രകടനവുമായി മുൻ ഇന്ത്യൻ താരവും ദീർഘകാലം സേവാഗിന്റെ ഓപ്പണിങ് പങ്കാളിയുമായിരുന്ന ഗൗതം ഗംഭീർ. ആക്രമണോത്സുക ബാറ്റിങ് ശൈലികൊണ്ട് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയ സേവാഗ്, ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ് ഷോ’യിൽ സംസാരിക്കുമ്പോഴാണ് ഗംഭീറും മറ്റൊരു സഹതാരമായ ഇർഫാൻ പഠാനും സേവാഗിന്റെ ശൈലിയെക്കുറിച്ച് വാചാലരായത്.

‘ടെസ്റ്റ് ക്രിക്കറ്റിൽ സേവാഗ് ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്. മറ്റു ഫോർമാറ്റുകളിലും അങ്ങനെ തന്നെ. ടെസ്റ്റ് ഓപ്പണറെന്ന നിലയിൽ സേവാഗ് ഇത്രമാത്രം വിജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. സേവാഗ് ഏകദിന സ്പെഷലിസ്റ്റെന്ന നിലയിൽ വൻ വിജയമാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ റെക്കോർഡുകൾ നോക്കൂ. ടെസ്റ്റ് താരമെന്ന നിലയിലാണ് കൂടുതൽ മികച്ച റെക്കോർഡെന്ന് കാണാം. അതാണ് വീരേന്ദർ സേവാഗ്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

താനൊരു യഥാർഥ ഓപ്പണറല്ല എന്നാണ് സേവാഗ് സ്വയം വിശേഷിപ്പിച്ചിരുന്നതെന്നും ഗംഭീർ വെളിപ്പെടുത്തി. ‘ലക്ഷണമൊത്ത ഓപ്പണിങ് ബാറ്റ്സ്മാനല്ല താനെന്ന് സേവാഗ് എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയാൽ നമ്മൾ ആദ്യം സ്ട്രൈക്ക് ചെയ്യണം. ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടും അദ്ദേഹം അതേ നിലപാടിൽ ഉറച്ചുനിന്നു. സേവാഗ് എത്ര സെഞ്ചുറി നേടിയിട്ടുണ്ടെന്നുപോലും എനിക്കറിയില്ല. സുനിൽ ഗാവസ്കർ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്പണർ സേവാഗാണ്. പക്ഷേ, താനൊരു നല്ല ഓപ്പണറല്ലെന്നാണ് സേവാഗ് എന്നും വിശ്വസിച്ചിരുന്നത്’ – ഗംഭീർ വെളിപ്പെടുത്തി.

സേവാഗുമൊത്ത് ക്രീസിൽ നിൽക്കുന്ന സമയത്ത് പരസ്പരം സംസാരിച്ചിരുന്നെങ്കിലും ക്രിക്കറ്റിന്റെ കാര്യം മാത്രം സംസാരവിഷയമായിട്ടില്ലെന്ന് ഗംഭീർ പറഞ്ഞു. ‘മത്സരങ്ങൾക്കിടെ സംസാരിക്കുമ്പോൾ ഞങ്ങൾ ക്രിക്കറ്റിനേക്കുറിച്ച് മാത്രം മിണ്ടിയിരുന്നില്ല. ബോളർമാരേക്കുറിച്ചോ തന്ത്രങ്ങളേക്കുറിച്ചോ സംസാരിച്ചിട്ടില്ല. പകരം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇന്നെന്തായിരിക്കുമെന്ന് സംസാരിക്കും. വിദേശ പര്യടനങ്ങളാണെങ്കിൽ ഏതു സ്ഥലമാണ് സന്ദർശിക്കുക എന്ന് സംസാരിക്കും’ – ഗംഭീർ പറഞ്ഞു.

∙ സേവാഗിന്റെ ‘ഇംപാക്ട്’

മത്സരത്തിൽ സേവാഗ് സൃഷ്ടിക്കുന്ന ‘ഇംപാക്ട്’ വിവരിക്കാൻ 2008ലെ ചെന്നൈ ടെസ്റ്റ് ഗംഭീർ ഉദാഹരണമായി എടുത്തുകാട്ടി. അന്ന് ഇംഗ്ലണ്ട് നിരയിൽ ആൻ‍ഡ്രൂ സ്ട്രോസ് രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്നു. പോൾ കോളിങ്‌വുഡും ഇംഗ്ലണ്ട് നിരയിൽ സെഞ്ചുറി നേടി. ഇന്ത്യൻ നിരയിൽ സച്ചിൻ തെൻഡുൽക്കർ രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ സെഞ്ചുറിയും യുവരാജ് സിങ് പുറത്താകാതെ 85 റൺസും നേടിയെങ്കിലും 83 റൺസ് നേടിയ സേവാഗാണ് കളിയിലെ കേമനായത്. ഒന്നാം ഇന്നിങ്സിൽ സേവാഗ് നേടിയത് 9 റൺസും.

‘ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നമ്മൾ വിജയിച്ച ഒരു ടെസ്റ്റ് മത്സരത്തിൽ സേവാഗിന്റെ ഇന്നിങ്സ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഏതാണ്ട് 350 റൺസോളം (യഥാർഥത്തിൽ 387) വരുന്ന വിജയലക്ഷ്യമാണ് അന്ന് നമ്മൾ പിന്തുടർന്നത്. സ്പിന്നിനെ അതിരറ്റ് തുണച്ച ആ പിച്ചിൽ ഇംഗ്ലണ്ട് നിരയിൽ ഗ്രെയിം സ്വാനും മോണ്ടി പനേസറും തകർത്തെറിഞ്ഞു. പക്ഷേ, സേവാഗ് നൽകിയ തുടക്കത്തിന്റെ കരുത്തിൽ നമ്മൾ അന്ന് ജയിച്ചു. നേടിയത് വെറും 60 റൺസാണെങ്കിലും (യഥാർഥത്തിൽ 83) അയാളെ മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കണമെങ്കിൽ ആ സ്വാധീനം എത്രത്തോളമായിരിക്കും?’ – ഗംഭീർ ചൂണ്ടിക്കാട്ടി.

മത്സരത്തിന്റെ വേഗത നിർണയിക്കുന്നതിലും സേവാഗ് വഹിച്ച പങ്ക് ഗംഭീർ എടുത്തുകാട്ടി. ‘മത്സരത്തിന് അടിത്തറയിടുന്ന കാര്യം മാത്രം നോക്കൂ. സേവാഗ് ഉച്ചഭക്ഷണം ബാറ്റു ചെയ്താൽ ഇന്ത്യയുടെ സ്കോർ കുതിച്ചുകയറുന്നത് കാണാം. സാധാരണ ഇത്തരത്തിൽ ടെസ്റ്റ് ക്രിക്കറ്റിനെ സമീപിക്കുന്ന ഒരു ടീമുമില്ല. ടെസ്റ്റിന്റെ ഒന്നാം ദിനം ബാറ്റു ചെയ്യുമ്പോൾ നമുക്ക് ഏറ്റവും അലക്ഷ്യമായി കളിക്കാവുന്നതേയുള്ളൂ. പക്ഷേ, ഇക്കാര്യത്തിൽ സേവാഗ് വ്യത്യസ്തനായിരുന്നു. അതുകൊണ്ടാണ് സേവാഗിനോളം സ്വാധീനം സൃഷ്ടിച്ചവർ ടെസ്റ്റ് ക്രിക്കറ്റിൽ ഇല്ലെന്ന് ഞാൻ പറയുന്നത്’ – ഗംഭീർ പറഞ്ഞു.

∙ ഉപദേശിക്കുന്നു, ഉപദേശം സ്വീകരിക്കാത്ത സേവാഗ്

‘ക്രിക്കറ്റ് കണക്ടഡ് ഷോ’യിൽ സംസാരിച്ച മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും സേവാഗിനേക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. ഇന്ത്യൻ ടീമിൽ എല്ലാവരെയും ഉപദേശിക്കുകയും ആരുടെയും ഉപദേശം സ്വീകരിക്കുകയും ചെയ്യാത്ത വ്യക്തിയായിരുന്നു സേവാഗെന്ന് പഠാൻ വെളിപ്പെടുത്തി.

‘ഇന്ത്യൻ ടീമിൽ മറ്റുള്ളവർക്ക് കൂടുതൽ ഉപദേശങ്ങള്‍ നൽകിയിരുന്ന താരം സേവാഗായിരിക്കും. പക്ഷേ, അദ്ദേഹം ആരിൽനിന്നും യാതൊരുവിധ ഉപദേശവും സ്വീകരിക്കില്ല’ – പഠാൻ പറഞ്ഞു. 2003ലെ മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ സേവാഗ് പുറത്തെടുത്ത പ്രകടനത്തെക്കുറിച്ചും പഠാൻ ഓർത്തെടുത്തു:

2003–04 കാലഘട്ടത്തിൽ ഞാൻ ഇന്ത്യൻ ടീമിലെത്തുമ്പോൾ സേവാഗ് ഓപ്പണറായിരുന്നു. മെൽബണിൽ നടന്ന ഒരു ടെസ്റ്റിൽ 190കളിൽ ബാറ്റു ചെയ്യുമ്പോൾ സിക്സടിക്കാൻ ശ്രമിച്ച് അദ്ദേഹം പുറത്തായത് ഓർക്കുന്നുണ്ട്. ആ ഇന്നിങ്സിലുടനീളം സേവാഗ് തകർത്തടിക്കുകയായിരുന്നു. ഇങ്ങനെ ടെസ്റ്റ് കളിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. രഞ്ജി ട്രോഫിയിൽ പോലും ഓപ്പണറെന്ന നിലയിൽ ഈ ശൈലിയിൽ കളിക്കുന്ന ഒരു താരത്തെ കണ്ടിട്ടില്ല’ – പഠാൻ പറഞ്ഞു.

ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളിൽനിന്ന് 49.34 ശരാശരിയിൽ 8586 റൺസാണ് സേവാഗിന്റെ സമ്പാദ്യം. 82.23 സ്ട്രൈക്ക് റേറ്റ് സഹിതമാണിത്. 251 ഏകദിനങ്ങളിൽനിന്ന് 35.05 ശരാശരിയിൽ 8273 റൺസും നേടി. സ്ട്രൈക്ക് റേറ്റ് ആകട്ടെ, 104.33!

English Summary: ‘No one can match his impact in Test cricket’: Gautam Gambhir’s massive praise for India batting great

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA