ADVERTISEMENT

ഉത്തരാഖണ്ഡുകാരനായ രാജേന്ദ്ര സിങ് ധാമിയും ഹരിയാനയ്ക്കാരനായ ദിനേഷ് സെയ്നും ഇന്ത്യയ്ക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്. പക്ഷേ ഭിന്നശേഷിക്കാരായ ഇരുവരും ജീവിക്കാൻ വേണ്ടി ഇപ്പോൾ ആശ്രയിക്കുന്നത് ക്രിക്കറ്റിനെയല്ല!

∙ കനിയണം, നാഡേ..!

ന്യൂഡൽഹി ∙ മുൻകാല ക്രിക്കറ്റർമാർ പരിശീലകരായും കമന്റേറ്റർമാരായും ജോലി നോക്കുമ്പോൾ ദിനേഷ് സെയ്ൻ ഒരു ജോലിക്ക് അപേക്ഷിച്ചിരിക്കുയാണ്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയിൽ (നാഡ) ഒരു പ്യൂണിന്റെ ഒഴിവുണ്ട്. അതെനിക്കു തരണം! 2015–2019 കാലഘട്ടത്തിൽ ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീമിനെ നയിച്ച ക്യാപ്റ്റനാണ് ഇങ്ങനെ ഒരു ജോലിക്കു വേണ്ടി കെഞ്ചുന്നത്.

കൂടുതൽ മെച്ചപ്പെട്ട വേതനവും സൗകര്യങ്ങളുമുള്ള ജോലി വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനുള്ള യോഗ്യതയില്ല. കാരണം 12–ാം തരത്തിനു ശേഷം പഠിക്കാൻ പോയിട്ടില്ല. ക്രിക്കറ്റായിരുന്നു വഴി. ഇപ്പോൾ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഈ മുപ്പത്തിയഞ്ചുകാരൻ. പ്രായപരിധി ഇപ്പോൾ കഴിയും എന്നതിനാൽ ഈ വർഷം സർക്കാർ ജോലിയിൽ കയറിയില്ലെങ്കിൽ പിന്നെ കിട്ടില്ല എന്ന ടെൻഷനിലാണ് ഹരിയാനയിലെ സൊനാപത്തുകാരനായ ദിനേഷ്. ഭാര്യയും ഒരു വയസ്സുള്ള മകനുമാണ് ഇദ്ദേഹത്തിനുള്ളത്.

ജന്മനായുള്ള പോളിയോയാണ് ദിനേഷിന്റെ കാലുകളുടെ ശേഷിയെ ബാധിച്ചത്. എന്നാൽ പരിമിതികളെ അവസരമാക്കി മാറ്റിയ ദിനേഷ് 2015ൽ ദേശീയ ടീമിലെത്തി. ആ വർഷം ബംഗ്ലദേശിൽ നടന്ന പഞ്ചരാഷ്ട്ര ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത് ദിനേഷ് ആയിരുന്നു. 4 കളികളിൽ 8 വിക്കറ്റുകൾ. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻഷിപ്പിലും ദിനേഷ് ഒഫീഷ്യലായി ടീമിനൊപ്പമുണ്ടായിരുന്നു. നാഡയിൽ ജോലി കിട്ടിയാൽ ഭാവി കളിക്കാർക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്നതും തുടരണമെന്ന ആഗ്രഹത്തിലാണ് ഈ മുൻ ക്യാപ്റ്റൻ.

∙ കല്ലു പോലെ ജീവിതം!

ഡെറാഡൂൺ ∙ ജാർഖണ്ഡുകാരൻ മഹേന്ദ്രസിങ് ധോണിയെപ്പോലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു ഉത്തരാഖണ്ഡുകാരൻ രാജേന്ദ്ര സിങ് ധാമിയും.
ഭിന്നശേഷിക്കാരുടെ വീൽചെയർ ക്രിക്കറ്റ് ടീമിന്റെ നായകൻ. പക്ഷേ അതിന്റെ പകിട്ടൊന്നും ധാമിക്കില്ല. കോവിഡ് കാല പ്രതിസന്ധിക്കിടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കൂലിപ്പണിയിലേർപ്പെട്ടിരിക്കുകയാണ് ഈ മുൻ ‘ഇന്ത്യൻ ക്യാപ്റ്റൻ’. ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ റോഡ് പണിക്കുള്ള കല്ലു പൊട്ടിക്കുകയാണ് മുപ്പത്തിനാലുകാരനായ ധാമി!

അഞ്ച് മത്സരങ്ങളിൽ ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട് ധാമി. നേപ്പാൾ, മലേഷ്യ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നടന്ന പരമ്പരകളിൽ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി. ഭിന്നശേഷിക്കാരായ പത്തൊൻപത് കുട്ടികളുടെ പരിശീലകൻ കൂടിയാണ് ധാമി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം ഇവർക്ക് പരിശീലനം നൽകുന്നത് ധാമി തന്നെ.

രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതോടെയാണ് ധാമിയുടെ ജീവിതത്തിന്റെ ഗതി മാറുന്നത്. കർഷകരായ മാതാപിതാക്കൾ വളരെ ബുദ്ധിമുട്ടിയാണ് ധാമിയെ വളർത്തിയത്. പത്താം വയസ്സിലാണ് ആദ്യമായി സ്കൂളിൽ പോകുന്നത്. വെല്ലുവിളികളോടും പ്രതികൂല സാഹചര്യങ്ങളോടും പടപൊരുതി ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹം, ബിഎഡ് പൂർത്തിയാക്കിയശേഷമാണ് ക്രിക്കറ്റ് കളത്തിലേക്കെത്തിയത്. 2015ൽ അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ധാമിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തതാണ്. പക്ഷേ, പിന്നീട് ഒന്നും നടന്നില്ല. അടുത്തിടെ ബോളിവുഡ് താരം സോനു സൂദ് 11,000 രൂപ നൽകി സഹായിച്ചിരുന്നു.

∙ ‘ഗാംഗുലി വന്നു, ഒന്നും ശരിയായില്ല’

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ടും സൗരവ് ഗാംഗുലി ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ പൂർണമായി അവഗണിച്ചെന്ന് ഭിന്നശേഷി താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (പിസിസിഎഐ). കോവിഡ് വ്യാപനം നിമിത്തം രാജ്യം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരായ താരങ്ങളെ സഹായിക്കാൻ ഗാംഗുലി ഒന്നും ചെയ്തില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി രവി ചൗഹാൻ പറഞ്ഞു.

‘ഗാംഗുലി ബിസിസിഐയുടെ തലപ്പത്തെത്തുമ്പോൾ ഞങ്ങൾക്ക് പ്രതീക്ഷകൾ വളരെയറെയായിരുന്നു. ക്യാപ്റ്റനായി ഇന്ത്യൻ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഗാംഗുലി ബിസിസിഐയുടെയും മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിച്ചു. ഞങ്ങളുമായി ഏതാനും തവണ കൂടിക്കാഴ്ച നടത്തുകകൂടി ചെയ്തതോടെ പ്രതീക്ഷയേറി. പക്ഷേ അവയെല്ലാം നിരാശകളായി മാറി’ – ചൗഹാൻ പറഞ്ഞു. ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമത്തിനായി ലോധ കമ്മിറ്റി നിർദ്ദേശിച്ച കാര്യങ്ങൾ പോലും ബിസിസിഐ ചെയ്യുന്നില്ലെന്ന് ചൗഹാൻ ആരോപിച്ചു.

English Summary: Pathetic Lives of Former Indian Wheelchair Cricket Team Captains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com