ADVERTISEMENT

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സാങ്കേതികത്തികവാർന്ന ബാറ്റ്സ്മാൻമാരിൽ ഒരാൾ, ഏതു കൊലകൊമ്പൻ ബോളറെയും തടുത്തുനിർത്തുന്ന വൻമതിൽ, മാന്യൻമാരുടെ കളിയിലെ യഥാർഥ മാന്യൻ... പറഞ്ഞു തുടങ്ങിയാൽ നിരവധി വിശേഷണങ്ങളുള്ള താരമാണ് രാഹുൽ ദ്രാവിഡ്. സമ്പൂർണമെന്ന് വിശേഷിപ്പിക്കാവുന്ന ടെസ്റ്റ് ശൈലിയും ദീർഘനേരം ക്രീസിൽ തുടരാനുള്ള ക്ഷമയും ഒട്ടേറെ മാച്ച് വിന്നിങ് ഇന്നിങ്സുകളുമാണ് ആരാധകരെ ദ്രാവിഡിനോടു ചേർത്തുനിർത്തുന്നത്. സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ സാന്നിധ്യത്തിലും ഇന്ത്യൻ നിരയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ പ്രതിഭ!

ഇഴഞ്ഞുനീങ്ങുന്ന ബാറ്റിങ് ശൈലിയുടെ പേരില്‍ ഒരിക്കല്‍ ടീമില്‍ നിന്ന് പുറത്തായ ചരിത്രമുണ്ട് ദ്രാവിഡിന്. വേഗം കുറഞ്ഞ ബാറ്റിങ് ശൈലി കാരണം സ്ട്രൈക്ക് റേറ്റ് തീരെ താഴ്ന്നുപോയ ദ്രാവിഡ് 1998ലാണ് ഇന്ത്യൻ ഏകദിന ടീമിൽനിന്ന് പുറത്തായത്. ഏതാണ്ട് ഒരു വർഷത്തോളം ദ്രാവിഡിന് ടീമിൽ ഇടം ലഭിച്ചില്ല. മുൻ ഇന്ത്യൻ താരം ഡബ്ല്യു.വി. രാമനുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലായ ‘ഇൻസൈഡ് ഔട്ടി’ൽ നടത്തിയ സംഭാഷണത്തിൽ ടീമിനു പുറത്തായ സാഹചര്യം ഉൾപ്പെടെ ദ്രാവിഡ് തുറന്നുപറഞ്ഞിരുന്നു. ഏകദിനത്തിന് തന്നെ കൊള്ളില്ലെന്ന ചിന്ത മനസ്സിൽ ശക്തമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇനിയാണ് ട്വിസ്റ്റ്. കരിയറിലുടനീളം ഇഴഞ്ഞുനീങ്ങുന്ന ബാറ്റിങ്ങിന്റെ പേരിൽ പരിഹാസ വിഷയമായിരുന്ന ദ്രാവിഡിന്റെ പേരിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ അതിവേഗ ഏകദിന അർധസെഞ്ചുറികളിൽ ഒരെണ്ണം! കെനിയയും സിംബാബ്‌വെയും അയർലൻഡും പോലെയുള്ള ക്രിക്കറ്റ് ലോകത്തെ കുഞ്ഞൻമാർക്കെതിരെയല്ല ദ്രാവിഡിന്റെ ഈ നേട്ടം. എക്കാലത്തും മികച്ച ബോളർമാർക്ക് ജൻമം നൽകിയ ചരിത്രമുള്ള ന്യൂസീലൻഡാണ് ഒരിക്കൽ ദ്രാവിഡിന്റെ കടന്നാക്രമണത്തിന് ഇരയായത്!

21 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ അജിത് അഗാർക്കർ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ദ്രാവിഡിന്റെ സ്ഥാനം. 22 പന്തിൽനിന്ന് അന്ന് അർധസെഞ്ചുറി നേടിയ ദ്രാവിഡിനൊപ്പം രണ്ടാം സ്ഥാനത്ത് വീരേന്ദർ സേവാഗും കപിൽ ദേവുമുണ്ട്. ഇതിൽ സേവാഗിന്റെ അർധസെഞ്ചുറി കെനിയയ്‌ക്കെതിരെ ആയിരുന്നു. കപിലിന്റേത് വിൻഡീസിനെതിരെയും. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ഒരിക്കൽ ടീമിനു പുറത്തായ താരം പിന്നീട് അതേ ടീമിന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറികളിൽ ഒന്നിന് ഉടമയായ ചരിത്രമിതാ:

ഓസ്ട്രേലിയ കൂടി ഉൾപ്പെട്ട ടിവിഎസ് ത്രിരാഷ്ട്ര പരമ്പരയിലെ ഒൻപതാം മൽസരത്തിലാണ് കിവീസിനെതിരെ ദ്രാവിഡ് ക്രീസിൽ സംഹാരതാണ്ഡവമാടിയത്. 2003 നവംബർ 15ന് ഹൈദരാബാദ് ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലായിരുന്നു മൽസരം. ടോസ് നേടിയ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ബാറ്റിങ് തിരഞ്ഞെടുത്തു. സച്ചിൻ തെൻഡുൽക്കറും (102) വീരേന്ദർ സേവാഗും (130) ചേർന്ന് കിവീസ് ബോളർമാരെ വശംകെടുത്തി. 182 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് സച്ചിൻ മടങ്ങിയത്. പിന്നാലെയെത്തിയ ഗാംഗുലി 33 റൺസെടുത്തു പുറത്തായി. വൈകാതെ സേവാഗും പവലിയനിലേക്കു മടങ്ങി. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ പതറുന്ന ഘട്ടത്തിലാണ് ദ്രാവിഡ് ക്രീസിലെത്തിയത്. അപ്പോൾ ഇന്ത്യ 43.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 283 റൺസ്. മൂന്നു പന്തുകൾക്കപ്പുറം യുവരാജ് സിങ്ങും (ഏഴ് റൺസ്) മടങ്ങി.

ക്രീസിൽ വളരെ അപൂർവമായി മാത്രം ഇതൾ വിരിഞ്ഞിട്ടുള്ള രാഹുൽ ദ്രാവിഡിന്റെ രൗദ്രഭാവമാണ് പിന്നീട് ഹൈദരാബാദ് കണ്ടത്. ഡോട്ട് ബോളിൽ ഇന്നിങ്സിന് തുടക്കമിട്ട ദ്രാവിഡ് തുടർന്ന് ഒരു സിംഗിളും ഡബിളും നേടി തന്റെ സ്വാഭാവിക ശൈലിയിൽ തുടങ്ങി. എന്നാൽ അടുത്ത ഓവറിൽ സ്കോട്ട് സ്റ്റൈറിസിനെ സിക്സും ഫോറും പറത്തിയ ദ്രാവിഡ് ആകെ 12 റൺസാണ് ആ ഓവറിൽ നേടിയത്. തൊട്ടടുത്ത ഓവറിൽ ദ്രാവിഡ് ഒരു ഫോറുൾപ്പെടെ അഞ്ച് റൺ നേടി. ജേക്കബ് ഓറം എറിഞ്ഞ 48–ാം ഓവറിൽ ഒരു സിക്സും രണ്ടു ഫോറും ഉൾപ്പെടെ 16 റൺസാണ് ദ്രാവിഡ് അടിച്ചുകൂട്ടിയത്. ഡാരിൽ ടഫി എറിഞ്ഞ 49–ാം ഓവറിൽ ഒരു ഫോർ ഉൾപ്പെടെ 5 റൺസ്. ജേക്കബ് ഓറം എറിഞ്ഞ 50–ാം ഓവറിൽ ഒരു സിക്സ് പിന്നാലെ സിംഗിളുമെടുത്ത ദ്രാവിഡ് ഇന്നിങ്സിലെ അവസാന പന്തിൽ ഡബിൾ നേടി തന്റെ അതിവേഗ അർധ സെഞ്ചുറി തികച്ചു. ആ ഓവറിൽ 9 റൺസാണ് ദ്രാവിഡ് നേടിയത്.

അ‍ഞ്ച് പന്തുകളിൽ റണ്ണൊന്നും നേടാനാവാതെ പോയ ദ്രാവിഡ്, മൂന്ന് സിക്സും അഞ്ച് ഫോറും മൂന്നു ഡബിളും ആറ് സിംഗിളും നേടി 22 പന്തുകളിലാണ് 50 റൺസ് പൂർത്തിയാക്കിയത്. സ്ട്രൈക്ക് റേറ്റ് – 227.27. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ അതിവേഗ അർധ സെഞ്ചുറിയാണ്, അക്കാലത്ത് വിക്കറ്റ് കീപ്പർ കൂടിയായിരുന്ന ദ്രാവിഡ് സ്വന്തം പേരിൽ കുറിച്ചത്. ദ്രാവിഡിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ കൂടി പിൻബലത്തിൽ ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 353 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 47 ഓവറിൽ 208 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 145 റൺസ് ജയം!

English Summary: Fastest ODI Fifty by Rahul Dravid Vs New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com