sections
MORE

സച്ചിന് 5 ട്രിപ്പിളെങ്കിലും വേണ്ടതല്ലേ? സെഞ്ചുറി ഡബിളും ട്രിപ്പിളുമാക്കാൻ വശമില്ല: കപിൽ

sachin-tendulkar
സച്ചിൻ തെൻഡുൽക്കർ (ഫയൽ ചിത്രം)
SHARE

മുംബൈ∙ ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണെങ്കിലും സെഞ്ചുറികൾ ഇരട്ടസെഞ്ചുറികളും ട്രിപ്പിൾ സെഞ്ചുറികളുമാക്കാനുള്ള ‘കല’ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന് വശമുണ്ടായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ ടീം നായകൻ കപിൽ ദേവ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസും സെഞ്ചുറിയും നേടിയിട്ടുള്ള സച്ചിൻ, ഏകദിനത്തിൽ ആദ്യമായി ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ താരം കൂടിയാണ്. 200 ടെസ്റ്റുകളിൽനിന്ന് 15,921 റൺസും 463 ഏകദിനങ്ങളിൽനിന്ന് 18,426 റൺസും സഹിതം രാജ്യാന്തര കരിയറിൽ 34,357 റൺസാണ് സച്ചിന്റെ സമ്പാദ്യം.

ഏകദിനത്തിൽ ആദ്യമായി ഇരട്ടസെഞ്ചുറി നേടിയ സച്ചിൻ, ടെസ്റ്റിൽ ആറ് ഇരട്ടസെഞ്ചുറികളാണ് കുറിച്ചിട്ടുള്ളത്. എന്നാൽ, സച്ചിന്റെ നിലവാരമുള്ള ഒരു താരത്തിന്റെ പേരിൽ ഒരു ട്രിപ്പിൾ സെഞ്ചുറി പോലുമില്ലാത്തത് വിസ്മയിപ്പിക്കുന്നുവെന്നാണ് കപിലിന്റെ തുറന്നുപറച്ചിൽ. സെഞ്ചുറികളിൽനിന്ന് ഇരട്ടസെഞ്ചുറികളിലേക്ക് കുതിക്കുന്ന ‘ദാക്ഷിണ്യമില്ലാത്ത’ ബാറ്റ്സ്മാനാകാൻ സച്ചിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും കപിൽ ചൂണ്ടിക്കാട്ടി.

‘ഞാൻ കണ്ടിട്ടുള്ള ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും പ്രതിഭാധനനായിരുന്നു സച്ചിൻ. എങ്ങനെ സെഞ്ചുറി നേടാമെന്ന് സച്ചിന് നല്ല വശമായിരുന്നു. ക്രിക്കറ്റിൽ ഒട്ടുമിക്ക നേട്ടങ്ങളും സച്ചിൻ സ്വന്തമാക്കിയിട്ടുണ്ട്. സെഞ്ചുറി നേടാൻ അറിയാമായിരുന്നെങ്കിലും അത് ഇരട്ടസെഞ്ചുറിയും ട്രിപ്പിൾ സെഞ്ചുറിയുമാക്കി രൂപാന്തരപ്പെടുത്താനുള്ള ‘കല’ അദ്ദേഹത്തിന് അറിയാമായിരുന്നില്ല’ – കപിൽ പറഞ്ഞു.

സച്ചിനേപ്പോലൊരു താരത്തിന്റെ പേരിൽ സ്വാഭാവികമായും കൂടുതൽ ഇരട്ടസെഞ്ചുറികളും ട്രിപ്പിൾ സെഞ്ചുറികളും വേണ്ടിയിരുന്നതല്ലേയെന്നും കപിൽ ചോദിച്ചു.

‘സച്ചിന്റെ നിലവാരം വച്ച് അദ്ദേഹത്തിന്റെ പേരിൽ കുറഞ്ഞത് അഞ്ച് ട്രിപ്പിൾ സെഞ്ചുറികളെങ്കിലും വേണ്ടതായിരുന്നു. 10 ഇരട്ടസെഞ്ചുറികളും കാണേണ്ടതായിരുന്നു. കാരണം, പേസ് ബോളർമാരായാലും സ്പിന്നർമാരായാലും ഒരു ഓവറിൽ ഒരു ബൗണ്ടറി വച്ച് നേടാൻ അനായാസം സാധിച്ചിരുന്ന താരമാണ് സച്ചിൻ’ – കപിൽ ചൂണ്ടിക്കാട്ടി.

‘മുംബൈയിൽനിന്നുള്ള താരങ്ങളുടെ രീതിവച്ച് സെഞ്ചുറി പൂർത്തിയാക്കി കഴിഞ്ഞാൽ വീണ്ടും പൂജ്യത്തിൽനിന്ന് തുടങ്ങുന്ന ശൈലിയിലാണ് അവരുടെ ബാറ്റിങ്. മുംബൈക്കാരനായ സച്ചിനും അതേ വഴി പിന്തുടർന്നു. അദ്ദേഹവും ഒരിക്കലും നിർദ്ദയനായ ഒരു ബാറ്റ്സ്മാനായില്ല. സെഞ്ചുറി കുറിക്കുന്നതുവരെ സച്ചിൻ മികച്ച രീതിയിൽ മുന്നേറും. ശേഷം സിംഗളുകളിലേക്ക് വഴിമാറും. അദ്ദേഹം ഒരിക്കലും ബോളർമാരെ എതിരിടുന്ന ക്രൂരനായൊരു ബാറ്റ്സ്മാനായില്ല’ – കപിൽ പറഞ്ഞു.

‘സച്ചിനേപ്പോലെയാകാൻ പറഞ്ഞ് ഞാൻ സേവാഗിനെ സ്ഥിരമായി ഉപദേശിക്കുമായിരുന്നു. നിങ്ങളുടെ കയ്യിൽ ഇഷ്ടംപോലെ ഷോട്ടുകളുണ്ട്. ഒരു 30 മിനിറ്റ് ക്ഷമയോടെ ക്രീസിൽ നിന്നാൽ നിങ്ങൾക്ക് അനായാസം സെഞ്ചുറി നേടാമെന്ന് ഞാൻ സേവാഗിനോട് പറയും. പക്ഷേ, സച്ചിനോട് സേവാഗിനെ കണ്ടു പഠിക്കാനാണ് ഞാൻ പറഞ്ഞിരുന്നത്. സെഞ്ചുറിയിലെത്തിക്കഴിഞ്ഞാൽ ഓവറിൽ കുറഞ്ഞത് ഒരു ഫോറെങ്കിലും വച്ച് നേടാൻ ശ്രമിക്കണമെന്ന് സേവാഗിനെ ചൂണ്ടിക്കാട്ടി ഞാൻ സച്ചിനോടു പറയും. അങ്ങനെയെങ്കിൽ അടുത്ത 20 ഓവറിനുള്ളിൽ അനായാസം ഇരട്ടസെഞ്ചുറിയിലേക്കെത്താം. സച്ചിനും സേവാഗും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതു തന്നെയായിരുന്നു’ – കപിൽ പറഞ്ഞു.

‘ചില സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരാൻ ആരുമുണ്ടാകില്ല. ചിലപ്പോൾ നമുക്ക് സ്വന്തം കഴിവ് തിരിച്ചറിയാനും പറ്റില്ല. സച്ചിന്റെ കഴിവ് അനുപമമായിരുന്നു. പക്ഷേ, സെഞ്ചുറിയിലെത്തിക്കഴിഞ്ഞാൽ സച്ചിൻ സിംഗിളുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് സ്ട്രൈക്ക് ചെയ്യുന്നത് ഒഴിവാക്കും’ – കപിൽ പറഞ്ഞു.

English Summary: Sachin Tendulkar did not know how to convert hundreds into 200s and 300s, says Kapil Dev

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA