sections
MORE

20 അംഗ ടീമിൽ 22 പേസ് ബോളർമാർ: പാക്ക് ടീമിനെ ‘ട്രോളി’ ശുഐബ് അക്തർ

shoaib-akhtar
അക്തർ
SHARE

ഇസ്‍ലാമബാദ്∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സിലക്ഷനെതിരെ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 20 അംഗ ടീമിൽ പേസ് ബോളർമാരുടെ എണ്ണം വളരെ അധികമാണെന്നാണ് അക്തറിന്റെ വാദം. ടീമിൽ ആർക്കാണ് അവസരം നൽകുകയെന്നതിൽ യാതൊരു ഊഹവുമില്ലെന്ന് അക്തർ പറഞ്ഞു. പരമ്പരയ്ക്കായി നിരവധി പേസ് ബോളർമാരെ ടീമിലെടുത്തതിലൂടെ ക്യാപ്റ്റന്റെയും ടീം മാനേജ്മെന്റിന്റെയും മനസ്സിലെന്താണെന്നു വ്യാഖ്യാനിക്കാൻ സാധിക്കുന്നില്ലെന്നും ഒരു പാക്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അക്തര്‍ വ്യക്തമാക്കി.

അവർ 20 അംഗ ടീമിനെയാണു പ്രഖ്യാപിച്ചത്. ആ ഇരുപതിൽ 22 ഓളം ഫാസ്റ്റ് ബോളർമാരുണ്ട്. ആരെയാണ് സിലക്ട് ചെയ്യുകയെന്നു നോക്കാം. ഇംഗ്ലണ്ടിലെ പിച്ച് എങ്ങനെയാണ്? പാക്കിസ്ഥാൻ ടീമിന് എന്താണ് ആവശ്യം? ഈ സാഹചര്യങ്ങളെല്ലാം മാനേജ്മെന്റ് എങ്ങനെയാണു കാണുന്നത്? എന്താണ് ചെയ്യാൻ പോകുന്നതെന്നതിൽ അവർക്കു യാതൊരു ആശയവുമില്ല. ഇംഗ്ലണ്ട് ടീമിനെതിരെ പാക്കിസ്ഥാന്‍ ആക്രമിച്ചു കളിക്കുമോ, പ്രതിരോധിക്കുമോ എന്നത് കാത്തിരുന്ന് അറിയണം.

അസർ അലിയുടെ കീഴിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ആക്രമണ സ്വഭാവം കാണാൻ സാധിച്ചിട്ടില്ല. മത്സരം തോൽക്കുകയാണെങ്കില്‍ ടീം സിലക്ഷന്റെ പേരിൽ പാക്കിസ്ഥാൻ ടീം മാനേജ്മെന്റ് വലിയ വിമർശനം നേരിടേണ്ടിവരും. ഫാസ്റ്റ് ബോളർമാരായ നസീം ഷായെയും ഷഹീൻ അഫ്രീദിയെയും ഉറപ്പായും കളിപ്പിക്കണം. സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ബോളർമാർ ഏറെയുള്ള ടീമിൽ സൊഹൈൽ ഖാന് അവസരം ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. ഫൈനൽ സ്ക്വാഡിനെ പ്രഖ്യാപിക്കുകയെന്നതു ടീം മാനേജ്മെന്റിന് ഏറെ ബുദ്ധിമുട്ടായിരിക്കും. സിലക്ഷൻ തെറ്റിപ്പോയാൽ ഏറെ വിമർശനങ്ങളുണ്ടാകും– അക്തർ പറഞ്ഞു.

40 താരങ്ങൾ പോയി അതിൽനിന്ന് നല്ലൊരു ടെസ്റ്റ് ടീമിനെ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിൽ നിങ്ങള്‍ പിന്നെന്താണു ചെയ്യുക. മാനേജ്മെന്റ് ഏറ്റവും മികച്ച ഇലവനെതന്നെ കളിക്കാൻ ഇറക്കണം. പ്രതിരോധം എന്ന തരത്തിൽ കളിക്കരുത്. ആദ്യ പന്തു മുതൽ തന്നെ എതിരാളികളിൽ‌ സമ്മർദം കൊണ്ടുവരാൻ സാധിക്കണമെന്നും അക്തർ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ ടീമിൽ എട്ട് പേസ് ബോളർമാരെയാണ് പാക്കിസ്ഥാൻ ഉള്‍പ്പെടുത്തിയത്. ഫഹീം അഷറഫ്, ഇമ്രാന്‍ ഖാൻ, മുഹമ്മദ് അബ്ബാസ്, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, സൊഹൈല്‍ ഖാൻ, ഉസ്മാൻ ഷിൻവാരി, വഹാബ് റിയാസ് എന്നിവരാണ് ടീമിലുള്ള ഫാസ്റ്റ് ബോളർമാര്‍.

English Summary: In the 20-member squad, there are 22 pacers– Shoaib Akhtar questions Pakistan team management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA