ADVERTISEMENT

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തെ ലൈംഗിക തൊഴിലാളികളുടെ മക്കളെ സഹായിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി ഗാസ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നൽകുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീർ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നൽകിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത 25 പെൺകുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നത്.

സമൂഹത്തിലെ എല്ലാവർക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികൾക്ക് ഞാൻ കൂടുതൽ അവസരങ്ങൾ നൽകുകയാണ്. സ്വപ്നങ്ങൾ ലക്ഷ്യമാക്കി അവർക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ഫീസ്, യുണിഫോമുകൾ, ഭക്ഷണം, കൗൺസിലിങ് ഉൾപ്പെടെയുള്ള മെഡിക്കൽ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തിൽ ചെയ്യും. കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കും.

അടുത്ത ഘട്ടത്തിൽ കൂടുതൽ കുട്ടികളെ ഏറ്റെടുക്കും. കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണു ശ്രമം. അഞ്ചു മുതൽ 18 വയസ്സുവരെയുള്ള പെൺകുട്ടികൾക്കു സ്ഥിരമായി കൗൺസിലിങ് നൽകും. അങ്ങനെ അവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കും– ഗംഭീർ വ്യക്തമാക്കി. ഇത്തരം കുട്ടികളെ സഹായിക്കാൻ ആളുകൾ മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായ ഗംഭീർ നിലവിൽ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. 

ഈസ്റ്റ് ഡല്‍ഹിയിൽനിന്നുള്ള ലോക്സഭാംഗമാണ് ഗംഭീര്‍. കോവിഡ് മഹാമാരിയെ തുടർന്ന് ഏപ്രിലിൽ രണ്ട് വര്‍ഷത്തെ ശമ്പളം ഗംഭീർ പിഎം– കെയർസ് ഫണ്ടിലേക്കു സംഭാവന നൽകിയിരുന്നു. ലോക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകളും സംഭാവന നൽകി. 2018 ഡിസംബറിലാണ് ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്.

English Summary: Gautam Gambhir to support daughters of GB Road sex workers in New Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com