ADVERTISEMENT

മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കുറേയേറെ മത്സരങ്ങളിൽ കൂടെ ടീം ഇന്ത്യയെ നയിക്കണമായിരുന്നുവെന്ന് ഇർഫാൻ പഠാൻ. സൗരവ് ഗാംഗുലിയോട് എനിക്കു വലിയ ബഹുമാനമാണ്. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരുടെ ക്യാപ്റ്റൻസി മികവിനോടും അങ്ങനെ തന്നെ. ഗൗതം ഗംഭീറും ഏറെ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കണമായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം മികച്ചൊരു നേതാവായിരുന്നു.

എനിക്ക് വിരാട് കോലി, രോഹിത് ശര്‍മ എന്നിവരോട് ആദരവാണ്. എന്നു വച്ച് എം.എസ്. ധോണിയുടെ മികവിനോട് ആദരവില്ലെന്നല്ല അതിന് അർഥമെന്നും ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവെ പഠാൻ പറഞ്ഞു. ഗൗതം ഗംഭീര്‍ ആറ് ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ആറിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര 5–0ന് ഇന്ത്യ സ്വന്തമാക്കിയപ്പോഴും ഗംഭീർ ആണ് ഇന്ത്യയെ നയിച്ചത്.

ക്യാപ്റ്റൻ സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ പ്രകടനങ്ങളെയും പഠാൻ പുകഴ്ത്തി. ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ 16 വിജയങ്ങൾ തുടർച്ചയായി നേടിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മികവ് എവിടെയും പരാമർശിക്കപ്പെടുന്നില്ല. ജനങ്ങൾ ദ്രാവിഡിനെക്കുറിച്ച് അധികമൊന്നും സംസാരിക്കുന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ദ്രാവിഡിനെ ഇഷ്ടമല്ലെന്നു പറയാൻ സാധിക്കുമോ? ഇല്ല. കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ തുടർച്ചയായി 16 ഏകദിന വിജയങ്ങൾ റൺസ് പിന്തുടർന്ന് ഇന്ത്യ നേടിയിട്ടുണ്ട്. ചിലപ്പോഴെല്ലാം ഈ പ്രകടനങ്ങൾ മറച്ചുവയ്ക്കപ്പെടുകയാണ്. നല്ലൊരു ടീമിനെ വച്ചു വിജയങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റനാണ് എം.എസ്. ധോണിയെന്നും ഇർഫാന്‍ പഠാൻ പറഞ്ഞു.

ബിഹാറിൽ പ്രളയം; 60 കുടുംബങ്ങളെ സഹായിച്ച് പഠാൻ

പ്രളയത്തിൽ വലയുന്ന ബിഹാറിലെ 60 കുടുംബങ്ങളെ ഇര്‍ഫാൻ പഠാൻ സഹായിച്ചു. ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളാണ് താരം പ്രളയത്തിൽ വലയുന്ന ജനങ്ങൾക്കായി സംഭാവന നൽകിയത്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ബറോഡ നഗരത്തിൽ ബുദ്ധിമുട്ടുന്നവർക്കായി 10,000 കിലോ അരിയും 700 കിലോ ഉരുളക്കിഴങ്ങും ഇർഫാനും സഹോദരന്‍ യൂസഫ് പഠാനും ചേർന്നു വിതരണം ചെയ്തിരുന്നു. ഇതിനു പുറമേ ഭക്ഷ്യധാന്യങ്ങള്‍, മാസ്ക്, വിറ്റമിൻ സി ഗുളികകള്‍ എന്നിവയും ഇവർ സംഭാവന നൽകി.

English Summary: I think Gautam Gambhir should’ve led India a lot more: Irfan Pathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com