ADVERTISEMENT

മുംബൈ∙ വരുന്ന ഐപിഎൽ സീസണിേലക്കുള്ള കമന്റേറ്റർ പാനലിൽ തന്നെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിസിസിഐയ്ക്ക് സഞ്ജയ് മഞ്ജരേക്കറുടെ അപേക്ഷ. മാർച്ചിൽ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കു മുന്നോടിയായാണ് സഞ്ജയ് മഞ്ജരേക്കറെ പാനലിൽനിന്ന് ഒഴിവാക്കിയത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടർന്നു മത്സരങ്ങൾ നടത്തിയില്ല. മാർഗനിര്‍ദേശങ്ങൾക്ക് അനുസരിച്ചു പ്രവര്‍ത്തിക്കാമെന്ന് മഞ്ജരേക്കർ ബിസിസിഐയ്ക്കു ഉറപ്പു നല്‍കിയതായാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കമന്റേറ്റർ പാനലിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇതു രണ്ടാം തവണയാണ് മഞ്ജരേക്കർ ബിസിസിഐയ്ക്കു കത്തയക്കുന്നത്. തുടർവിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മഞ്ജരേക്കറെ കമന്റേറ്റർ പാനലിൽനിന്നു ഒഴിവാക്കുന്നത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് മഞ്ജരേക്കർ ആക്ഷേപിച്ചിരുന്നു. ഇതിനു ജഡേജ ട്വിറ്ററിലും സെമിയിൽ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും മറുപടി നൽകി.

കൊൽക്കത്ത ഈഡൻ‌ ഗാർഡൻസിൽ നടന്ന ഇന്ത്യ–ബംഗ്ലദേശ് ഡേ–നൈറ്റ് ടെസ്റ്റിനിടെ മഞ്ജരേക്കറും ഹർഷ ഭോഗ്‍ലെയും വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയിരുന്നു. പിങ്ക് ടെസ്റ്റിനെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നായിരുന്നു ഹർഷ ഭോഗ്‍ലെയുടെ നിരീക്ഷണം. പിങ്ക് പന്ത് കളിക്കാർക്ക് എത്രത്തോളം കാണാമെന്നതും പരിശോധിക്കണമെന്ന് ഭോഗ്‍ലെ ചൂണ്ടിക്കാട്ടിയപ്പോഴാണ് മഞ്ജരേക്കർ വിയോജിച്ചത്. നിങ്ങളേപ്പോലുള്ളവർക്ക് ഇക്കാര്യം മറ്റുള്ളവരോടു ചോദിക്കേണ്ടിവരും. ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല. പന്ത് വ്യക്തമായി കാണാമെന്നുള്ളത് അല്ലാതെ തന്നെ അവർക്കറിയാം’ – ഇതായിരുന്നു മഞ്ജരേക്കറിന്റെ പരാമർശം.

ഈ രണ്ട് സംഭവങ്ങളിലും മഞ്ജരേക്കറിനെതിരെ ആരാധകരുടെ ഭാഗത്തുനിന്നും വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ പാനലിൽനിന്ന് ഒഴിവാക്കിയത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനായി ഹിമാചൽ പ്രദേശിലെ ധരംശാലയിലെത്തിയ കമന്റേറ്റേർമാർക്കൊപ്പം മഞ്ജരേക്കർ ഉണ്ടായിരുന്നില്ല. ഈ മത്സരം പിന്നീട് മഴമൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരമ്പരയിലെ മറ്റു മത്സരങ്ങൾ റദ്ദാക്കുകയും ചെയ്തു.

രവീന്ദ്ര ജഡേജയുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നാണ് ബിസിസിഐ നിലപാടെന്ന് ഒരു ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. പിങ്ക് ബോൾ ടെസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹർഷ ഭോഗ്‍ലെയോട് മഞ്ജരേക്കർ ട്വിറ്ററിൽ മാപ്പു പറഞ്ഞിട്ടുണ്ട്. വിഷയം അവസാനിപ്പിക്കുന്നതാണു നല്ലത്. ടിവി കമന്റേറ്റർമാർക്കുള്ള മാർഗനിർദേശങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഒന്നുമില്ലെങ്കിലും ക്രിക്കറ്റിനെക്കുറിച്ച് വലിയ അറിവുള്ള കമന്റേറ്ററാണ് മഞ്ജരേക്കർ– ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം സഞ്ജയ് മഞ്ജരേക്കറുടെ കാര്യത്തിൽ അന്തിമ തീരുമാനം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായിരിക്കും എടുക്കുക. ഐപിഎല്ലിൽ മഞ്ജരേക്കർ കമന്റേറ്റർ പാനലിൽ ഉൾപ്പെടുമോയെന്ന് ആരാധകരും കാത്തിരിക്കുകയാണ്.

English Summary: Sanjay Manjrekar asks BCCI to reinstate him as commentator ahead of IPL 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com