ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. മുൻപ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാൻ സാധിക്കില്ല. യുവ താരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ധോണിയുടെ പ്രകടനം നോക്കിയിട്ടാണ് അദ്ദേഹത്തിന്റെ ‘നല്ല കാലം’ കഴിഞ്ഞെന്നു പറയുന്നതെന്നും റോജര്‍ ബിന്നി പ്രതികരിച്ചു.

1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു റോജർ ബിന്നി. കരുത്തും സാമര്‍ത്ഥ്യവുമുപയോഗിച്ച് തോൽക്കുന്ന അവസ്ഥയിൽനിന്നു ധോണി കളി തന്നെ മാറ്റിയെടുത്തിട്ടുണ്ട്. സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ധോണിക്കു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്നസില്‍ കുറച്ചെങ്കിലും കുറവുണ്ട്. കൂടാതെ യുവതാരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ധോണിയുടെ ഏറ്റവും മികച്ചത് കടന്നുപോയി. ധോണി തന്നെയാണ് ഇക്കാര്യം മനസ്സിലാക്കേണ്ടത്– ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിന്നി പ്രതികരിച്ചു.

മുതിർന്ന ക്രിക്കറ്റ് താരങ്ങളെ ബഹുമാനിക്കാൻ ധോണി എപ്പോഴും തയാറായിരുന്നു. വളരെ സാധാരണക്കാരനായ വ്യക്തിയാണ് അദ്ദേഹം. ക്രിക്കറ്റ് താരങ്ങളോട് ഏറെ നേരം സംസാരിക്കാനും അദ്ദേഹത്തിന് എന്താണു വേണ്ടതെന്നു പറയാനും ധോണി എപ്പോഴും തയാറായിട്ടുണ്ടെന്നും ബിന്നി പറഞ്ഞു. 2012ൽ ബിസിസിഐയുടെ അഞ്ചംഗ സിലക്ഷൻ പാനലില്‍ അംഗം കൂടിയായിരുന്നു റോജർ ബിന്നി. 2019ൽ ന്യൂസീലാന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.

സൈന്യത്തിൽ സേവനത്തിനു പോയ ധോണി തിരിച്ചെത്തിയ ശേഷവും ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചുകൊണ്ടു ധോണി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും കോവി‍ഡ് മഹാമാരി കാരണം ഐപിഎൽ നീട്ടിവയ്ക്കുകയായിരുന്നു. യുഎഇയിൽ നടക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ച് ധോണി ക്രിക്കറ്റിൽ വീണ്ടും സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary: MS Dhoni has lost a bit of fitness, is past his best: Former BCCI selector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com