ADVERTISEMENT

ഇസ്‍ലാമബാദ്∙ അടുത്തിടെ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പരാമർശങ്ങൾ നടത്തി വിവാദത്തിലായ സംഭവത്തിൽ വിശദീകരവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഒരാൾ എപ്പോഴും സത്യം പറഞ്ഞിരിക്കണമെന്നും അതുകൊണ്ട് എന്തു സംഭവിക്കുന്നുവെന്നതിൽ പ്രശ്നമില്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. എല്ലാ കാര്യങ്ങൾക്കും മുകളിലാണു മനുഷ്യത്വമെന്നു ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയുൾപ്പെടെയുള്ള വിഷയങ്ങളായാൽ പോലും ഞാന്‍ എന്റെ അഭിപ്രായം പറയുന്നത്– ഒരു പാക്കിസ്ഥാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഫ്രീദി അവകാശപ്പെട്ടു.

പാക്ക് അധിനിവേശ കശ്മീർ സന്ദർശനത്തിനിടെ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അഫ്രീദി വിദ്വേഷ പ്രസംഗം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നതെന്നും സന്ദർശനത്തിനിടെ അഫ്രീദി പ്രസംഗിച്ചു. സംഭവത്തിനു പിന്നാലെ അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു.

20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികർ പാക്കിസ്ഥാനുണ്ടെന്നാണ് ഷാഹിദ് അഫ്രീദിയുടെ അവകാശവാദം. എന്നിട്ടും കഴിഞ്ഞ 70 വർഷമായി അവർ കശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാൻ ഖാൻ, ബജ്‌വ തുടങ്ങിയവർ ഇന്ത്യയ്‍‌ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാക്കിസ്ഥാനിലെ ജനങ്ങളെ കബളിപ്പിക്കുമായിരിക്കും. എങ്കിലും വിധി ദിവസം വരെ കശ്മീർ കിട്ടുമെന്ന് കരുതേണ്ട, ബംഗ്ലദേശ് ഓർയുണ്ടല്ലോ അല്ലേ?– എന്നായിരുന്നു ഗൗതം ഗംഭീർ അഫ്രീദിക്കെതിരെ പ്രതികരിച്ചത്. ഇന്ത്യയ്ക്കായി തോക്കെടുക്കേണ്ടി വന്നാൽ അതുചെയ്യുന്ന ആദ്യത്തെയാൾ താനായിരിക്കുമെന്നും അഫ്രീദിയുമായി ഇനിയൊരു ബന്ധവുമില്ലെന്നും ഹർഭജൻ സിങ് പ്രതികരിച്ചു.

ശിഖർ ധവാന്‍, യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവരും അഫ്രീദിക്കെതിരെ വിമർശനമുയർത്തിയിരുന്നു. ‌സംഭവം നടന്നു മാസങ്ങൾക്കു ശേഷമാണ് വിവാദത്തിൽ വിശദീകരണവുമായി അഫ്രീദി രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനു പോയ പാക്കിസ്ഥാൻ ടീം മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും അഫ്രീദി അവകാശപ്പെട്ടു. ഇംഗ്ലണ്ടിൽ മത്സര പരിചയമുള്ള പരിശീലകരുടെ പിന്തുണയോടെയാണ് പാക്കിസ്ഥാൻ ടീം കളിക്കുന്നത്. പാക്കിസ്ഥാൻ ടീമിന്റെ കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുകയും ഫിറ്റ്നസ് നിലനിർത്തുകയും ചെയ്യുന്നുണ്ട്.

എത്ര കാലം സാധിക്കുമോ, അത്രയും നാൾ ക്രിക്കറ്റ് കളിക്കും. ടീമിന് ഒരു ഭാരമാണെന്നു തോന്നുമ്പോള്‍ വഴിമാറിക്കൊടുക്കും. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബർ അസം ടീമിന്റെ നട്ടെല്ലായി മാറിയെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലിയുമായി താരതമ്യപ്പെടുത്തുന്നതു കൊണ്ട് അദ്ദേഹത്തിനു സമ്മർദമുണ്ടാകുന്നതായി തോന്നുന്നില്ല. ബാബർ അസം ഒറ്റയ്ക്ക് പാക്കിസ്ഥാനെ മത്സരങ്ങൾ ജയിപ്പിക്കുന്ന സമയം വരുമെന്നും അഫ്രീദി അഭിമുഖത്തിൽ വ്യക്തമാക്കി.

English Summary: Shahid Afridi Says 'I Don't Shy Away From Voicing My Opinion, Even if it Involves India'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com