ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ എം.എസ്. ധോണി കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിച്ചു കഴിഞ്ഞതായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ ആശിഷ് നെഹ്‍റ. ധോണി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല എന്നതു കൊണ്ടു മാത്രമാണ് ധോണിയുടെ തിരിച്ചുവരവ് ഇപ്പോഴും ചർച്ചയാകുന്നത്. നമുക്ക് ഇനി ധോണിയെ ഇന്ത്യയുടെ നീല ജഴ്സിയിൽ കാണാൻ സാധിക്കില്ലെന്നും നെഹ്റ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ധോണിയെപ്പോലൊരാൾ ഇനിയും കളിക്കാൻ തയാറായാൽ എന്റെ ലിസ്റ്റിലുണ്ടാകുന്ന ആദ്യത്തെ താരം അദ്ദേഹമായിരിക്കും. എനിക്കറിയാവുന്നിടത്തോളം ധോണി അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മത്സരം സന്തോഷത്തോടെ കളിച്ചു കഴിഞ്ഞു. എം.എസ്. ധോണിക്ക് ഇനി ഒന്നും തെളിയിക്കാനില്ല. അദ്ദേഹം വിരമിച്ചിട്ടില്ല എന്ന കാരണം കൊണ്ടാണു നമ്മളും മാധ്യമങ്ങളും ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചു ചർച്ച ചെയ്യുന്നത്. ധോണിയുടെ മനസ്സിലെന്താണെന്ന് അദ്ദേഹത്തിനു മാത്രമേ പറയാൻ സാധിക്കൂ.

ധോണിയുടെ രാജ്യാന്തര കരിയറിന്റെ കാര്യത്തിൽ ഈ വരാൻ പോകുന്ന ഐപിഎല്ലിന് ഒന്നും ചെയ്യാനുണ്ടാകില്ല. ഒരു ക്യാപ്റ്റനോ, സിലക്ടറോ, പരിശീലകനോ ആണെങ്കിൽ അദ്ദേഹം കളിക്കാൻ തയാറാണെങ്കിൽ എന്റെ ലിസ്റ്റിലെ ആദ്യത്തെയാൾ ധോണിയായിരിക്കുമെന്നും നെഹ്‍റ പറഞ്ഞു. 2019 ഏകദിന ലോകകപ്പിലെ ന്യൂസീലൻഡിനെതിരായ സെമി മത്സരത്തിലായിരുന്നു ധോണി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഈ മത്സരത്തിൽ ധോണി ക്രീസില‍ുണ്ടായിരുന്ന സമയം മുഴുവൻ ഇന്ത്യ ഫൈനലിലെത്തുമെന്നായിരുന്നു പ്രതീക്ഷയെന്നും നെഹ്‍റ വ്യക്തമാക്കി.

ആ മത്സരത്തിൽ ധോണി റൺ ഔട്ടായതോടെ എല്ലാവരുടെയും പ്രതീക്ഷകളും പോയി. ഒരു ടീമിനെ എങ്ങനെ കൊണ്ടുപോകണമെന്നു ധോണിക്ക് അറിയാം. യുവാക്കളെ മുന്നോട്ടു നയിക്കാൻ അറിയാം. ഇതൊന്നും ഞാൻ വീണ്ടും വീണ്ടും പറയേണ്ട ആവശ്യമില്ല. വരുന്ന ഐപിഎൽ സീസൺ എം.എസ്. ധോണിയുടെ സിലക്ഷന് അടിസ്ഥാനമാകുമെന്നൊന്നും എനിക്കു തോന്നുന്നില്ല– നെഹ്‍റ വ്യക്തമാക്കി.

കോവിഡ് ലോക്ഡൗണിന് ശേഷം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചുകൊണ്ടായിരിക്കും ധോണി ക്രിക്കറ്റിലേക്കു തിരിച്ചുവരിക. വിരമിക്കലിനെക്കുറിച്ചോ, ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചോ ധോണി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. സെപ്റ്റംബറിൽ യുഎഇയിൽവച്ചാണ് ഐപിഎൽ 2020 സീസൺ നടക്കുക.

Engilsh Summary: MS Dhoni Has Played His Last Game For India," Says Ashish Nehra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com