ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കവും ക്ഷമയും കാരണമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ ആരാധകര്‍ ‘ക്യാപ്റ്റന്‍ കൂൾ’ എന്നു വിളിക്കുന്നത്. ഗ്രൗണ്ടിൽ എതിരാളികളെ വീഴ്ത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നതിലും തന്ത്രങ്ങൾ മെനയുന്നതിലും ധോണിയുടെ മികവ് പല തവണ കണ്ടതാണ്. ഇത്തരത്തിൽ ധോണിയോടൊപ്പമുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ. പ്രതിഭയുള്ള ഒരു താരത്തെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ ഉൾപ്പെടുത്തണമെന്നു താൻ പറഞ്ഞിട്ടും ധോണി അതിനു തയാറായില്ലെന്നു ശ്രീനിവാസൻ പറഞ്ഞു.

ചെന്നൈ ടീമിനുള്ളിലെ യോജിപ്പ് പുതിയ താരം തകർക്കുമെന്നായിരുന്നു ധോണിയുടെ കണക്കുകൂട്ടലെന്നും ശ്രീനിവാസൻ ഒരു വെബിനാറിൽ പ്രതികരിച്ചു. പ്രതിഭയുള്ളൊരു താരത്തെ ‍ഞങ്ങൾ ധോണിയോടു നിർദേശിച്ചിരുന്നു. എന്നാൽ പറ്റില്ല, സര്‍ അയാൾ ടീമിനെ നശിപ്പിക്കുമെന്നായിരുന്നു ധോണി അന്ന് പറഞ്ഞത്– ശ്രീനിവാസൻ വ്യക്തമാക്കി. ഒരു ടീമിനെ സംബന്ധിച്ചു യോജിപ്പ് എന്നതു പ്രധാനമാണ്. യുഎസിൽ ഫ്രാഞ്ചൈസികൾ അടിസ്ഥാനമാക്കിയുള്ള ടീമുകൾ ഏറെക്കാലമായുണ്ട്. പക്ഷേ ഇന്ത്യയിൽ നമ്മൾ അതു തുടങ്ങിയിട്ടേയുള്ളൂ.

ധോണി ഒരു താരത്തെ വിലയിരുത്തുന്നത് നെറ്റ്സിലെ പ്രകടനവും സമ്മർദങ്ങൾ നേരിടാനുള്ള ശേഷിയും നോക്കിയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ രൂപീകരണത്തിൽ ധോണിയുടെ തന്ത്രങ്ങളും തീരുമാനവും നിർണായകമാണെന്നും ശ്രീനിവാസൻ പറഞ്ഞു. ടീം മീറ്റിങ്ങുകളിൽ ധോണിക്കു വിശ്വാസമില്ല. ഉദാഹരണത്തിന് ടീമിന്റെ ബോളിങ് പരിശീലകർ നേരിടാൻ പോകുന്ന ബാറ്റ്സ്മാൻമാരുടെ വി‍ഡിയോകൾ പ്ലേ ചെയ്ത് അവരെ പുറത്താക്കാനുള്ള വഴികൾ ചർച്ച ചെയ്യാറുണ്ട്. താരങ്ങളുടെ കരുത്തും ദൗർബല്യവും കണ്ടെത്തുകയാണു ലക്ഷ്യം.

എന്നാൽ ധോണി ഇതിലൊന്നും പങ്കെടുക്കാറില്ല. ഈ വിഷയത്തിൽ ധോണിക്ക് സഹജവാസനയുണ്ട്. എല്ലാവരും അഭിപ്രായങ്ങൾ പറയുമ്പോള്‍ ധോണി മാറിനിൽക്കുകയാണു ചെയ്യാറ്. ഒരു ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന് മുൻപ് ഒരു താരമല്ല, മറിച്ച് ഫ്രാഞ്ചൈസിയാണു നമുക്ക് സ്വന്തമെന്ന് ഓര്‍ക്കണം. ടീമാണ് സ്വന്തം, അല്ലാതെ ഓരോ താരങ്ങളുമല്ല. ഐപിഎല്ലിലും ട്വന്റി20യിലും എല്ലാവരും മികച്ച താരങ്ങളാണ്. 10–12 പേരെ ഒരുമിച്ചു കൊണ്ടുപോകുകയെന്നത് എളുപ്പമുള്ള ജോലിയല്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

ശ്രീനിവാസൻ തലവനായിട്ടുള്ള ഇന്ത്യ സിമന്റ്സാണ് ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഉടമകൾ. ഐപിഎല്ലിലെ ഇതുവരെയുള്ള 12 ഫൈനലുകളിൽ ഒൻപതിലും ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിലെത്തിയത് ധോണിയുടെ ക്യാപ്റ്റൻസിയുടെ മികവായാണു വിലയിരുത്തപ്പെടുന്നത്. മൂന്ന് തവണ ധോണിയുടെ കീഴിൽ ചെന്നൈ കിരീടം സ്വന്തമാക്കി. ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളതും ധോണിയാണ്.

English Summary: N Srinivasan recalls when MS Dhoni refused to take an ‘outstanding player’ in CSK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com