ADVERTISEMENT

ന്യൂഡൽഹി∙ ട്വന്റി 20 കരിയറിൽ വലിയ നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്ത താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ്. രാജ്യാന്തര തലത്തിൽ ഒരേയൊരു ട്വന്റി 20 മത്സരം മാത്രമാണ് ദ്രാവിഡ് കളിച്ചിട്ടുള്ളത്. ആകെ സമ്പാദ്യം 31 റൺസ്. 89 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 2174 റൺസും ദ്രാവി‍ഡിന്റെ അക്കൗണ്ടിലുണ്ട്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് രാഹുൽ ദ്രാവിഡ് ഐപിഎൽ കരിയർ ആരംഭിക്കുന്നതെങ്കിലും രാജസ്ഥാൻ റോയൽ‌സിലെ അദ്ദേഹത്തിന്റെ സാന്നിധ്യമാണ് ആരാധകർ എക്കാലവും ഓർക്കുന്നത്. ആർ‌സിബിക്കൊപ്പം മൂന്ന് സീസണുകൾ ചെലവഴിച്ചതിന് ശേഷം 2011ലാണ് ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ ചേക്കേറുന്നത്. അന്നുമുതൽ റോയൽസ് മാനേജ്മെന്റുമായി അദ്ദേഹം അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടതന്നെയാണ് കളമൊഴിഞ്ഞ ശേഷം ടീമിന്റെ മെന്റർ സ്ഥാനത്തേയ്ക്കും ദ്രാവിഡ് എത്തുന്നത്.

ആദ്യ സീസണിൽ ജേതാക്കളായ ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ പറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. 2011ലും 2012ലും പോയിന്റ് പട്ടികയിൽ യഥാക്രമം ആറും ഏഴും സ്ഥാനത്തായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ അതിനുശേഷമുള്ള സീസണിൽ മൂന്നാം സ്ഥാനത്തെത്തിയതോടെ ചാംപ്യൻസ് ലീഗ് ബെർത്ത് ഉറപ്പിക്കാൻ രാജസ്ഥാനായി. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ബ്രാഡ് ഹോഡ്ജിന്റെ പ്രകടനമായിരുന്നു ആ സീസണിൽ രാജസ്ഥാനെ ശരിക്കും ‘റോയൽ’ ആക്കിയത്.

എന്നാൽ ഐപിഎല്ലിലെ ‘ഫ്ലോപ്’ ബാറ്റ്സ്മാനായിരുന്ന ഹോഡ്ജിനെ ‘സ്റ്റാർ’ പ്ലെയർ ആക്കിയതിനു പിന്നിലെ ദ്രാവിഡിന്റെ പങ്കിനെക്കുറിച്ച് അധികമാർക്കും അറിയില്ല. ഇൻസൈറ്റ്സ് vs ഇന്‍സൈറ്റ്സ് പാനൽ ചർച്ചയിലാണ് ഓസീസിന്റെ ഈ ‘എക്സ്പ്ലോസീവ്’ ബാറ്റ്സ്മാനെ കണ്ടെത്തിയ കഥ രാഹുൽ ദ്രാവിഡ് വിവരിച്ചത്. അത് ഇങ്ങനെ:

brad-hodge-rr
ബ്രാഡ് ഹോഡ്ജ്

‘ആർ‌സി‌ബിക്കുശേഷം, ഞാൻ ആർആറിൽ എത്തി.‌ ക്യാപ്റ്റൻ‌-കോച്ച്-മാനേജ്മെന്റ് റോളായിരുന്നു എനിക്ക് ടീമിലുണ്ടായിരുന്നത്. ഞങ്ങൾ‌ ധാരാളം ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും പരിശോധിച്ചു. രാജസ്ഥാൻ റോയൽസ് അക്ഷരാർത്ഥത്തിൽ‌ ഒരു മണിബോൾ‌ ടീമായിരുന്നു. ബജറ്റിന്റെ 40-60 ശതമാനം ഉപയോഗിച്ച് മുൻനിര ടീമുകളുമായി ഞങ്ങൾക്ക് മത്സരിക്കേണ്ടിവന്നു. എല്ലാവർക്കും ആവശ്യത്തിലധികം വിവരങ്ങൾ ലഭിക്കുന്ന അന്തരീക്ഷത്തിൽ അതത്ര എളുപ്പമായിരുന്നില്ല.’ – ദ്രാവിഡ് പറഞ്ഞു.

ഞാൻ ശ്രദ്ധിച്ച ഒരാൾ ബ്രാഡ് ഹോഡ്ജ് ആയിരുന്നു. ഓസ്ട്രേലിയയിൽ അസാധാരണമായ ടി20 റെക്കോർഡ് ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ അഞ്ചോ ആറോ ഐപിഎൽ മാത്രം കളിച്ച ഹോഡ്ജിന്റെ ഇന്ത്യയിലെ പ്രകടനം വളരെ മോശമായിരുന്നു. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ തിളങ്ങാത്തതെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഫാസ്റ്റ് ബോളിങ്ങിനെതിരെ വളരെ മികച്ച കളിക്കാരനായിരുന്നു അദ്ദേഹം, പക്ഷേ ലെഗ് സ്പിന്നിനെതിരെയും ലെഫ്റ്റ് സ്പിന്നിനിനെതിരെയും റൺസ് കണ്ടെത്താൻ അദ്ദേഹം ബുദ്ധിമുട്ടി.

ഞങ്ങൾ നോക്കിയ ഒരു കാര്യം, മത്സരത്തിന്റെ ഏതു ഘട്ടത്തിൽ ഹോഡ്ജിനെപ്പോലെ ഫാസ്റ്റ് ബോളിങ്ങിനെ മാത്രം നേരിടുന്ന ഒരാളെ ഇറക്കാമെന്നായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തെ അഞ്ചോ ആറോ ഓവറുകളിലാണ് എല്ലാ ടീമുകളും അവരവരുടെ ബെസ്റ്റ് ഡെത്ത് ഓവർ ബോളർമാരെ തിരികെക്കൊണ്ടു വരുന്നത്. ബ്രാഡ് ഹോഡ്ജിന്റെ അവസരം അതുതന്നെയെന്ന് ഞങ്ങൾ ഉറപ്പിച്ചു. അങ്ങനെയാണ് ലേലത്തിൽ അദ്ദേഹത്തെ വാങ്ങിക്കാൻ തീരുമാനിക്കുന്നത്.

നിങ്ങൾക്കറിയാവുന്നതുപോലെ, ഹോഡ്ജ് ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാനാണ്, അദ്ദേഹത്തിന്റെ ബാറ്റിങ് കഴിവിൽ ശരിക്കും അഭിമാനമുണ്ട്. കൂടാതെ ഓസ്ട്രേലിയൻ ടീമിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റിങ് നടത്തുകയും ചെയ്യുന്നു. മത്സരത്തിന്റെ അവസാനം ഇറങ്ങണമെന്ന് ഹോഡ്ജിനോട് പറഞ്ഞപ്പോൾ സ്വാഭാവികമായും അദ്ദേഹം എതിർത്തു. എന്നാൽ അദ്ദേഹത്തിന്റെ ഡേറ്റ അദ്ദേഹത്തെ തന്നെ കാണിച്ചപ്പോൾ ഹോഡ്ജ് സമ്മതിച്ചു. ചെന്നൈയ്ക്ക് ധോണിയെ പോലെ, മുംബൈയ്ക്ക് പൊള്ളാർഡിനെ പോലെ, ആർസിബിക്ക് ഡിവില്ലേഴ്സിനെ പോലെ, രാജസ്ഥാനും ഒരാൾ ആവശ്യമായിരുന്നു. ഹോഡ്ജിന് ഏറ്റവുമധികം റൺസ് നേടാനുള്ള അവസരമാണ് ഞങ്ങൾ നൽകിയതെന്ന് ദ്രാവിഡ് പറഞ്ഞു.

അതു തെളിയിക്കുന്നതായിരുന്നു ബ്രാഡ് ഹോഡ്ജിന്റെ തുടർന്നുള്ള സ്കോർകാർഡ്. ഐ‌പി‌എല്ലിന്റെ ആദ്യ മൂന്നു സീസണുകൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഒരെണ്ണം കൊച്ചി ടസ്‌കേഴ്‌സിനുമായാണ് ഹോഡ്ജ് കളത്തിലിറങ്ങിത്. കെകെആറിനായി 19 മത്സരങ്ങളിൽനിന്ന് ഹോഡ്ജ് 476 റൺസും ടസ്‌കേഴ്‌സിനായി 14 കളികളിൽ നിന്ന് 285 റൺസും നേടി. എന്നാൽ റോയൽസില്‍ എത്തിയപ്പോൾ ഹോഡ്ജിന്റെ തലവര മാറി. അടുത്ത രണ്ട് സീസണുകളിലായി 245, 293 എന്നിങ്ങനെയായിരുന്നു സമ്പാദ്യം. രണ്ട് സീസണുകളിലും യഥാക്രമം 140, 134.40 സ്ട്രൈക്ക് റേറ്റ് നേടിയ അദ്ദേഹം, ആ വർഷം പ്ലേ ഓഫിലേക്കുള്ള റോയൽസിന്റെ കുതിപ്പിൽ നിർണായക പങ്കും വഹിച്ചു. ദ്രാവിഡ് സ്കൂളിലെ മറ്റൊരു ശിക്ഷ്യൻ.

English Summary: ‘He had a phenomenal T20I record’: How Rahul Dravid helped Rajasthan Royals find an explosive batsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com