ADVERTISEMENT

ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിക്കെതിരെ മനഃപൂർവം ബീമർ (അപകടകരമായി ബാറ്റ്സ്മാന്റെ അരയ്ക്കു മുകളിൽ എറിയുന്ന പന്ത്) എറിഞ്ഞിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞ് പാക്കിസ്ഥാന്റെ മുൻ പേസ് ബോളർ ശുഐബ് അക്തർ. 2006ലെ ടെസ്റ്റ് പരമ്പരയിൽ ഫൈസലാബാദിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ധോണിക്കെതിരെ മനഃപൂർവം ബീമർ എറിഞ്ഞതായി അക്തറിന്റെ കുറ്റസമ്മതം. ഈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ് ധോണി രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി കുറിച്ചത്.

അന്ന് അക്തർ ഉൾപ്പെടെയുള്ള പാക്ക് ബോളർമാരെ കടന്നാക്രമിച്ച ധോണി 19 ഫോറും നാലു സിക്സും സഹിതം 148 റണ്‍സാണ് നേടിയത്. സമനിലയിൽ അവസാനിച്ച ഈ ടെസ്റ്റിൽ ധോണിയുടെ ആക്രമണത്തിൽ മനസ്സു മടുത്ത് അദ്ദേഹത്തിനെതിരെ ബീമർ എറിഞ്ഞെന്നാണ് അക്തറിന്റെ വെളിപ്പെടുത്തൽ.

ഈ മത്സരത്തിൽ അക്തറിന്റെ ഒരു ഓവറിൽ ധോണി മൂന്നു ഫോർ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ധോണിയുടെ തല ഉന്നമിട്ട് അക്തർ ബീമർ എറിഞ്ഞത്. ഭാഗ്യവശാൽ ധോണിയുടെ ദേഹത്തു കൊള്ളാതിരുന്ന പന്ത് ശിരസ്സിനോടു ചേർന്ന് വൈഡായി ബൗണ്ടറി കടക്കുകയായിരുന്നു. ഈ ബീമർ മനഃപൂർവം എറിഞ്ഞതാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് അക്തർ വ്യക്തമാക്കിയത്.

‘അന്ന് ഫൈസലാബാദിൽ തുടർച്ചയായി എട്ടോ ഒൻപതോ സ്പെല്ലുകളാണ് ഞാൻ മാത്രം ബോൾ ചെയ്തത്. ആ മത്സരത്തിൽ തകർത്തടിച്ച ധോണി സെഞ്ചുറി കുറിച്ചു. ഇതിനു പിന്നാലെ ധോണിക്കെതിരെ ഞാൻ ഒരു ബീമർ എറിഞ്ഞു. അതു മനഃപൂർവമായിരുന്നു. പിന്നീട് അബദ്ധം മനസ്സിലാക്കി ധോണിയോട് ക്ഷമ പറഞ്ഞു’ – അക്തർ വെളിപ്പെടുത്തി.

‘എന്റെ ജീവിതത്തിൽ ആദ്യമായി മനഃപൂർവം ബീമർ എറിഞ്ഞത് അന്നാണ്. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നതാണ് സത്യം. ഇതേക്കുറിച്ച് ഒട്ടേറെത്തവണ എനിക്ക് ഖേദം തോന്നിയിട്ടുണ്ട്. ആ ടെസ്റ്റിൽ പിച്ചിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. ധോണിയാകട്ടെ ഉജ്വല ഫോമിലും. ഞാൻ എത്ര വേഗത്തിൽ ബോൾ ചെയ്തിട്ടും ധോണി അടിച്ചുതകർത്തുകൊണ്ടിരുന്നു. ഇതോടെ മനസ്സു മടുത്താണ് ആ ബീമർ ബോൾ ചെയ്തത്’ – അക്തർ പറഞ്ഞു.

English Summary: ‘I think I got frustrated’: When Shoaib Akhtar apologised to MS Dhoni for ‘purposely’ bowling a beamer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com