ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് തുടക്കത്തിലേ തിരിച്ചടി. വിദേശ താരങ്ങളിൽ പലർക്കും നിശ്ചയിച്ച സമയത്ത് എത്തിച്ചേരാനാകില്ലെന്ന് വ്യക്തമായതോടെ ഇത് ടീമിന്റെ ഒരുക്കത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക. സെപ്റ്റംബർ ഒന്നോടെ യുഎഇയിലെത്തേണ്ട ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസി വൈകിയേ എത്തൂവെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ഈ സമയത്ത് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. ഡുപ്ലേസിക്കൊപ്പം എത്തേണ്ട പേസ് ബോളർ ലുൻഗി എൻഗിഡിയുടെ വരവിന്റെ കാര്യത്തിലും അവ്യക്തതയുണ്ട്.

ഓഗസ്റ്റ് 18ന് ട്രിനിഡാഡിൽ ആരംഭിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ചെന്നൈയുടെ മൂന്നു താരങ്ങളും എത്താൻ വൈകുമെന്നാണ് വിവരം. വിൻഡീസ് താരം ഡ്വെയിൻ ബ്രാവോ, ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ, ന്യൂസീലൻഡ് താരം മിച്ചൽ സാന്റ്നർ എന്നിവരാണ് സിപിഎല്ലിൽ കളിക്കുന്നത്. ന്യൂസീലൻഡിൽനിന്നുള്ള മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്, ഓസ്ട്രേലിയയിൽനിന്നുള്ള ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി, ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ എന്നിവർ ഓഗസ്റ്റ് 22ന് യുഎഇയിലേക്ക് പുറപ്പെടുന്നതിനായി ചെന്നൈയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രാജ്യാന്തര മത്സരങ്ങൾക്കായി തയാറെടുക്കുന്ന ഓസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡ്, ഇംഗ്ലണ്ട് താരം സാം കറൻ എന്നിവർ വൈകി മാത്രമേ ടീമിനൊപ്പം ചേരൂവെന്ന് അറിയിട്ടുണ്ട്. ഇവർ രണ്ടുപേരും സെപ്റ്റംബർ പകുതിയോടെ മാത്രമേ എത്തൂ. ക്വാറന്റീൻ പൂർത്തിയാക്കി കളത്തിലിറങ്ങുമ്പോൾ വീണ്ടും വൈകുമെന്ന് ചുരുക്കം.

അതിനിടെ, പുതിയ സീസണിനു മുന്നോടിയായുള്ള ക്യാംപ് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഈ മാസം 15ന് തുടങ്ങാനാണ് ടീം മാനേജ്മെന്റിന്റെ പദ്ധതി. അഞ്ചു ദിവസം നീളുന്ന ക്യാംപിനു ശേഷം ഓഗസ്റ്റ് 22ന് ടീം യുഎഇയിലേക്ക് തിരിക്കും. നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലെ ക്യാംപ് ടീം മാനേജ്മെന്റ് നിർത്തിവച്ചിരുന്നു. അന്ന് ക്യാംപിലുണ്ടായിരുന്ന ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ഉൾപ്പെടെയുള്ളവർ സ്വദേശങ്ങളിലേക്ക് മടങ്ങി. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് യുഎഇയിൽ ഐപിഎൽ അരങ്ങേറുക.

English Summary: CSK set to be hampered by late arrival of many stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com