ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ യുഎഇയിലേക്ക് പറിച്ചുനട്ടതോടെ ഇന്ത്യയിലെ അൻപതോളം യുവ ബോളർമാരുടെ തലവര തെളിയുന്നു. പരിശീലന സമയത്ത് നെറ്റ്സിൽ പന്തെറിയാൻ 10 പ്രാദേശിക ബോളർമാരെ അധികമായി ടീമിനൊപ്പം യുഎഇയിലേക്ക് കൊണ്ടുപോകാൻ പ്രമുഖ ടീമുകൾ തീരുമാനിച്ചതോടെയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളാണ് 10 ബോളർമാരെ വീതം അധികമായി ടീമിനൊപ്പം യുഎഇയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത്. ഡൽഹി ക്യാപിറ്റൽസ് ആറു ബോളർമാരെയും അധികമായി കൊണ്ടുപോകും. രാജസ്ഥാൻ റോയൽസ് ഉള്‍പ്പെടെയുള്ള ടീമുകൾ ഒപ്പം കൊണ്ടുപോകേണ്ട ബോളർമാരുടെ എണ്ണത്തിൽ അന്തിമ തീരുമാനത്തിയിട്ടില്ല.

നെറ്റ്സിൽ പന്തെറിയുന്നതിനു മാത്രമാണ് ഇവരെ യുഎഇയിലേക്കു കൊണ്ടുപോകുക. ടൂർണമെന്റ് തുടങ്ങുന്നതുവരെ ഇവർ ടീമിനൊപ്പം തുടരുമെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചത്. ഫസ്റ്റ് ക്ലാസ്, അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽനിന്നുള്ള ബോളർമാരെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇതോടെ രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾക്കെതിരെ ബോൾ ചെയ്യാൻ ഈ താരങ്ങൾക്ക് അവസരം ലഭിക്കും. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം പോകുന്ന 10 ബോളർമാർക്ക് മാത്രം മഹേന്ദ്രസിങ് ധോണി, സുരേഷ് റെയ്ന, ഫാഫ് ഡുപ്ലേസി, ഷെയ്ൻ വാട്സൻ, അമ്പാട്ടി റായുഡു തുടങ്ങിയ ലോകോത്തര ബാറ്റ്സ്മാൻമാർക്കെതിരെ ബോൾ ചെയ്യാൻ അവസരം ലഭിക്കും.

പരിശീലനം നടക്കുന്ന സ്ഥലത്തുനിന്നുള്ള ബോളർമാരെ നെറ്റ്സിൽ പന്തെറിയാൻ നിയോഗിക്കുന്നതാണ് ടീമുകൾ പിന്തുടരുന്ന പതിവ്. ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബിൾ സംവിധാനം നിലനിൽക്കുന്നതിനാലാണ് ബോളർമാരെ ഇന്ത്യയിൽനിന്നു തന്നെ കൊണ്ടുപോകാനുള്ള തീരുമാനം. ടീമിനൊപ്പം യാത്രചെയ്ത് ക്വാറന്റീന്‍ പൂർത്തിയാക്കി ടീമിലെ ബാറ്റ്സ്മാൻമാരെ പരിശീലനത്തിൽ സഹായിക്കുകയാണ് ഇവരുടെ ദൗത്യം.

‘സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നെറ്റ്സിൽ പന്തെറിയുന്നതിനു വേണ്ടി മാത്രം 10 ബോളർമാരെ ടീമിനൊപ്പം കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. അവർ ടീമിനൊപ്പം യുഎഇയിലേക്ക് പോകും. ടൂർണമെന്റ് തുടങ്ങുന്നതുവരെ ടീമിനൊപ്പം തുടരും’ – ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.

10 ബോളർമാരെ നെറ്റ്സിൽ പന്തെറിയുന്നതിനു വേണ്ടി മാത്രമായി കൊണ്ടുപോകുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ രഞ്ജി ടീമിന്റെ മുൻ നായകനും മലയാളിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അക്കാദമിയിലെ പരിശീലകനുമായ അഭിഷേക് നായരാണ് നെറ്റ്സിൽ പന്തെറിയാനുള്ള ബോളർമാരെ തിരഞ്ഞെടുക്കുക. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽനിന്നുള്ള താരങ്ങൾക്കു പുറമെ രഞ്ജി ട്രോഫി താരങ്ങളെയും ഉൾപ്പെടുത്തുമെന്നാണ് കൊൽക്കത്ത ടീം അറിയിച്ചിരിക്കുന്നത്.

English Summary: Teams including CSK, KKR and Delhi Capitals set to carry net bowlers to UAE for IPL 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com