ADVERTISEMENT

അഹമ്മദാബാദ്∙ കാർ യാത്രയ്ക്കിടെ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ വഴിതടഞ്ഞ വനിതാ പൊലീസിനോട് കയർത്തത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയല്ലെന്ന് ഗുജറാത്ത് പൊലീസ്. ജഡേജയ്ക്കൊപ്പമുണ്ടായിരുന്ന ഭാര്യ റീവ സോളങ്കിയാണ് ഹെഡ് കോൺസ്റ്റബിൾ സൊനാൽ ഗോസായിയോട് തട്ടിക്കയറിയത്. തിങ്കളാഴ്ച രാവിലെ നടന്ന ചൂടൻ വാഗ്വാദത്തിനു പിന്നാലെ കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണിത്.

ഗുജറാത്തിലെ രാജ്കോട്ടിൽ ജഡേജയും ഭാര്യ റീവയും ഇവരുടെ ചില സുഹൃത്തുക്കളും കാറിൽ യാത്ര ചെയ്യുമ്പോഴാണ് മാസ്ക് ധരിക്കാത്തതിന് പൊലീസ് വഴിതടഞ്ഞത്. ഈ സമയത്ത് കാർ ഓടിച്ചിരുന്ന ജഡേജ മാസ്ക് ധരിച്ചിരുന്നു. എന്നാൽ, റീവയ്ക്ക് മാസ്ക് ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് മാസ്ക് ധരിച്ചശേഷം യാത്ര തുടരാൻ കോൺസ്റ്റബിൾ നിർദ്ദേശിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. തുടർന്ന് ഇവർ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു.

‘രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ സോളങ്കി മാസ്ക് ധരിച്ചിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായത്. ഇത്തരമൊരു ചെറിയ പ്രശ്നം വലിയൊരു സംഭവമായതിനു കാരണമെന്താണെന്ന് വ്യക്തമല്ല. ഇരു കൂട്ടരും തമ്മിൽ കടുത്ത വാഗ്വാദം നടന്നതായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്’ – ഡപ്യൂട്ടി കമ്മിഷണർ മനോഹർസിങ് ജഡേജ പിടിഐയോട് പറഞ്ഞു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ സൊനാൽ ഗോസായിയെ ഡിസ്ചാർജ് ചെയ്തു. ഇവർ സുഖമായിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

ജഡേജയുടെ ഭാര്യ റീവ പൊലീസുമായി കോർത്ത് വിവാദത്തിൽ ചാടുന്നത് ഇതാദ്യമല്ല. 2018ലാണ് ഇത്തരമൊരു സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. റീവ ഓടിച്ചിരുന്ന കാർ ഒരു പൊലീസുകാരന്റെ ബൈക്കിൽ ഇടിച്ചതായിരുന്നു പ്രകോപനം. ബൈക്കിൽ യാത്ര ചെയ്തിരുന്ന പൊലീസ് കോൺസ്റ്റബിൾ സഞ്ജയ് ആഹിർ റീവയെ മർദിച്ചതോടെ രംഗം മാറി. റീവയുടെ തലമുടിക്കു പിടിച്ചുവലിച്ച ആഹിർ അവരുടെ കരണത്തടിച്ചെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ആരോപണവിധേയനായആഹിറിനെ റീവയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു.

∙ വിവാദങ്ങൾ മുൻപും

രവീന്ദ്ര ജഡേജയും ഭാര്യ റീവ സോളങ്കിയും ഒന്നിച്ച് വിവാദത്തിൽ ചാടുന്നത് ഇതാദ്യമല്ല. ഗുജറാത്തിലെ ജാംനഗർ സ്വദേശിയാണു രവീന്ദ്ര ജഡേജ. 2018ൽ ജഡേജയും ഭാര്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഗുജറാത്തിലെ കർണി സേന വനിതാ വിഭാഗം അധ്യക്ഷയായി റീവയെ നിയമിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവർക്കു ബിജെപി സീറ്റു നൽകുമെന്നും വാർത്തകളുണ്ടായി. എന്നാൽ, പിന്നീടായിരുന്നു ട്വിസ്റ്റ്. തൊട്ടടുത്ത മാസം ജഡേജയുടെ അച്ഛനും സഹോദരിയും കോൺഗ്രസിൽ ചേർന്നു. ജാംനഗറിലെ തിരഞ്ഞെടുപ്പു റാലിയിൽ പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണു ജഡേജയുടെ പിതാവ് അനിരുദ്ധ് സിൻഹ്, സഹോദരി നെയ്നാബ എന്നിവർ കോൺഗ്രസിൽ ചേർന്നത്. ഭാര്യ ബിജെപിയിലും, അച്ഛനും സഹോദരിയും കോൺഗ്രസിലുമാണെങ്കിലും ആർക്കൊപ്പമാണെന്ന കാര്യത്തിൽ ജഡേജ മനസ്സു തുറന്നിട്ടില്ല. 

∙ വിവാഹത്തിനൊപ്പം ആദ്യ വിവാദം

ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ടാണ് ആദ്യ വിവാദമെന്ന പ്രത്യകതയുമുണ്ട്. 2016 ഏപ്രിലിലായിരുന്നു ജഡേജ–റീവ വിവാഹം. വിവാഹ ചടങ്ങിനിടെ വെടിവയ്പ്പുണ്ടായതാണ് വിവാദമായത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വരനെ പ്രദക്ഷിണമായി ആനയിക്കുന്നതിനിടെ ജഡേജയുടെ ബന്ധുക്കളിലാരോ ആഹ്ലാദ സൂചകമായി മുകളിലേക്ക് വെടിവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് അന്വേഷിക്കാനായി പൊലീസ് എത്തിയതോടെ സംഗതി കൈവിട്ടുപോയി. ആർക്കും പരുക്കേറ്റില്ലെങ്കിലും ഇത്തരത്തിൽ തോക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. ലൈൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെങ്കിൽ പോലും സ്വയരക്ഷയ്ക്കല്ലെങ്കിൽ നിയമവിരുദ്ധമാണ്. കുറ്റം തെളിയുന്ന പക്ഷം മൂന്നു വർഷം വരെ തടവുശിക്ഷയും ലഭിക്കാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

∙ (സിംഹങ്ങൾക്കൊപ്പം) സെൽഫി വിവാദം

സിംഹങ്ങൾക്കൊപ്പം നിയമവിരുദ്ധമായി സെൽഫിയെടുത്തും വിവാദത്തിൽ ചാടിയിട്ടുണ്ട് ഇരുവരും. 2016 ജൂണിലാണ് സംഭവം. ജഡേജയും ഭാര്യ റീവയും ഗുജറാത്തിലെ ഗീർ വന്യജീവി സങ്കേതം സന്ദർശിച്ചപ്പോഴാണ് പശ്ചാത്തലത്തിൽ സിംഹങ്ങളുമായി സെൽഫിയെടുത്തത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സെൽഫികളിലൊന്നിൽ ജഡേജയും റീവയും നിലത്തിരിക്കുമ്പോൾ പിന്നിലെ മരത്തണലിൽ ഒരു സിംഹം വിശ്രമിക്കുന്നതു കാണാം. സംഭവം വിവാദമായതോടെ പിഴയടച്ച് ജഡേജ തലയൂരി‍. ഗുജറാത്ത് വനം വകുപ്പിന്റെ നിർദേശപ്രകാരം 20,000 രൂപയാണു പിഴയടച്ചത്.

English Summary: Ravindra Jadeja, Reeva Solanki, Controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com