ADVERTISEMENT

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റിനെ തകർത്തത് മുൻ ക്യാപ്റ്റനും നിലവിൽ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ സഹതാരവും ക്യാപ്റ്റനുമായിരുന്ന ജാവേദ് മിയാൻദാദ് രംഗത്ത്. ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നവരിൽ ആർക്കും ക്രിക്കറ്റിന്റെ ‘എബിസിഡി’ അറിയില്ലെന്നും മിയാൻദാദ് ആരോപിച്ചു. ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാക്കിയത് താനാണെന്ന് അവകാശപ്പെട്ട മിയാൻദാദ്, പാക്കിസ്ഥാനിലെ സാധാരണക്കാർക്കായാണ് താൻ സംസാരിക്കുന്നതെന്നും വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ഇമ്രാൻ ഖാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുമെതിരെ മിയാൻദാദ് വാളെടുത്തത്.

‘പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തിരിക്കുന്ന ആർക്കും ക്രിക്കറ്റിന്റെ ‘എബിസിഡി’ അറിയില്ല. പാക്കിസ്ഥാനിലെ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് ഇമ്രാൻ ഖാനുമായി ഞാൻ വ്യക്തിപരമായി സംസാരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ നൻമയ്ക്കായി പ്രവർത്തിക്കാത്ത ആരെയും ഞാൻ വെറുതേ വിടില്ല. പാക്ക് ബോർഡിന്റെ തലപ്പത്ത് നിങ്ങൾ വിദേശത്തുനിന്ന് ഒരാളെ (വസിം ഖാൻ) കൊണ്ടുവന്ന് പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ. അയാൾ നമുക്കുള്ളതും മോഷ്ടിച്ച് കടന്നുകളഞ്ഞാൽ എവിടെപ്പോയി പിടികൂടും? പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്ന് തലപ്പത്ത് വയ്ക്കാൻ ഇവിടെയുള്ള എല്ലാവരും മരിച്ചുപോയോ?’ – മിയാൻദാദ് ചോദിച്ചു.

‘പാക്കിസ്ഥാനിലെ ജനങ്ങൾ ഇതിനെതിരെ ഒന്നടങ്കം രംഗത്തുവരണം. ക്രിക്കറ്റ് രംഗം ഭരിക്കാൻ നമ്മുടെ രാജ്യത്ത് നല്ലൊരാളെ കിട്ടാനില്ലെങ്കിൽ തീർച്ചയായും പുറത്തുനിന്ന് കൊണ്ടുവരണം. പക്ഷേ, ഇപ്പോൾ ഇവിടെ അതല്ലല്ലോ സ്ഥിതി’ – മിയാൻദാദ് ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന്റെ പേരിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ റദ്ദാക്കിയ തീരുമാനം രാജ്യത്തെ ഒട്ടേറെ യുവതാരങ്ങളെ തൊഴിൽരഹിതരാക്കിയെന്നും മിയാൻദാദ് ആരോപിച്ചു.

‘ഇപ്പോൾ പാക്കിസ്ഥാനിൽ സജീവ ക്രിക്കറ്റിലുള്ള താരങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട്. മറ്റു തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവരായി അവരെ കാണാൻ എനിക്ക് താൽപര്യമില്ല. ഡിപ്പാർട്ട്മെന്റ് തല ക്രിക്കറ്റ് അടച്ചുപൂട്ടിയതിലൂടെ ഒട്ടേറെ താരങ്ങളാണ് തൊഴിൽരഹിതരായത്. അവർക്ക് ഇന്നുവരെ പകരം തൊഴിൽ നൽകാൻ നമുക്കു കഴിഞ്ഞിട്ടുമില്ല. മുൻപും ഞാനിത് പറഞ്ഞിട്ടുണ്ട്. പക്ഷേ, കേൾക്കേണ്ടവർ കേൾക്കുന്നില്ല’ – മിയാൻദാദ് പറഞ്ഞു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉത്തരവാദിത്തരഹിതമായി പ്രവർത്തിച്ച് രാജ്യത്തെ ക്രിക്കറ്റിനെ നശിപ്പിക്കുമ്പോഴും അതിലേക്ക് ശ്രദ്ധ കൊടുക്കാൻ ഇമ്രാൻ ഖാൻ തയാറാകണമെന്നും മിയാൻദാദ് ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളത്തിൽ താൻ ഇമ്രാൻ ഖാന്റെ ക്യാപ്റ്റനായിരുന്നുവെന്നും മിയാൻദാദ് അദ്ദേഹത്തെ ഓർമിപ്പിച്ചു.

‘ഞാൻ നിങ്ങളുടെ (ഇമ്രാൻ ഖാന്റെ) ക്യാപ്റ്റനായിരുന്നു. അല്ലാതെ നിങ്ങൾ എന്റെ ക്യാപ്റ്റനായിരുന്നില്ല. നിങ്ങളെ മികച്ച താരമാക്കി വളർത്തിക്കൊണ്ടു വന്നത് ഞാനാണ്. ഇപ്പോൾ നിങ്ങൾക്കല്ലാതെ മറ്റാർക്കും ക്രിക്കറ്റിനെക്കുറിച്ച് അറിയില്ലെന്നാണ് ധാരണ. നിങ്ങൾ നിങ്ങളെക്കുറിച്ചും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചും ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. നിങ്ങൾ പാക്ക് ബോർഡിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ആളുകളെക്കുറിച്ചുകൂടി ഒന്ന് ചിന്തിക്കണം. ഇനിയും വൈകരുത്’ – മിയാൻദാദ് പറഞ്ഞു.

English Summary: Imran Khan has ruined Pakistan cricket, claims Javed Miandad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com