ADVERTISEMENT

ലണ്ടൻ∙ കൊറോണക്കാലത്ത് ഇരട്ടസെഞ്ചുറിക്കും റെക്കോർഡിനുമൊക്കെ ഇത്രയേ വിലയുള്ളൂവെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോർദാൻ കോക്സിന് ഇതിനകം മനസ്സിലായിക്കാണും. തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി റെക്കോർഡിട്ടതിനു പിന്നാലെ തൊട്ടടുത്ത മത്സരത്തിൽത്തന്നെ ടീമിനു പുറത്താകുമ്പോൾ അത്രയെങ്കിലും മനസ്സിലാകേണ്ടതല്ലേ? കൗണ്ടി ക്ലബ് കെന്റിന്റെ പ്രതിഭാധനരായ യുവതാരങ്ങളിൽ ശ്രദ്ധേയനായ പത്തൊൻപതുകാരൻ ജോർദാൻ കോക്സ്, ഇരട്ടസെഞ്ചുറി പ്രകടനത്തിനും റെക്കോർഡിനും പിന്നാലെ ആരാധകർക്കൊപ്പം സെൽഫിയെടുത്തതാണ് പുകിലായത്. താരം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതോടെ ഇരട്ടസെഞ്ചുറിയും റെക്കോർഡും മറന്ന ടീം മാനേജ്മെന്റ്, അച്ചടക്കത്തിന്റെ വാളോങ്ങി. ഫലം, റെക്കോർഡ് പ്രകടനത്തിനു പിന്നാലെ താരം ടീമിനു പുറത്ത്.

ബോബ് വില്ലിസ് ട്രോഫിയിൽ സസക്സിനെതിരെ പുറത്താകാതെ 238 റൺസ് നേടിയ കോക്സ് ടീമിന്റെ വിജയനായകനായിരുന്നു. 21–ാം നൂറ്റാണ്ടിൽ പിറന്ന താരത്തിന്റെ ഇംഗ്ലിഷ് മണ്ണിലെ ആദ്യ ഇരട്ടസെഞ്ചുറിയെന്ന നിലയിലാണ് കോക്സിന്റെ പ്രകടനം റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ജാക്ക് ലീനിങ്ങിനൊപ്പം 423 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടും കോക്സ് തീർത്താണ് കോക്സ് ടീമിനെ തകർപ്പൻ വിജയത്തിലേക്ക് കൈപിടിച്ചത്.

റെക്കോർഡ് പ്രകടനത്തിന്റെ ആവേശത്തിൽ ആരാധകർക്കൊപ്പം സെൽഫി പകർത്തിയതോടെ താരം കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിടിക്കപ്പെടുകയായിരുന്നു.  കോവിഡിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ സംവിധാനം നിലവിലുള്ളതിനാൽ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിന് താരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, മിഡിൽസെക്സിനെതിരായ മത്സരത്തിൽനിന്ന് താരത്തെ ടീം അധികൃതർ വിലക്കുകയായിരുന്നു. ഇനി നിശ്ചിത കാലത്തേക്ക് ഐസലേഷനിൽ കഴിഞ്ഞ് കോവിഡ് പരിശോധനകൾക്കും വിധേയനായി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയെങ്കിൽ മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാനാകൂ.

തന്റെ ഭാഗത്ത് പിഴവു സംഭവിച്ചതായി ജോർദാൻ കോക്സ് സമ്മതിച്ചിട്ടുണ്ട്. ‘എന്റെ പ്രവർത്തിയുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നു. ചട്ടം ലംഘിച്ചതിന് എല്ലാവരോടും ക്ഷമ  ചോദിക്കുന്നു. അടുത്ത മത്സരത്തിൽനിന്ന് വിലക്ക് ചോദിച്ചു വാങ്ങിയതിലൂടെ ടീമിന്റെ ആത്മവിശ്വാസം കൂടിയാണ് ഞാൻ തകർത്തത്. ഈ പിഴവിന് മാപ്പ്’ – കോക്സ് പറഞ്ഞു.

English Summary: 19-year-old Kent double-centurion Jordan Cox dropped for taking selfie with young fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com