ADVERTISEMENT

കറാച്ചി∙ 2012ലെ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരയിൽ താൻ എറിഞ്ഞ അതിവേഗ പന്തുകൾ ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചിരുന്നുവെന്ന അവകാശവാദവുമായി പാക്കിസ്ഥാന്റെ മുൻ താരം മുഹമ്മദ് ഇർഫാൻ രംഗത്ത്. ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന് തന്റെ പന്തുകൾ കാണാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് ഇർഫാൻ അവകാശപ്പെട്ടു. താനൊരു മീഡിയം പേസറാണെന്ന് കരുതിയിരുന്ന വിരാട് കോലി പോലും തന്റെ വേഗം കണ്ട് ഞെട്ടിത്തരിച്ചിട്ടുണ്ടെന്ന് ഇർഫാൻ പറഞ്ഞു. അവതാരകയായ സവേറ പാഷയുമായി യൂട്യൂബിൽ നടത്തിയ അഭിമുഖത്തിലാണ് ഇർഫാന്റെ അവകാശവാദം. ഗൗതം ഗംഭീറിന്റെ രാജ്യാന്തര കരിയർ അവസാനിപ്പിച്ചത് താനാണെന്ന് പറഞ്ഞ് കഴിഞ്ഞ വർഷവും ഇർഫാൻ രംഗത്തെത്തിയിരുന്നു.

2012ൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ പാക്കിസ്ഥാൻ രണ്ടു ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് കളിച്ചത്. ട്വന്റി20 പരമ്പര സമനിലയിലാക്കിയ പാക്കിസ്ഥാൻ, ഏകദിന പരമ്പര 2–1ന് ജയിക്കുകയും ചെയ്തു. ഏഴടി ഉയരക്കാരനായ മുഹമ്മദ് ഇർഫാന്റെ വേഗമേറിയ പന്തുകൾ പരമ്പരയിൽ ഇന്ത്യൻ താരങ്ങളെ കുഴക്കിയിരുന്നു. ഏകദിന പരമ്പരയിലെ മൂന്നിൽ രണ്ട് ഏകദിനങ്ങളിലും ഗംഭീറിനെ പുറത്താക്കിയത് ഇർഫാനായിരുന്നു.

‘എന്നൊക്കെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങൾ നടന്നിട്ടുണ്ടോ, അന്നെല്ലാം മോശം പ്രകടനം നടത്തിയവർ വെറും സീറോ ആയി മാറിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയിരുന്നവർ ഹീറോയുമായി. 2012ലെ പരമ്പരയിൽ എന്റെ പന്തുകൾ കാണാനാകാതെ ഉഴറിയിരുന്ന താരമാണ് ഗംഭീർ. ഞാനെറിയുന്ന ബൗണ്‍സറുകൾ കളിക്കാനാകാതെ വിഷമിച്ചിരുന്ന അദ്ദേഹത്തെ കണ്ട്, ഗംഭീറിനെന്തോ പറ്റി എന്ന് എല്ലാവരും വിസ്മയിച്ചിരുന്നു’ – ഇർഫാൻ അവകാശപ്പെട്ടു.

‘എന്റെ ഉയരവും പന്തിന്റെ വേഗവും ഇന്ത്യൻ താരങ്ങൾക്ക് അത്രമാത്രം പ്രശ്നം സൃഷ്ടിച്ചിരുന്നു. അന്ന് തീർത്തും മോശം പ്രകടനം നടത്തിയ ശേഷം ഗംഭീർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടില്ല. അദ്ദേഹം എന്നെന്നേക്കുമായി ടീമിൽനിന്ന് തഴയപ്പെട്ടു’ – കഴിഞ്ഞ വർഷം നടത്തിയ അവകാശവാദം സാധൂകരിച്ച് ഇർഫാൻ വിശദീകരിച്ചു.

പാക്കിസ്ഥാനെതിരായ ആ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരെ ഒരേയൊരു ഏകദിനത്തിൽ മാത്രമാണ് ഗംഭീറിന് അവസരം ലഭിച്ചത്. അതേസമയം, ട്വന്റി20യിൽ ആ പരമ്പരയിലായിരുന്നു ഗംഭീറിന്റെ അവസാന മത്സരം. തന്റെ പന്തുകളുടെ വേഗത അന്നും ടീമിൽ അംഗമായിരുന്ന വിരാട് കോലിയെയും ഞെട്ടിച്ചിരുന്നതായി ഇർഫാൻ അവകാശപ്പെട്ടു. ഇക്കാര്യം കോലി തന്നെയാണ് തന്നോടു നേരിട്ട് പറഞ്ഞതെന്ന് ഇർഫാൻ വിശദീകരിച്ചു.

‘ഇന്ത്യൻ ഡ്രസിങ് റൂമിൽ കോലി ഉൾപ്പെട്ട ചർച്ചകളിൽ ഞാൻ 130–135 കിലോമീറ്റർ വേഗത്തിലെറിയുന്ന ഒരു സാധാരണ ബോളറായാണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് പരമ്പര ആരംഭിച്ച ശേഷം ആദ്യ മത്സരത്തിൽ ബാറ്റിങ്ങിന് തയാറായി ഇരിക്കുമ്പോഴാണ് അദ്ദേഹം എന്റെ ബോളിങ് ആദ്യമായി നേരിട്ട് കാണുന്നത്. അന്ന് ആദ്യ പന്തുതന്നെ 145–146 കിലോമീറ്റർ വേഗത്തിൽ പായുന്നത് കണ്ട് കോലി ഞെട്ടി. വേഗത അളക്കുന്ന യന്ത്രത്തിന്റെ തകരാറാകുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാൽ, രണ്ടാമത്തെ പന്ത് 147 കിലോമീറ്റർ വേഗത്തിൽ പാഞ്ഞതോടെ കോലിക്ക് സത്യം മനസ്സിലായി. കള്ളം പറഞ്ഞതാണോയെന്ന് ചോദിച്ച് കോലി കോച്ചിനോട് മുഷിഞ്ഞു. അതോ വേഗത അളക്കുന്ന യന്ത്രത്തിന് വല്ലതും സംഭവിച്ചോയെന്നായിരുന്നു കോലിയുടെ സംശയം’– ഇർഫാൻ വിശദീകരിച്ചു.

‘ഇതെല്ലാം വിരാട് കോലി എന്നോട് നേരിട്ട് വെളിപ്പെടുത്തിയ കാര്യങ്ങളാണ്. എന്റെ അടുത്ത പന്ത് 148 കിലോമീറ്റർ വേഗത്തിൽ പായുന്നത് കണ്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്തിരുന്ന ആളോട് കയർത്തു സംസാരിച്ചതായും കോലി എന്നോട് പറഞ്ഞു. ഇയാളെന്ത് മീഡിയം പേസറാണെന്ന് ചോദിച്ചായിരുന്നു ഇത്. കാരണം ശരാശരി 150 കിലോമീറ്റർ വേഗത്തിലാണ് ഞാൻ പന്തെറിഞ്ഞുകൊണ്ടിരുന്നത്’ – ഇർഫാൻ അവകാശപ്പെട്ടു.

English Summary: Gautam Gambhir was not able to see the ball: Mohammad Irfan revisits IND-PAK 2012-13 series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com