ADVERTISEMENT

ന്യൂഡൽഹി∙ മലയാളി വേരുകളുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായർ കോവിഡിൽനിന്ന് മോചിതനായി. ഏതാനും ആഴ്ചകൾക്കു മുൻപ് കോവിഡ് സ്ഥിരീകരിച്ച് ഐസലേഷനിലായിരുന്ന കരുണിന്, ഐപിഎല്ലിന് മുന്നോടിയായ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതായി ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ഇൻഫോ’യാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, യുഎഇയിൽ നടക്കുന്ന ഈ വർഷത്തെ ഐപിഎല്ലിനായി കരുൺ കിങ്സ് ഇലവൻ പഞ്ചാബ് താരങ്ങൾക്കൊപ്പം അവിടേക്കു പോകും. അടുത്ത മാസം 19 മുതൽ നവംബർ 10 വരെയാണ് യുഎഇയിൽ ഐപിഎൽ അരങ്ങേറുന്നത്.

കരുൺ നായർക്ക് കോവിഡ് ബാധിച്ചിരുന്ന കാര്യവും ഇപ്പോൾ സുഖപ്പെട്ട കാര്യവും കിങ്സ് ഇലവൻ പഞ്ചാബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഓഗസ്റ്റ് എട്ടിന് നടന്ന പരിശോധനയിൽ കരുൺ നായരുടെ ഫലം നെഗറ്റീവായെന്ന് ഒരു ബിസിസിഐ പ്രതിനിധി വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. ഈ മാസം ഇരുപതിനാണ് കിങ്സ് ഇലവൻ പഞ്ചാബ് താരങ്ങൾ യുഎഇയിലേക്ക് പോകുന്നത്.

‘ഇപ്പോൾ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ല. അദ്ദേഹത്തിന് കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയോളം ഐസലേഷനിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ഫലം നെഗറ്റീവായത്. അദ്ദേഹം പരിശീലനം പുനരാരംഭിച്ചു. ഇനി യുഎഇയിലേക്ക് പുറപ്പെടുത്തുന്നതിനു മുൻപായി ഒരിക്കൽക്കൂടി സഹതാരങ്ങൾക്കൊപ്പം കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും’ – ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ സാക്ഷാൽ വീരേന്ദർ സേവാഗിനെ കൂടാതെ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് കരുൺ നായർ. പക്ഷേ, അതിനുശേഷം അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല. 2017ലാണ് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. 2018 മുതൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമാണ് കരുൺ. കർണാടകയുടെ താരമായ കരുൺ അവിടെ സഹതാരങ്ങളായ മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ തുടങ്ങിയവർക്കൊപ്പമാണ് ഇക്കുറി കിങ്സ് ഇലവന് കളിക്കുന്നത്. കെ.എൽ. രാഹുലാണ് ടീമിന്റെ ക്യാപ്റ്റനും.

∙ ധോണിക്ക് കോവിഡ് ഇല്ല

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേരുംമുൻപ് നടത്തിയ കോവിഡ് പരിശോധനയിൽ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഫലം നെഗറ്റീവ്. ഇതോടെ, ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന പരിശീലന ക്യാംപിനായി ധോണി ഉടൻ ചെന്നൈയിലെത്തും. ഓഗസ്റ്റ് 15 മുതൽ 20 വരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഐപിഎൽ ഒരുക്കത്തിന്റെ ഭാഗമായിട്ടുള്ള ക്യാംപ് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്നത്. തുടർന്ന് ഓഗസ്റ്റ് 22ന് ടീം യുഎഇയിലേക്ക് തിരിക്കും.

English Summary: Karun Nair recovers from COVID-19, set to leave for UAE with KXIP squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com