ADVERTISEMENT

ലണ്ടൻ ∙ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അംഗമായ മുഹമ്മദ് ഹഫീസിനെതിരെ നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഒഴിവാക്കി കർശന ആരോഗ്യ, സുരക്ഷാ നിയന്ത്രണങ്ങളോടെ ജീവിക്കുന്നതിന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ക്രമീകരിച്ച ബയോ സെക്യുർ ബബ്ൾ സംവിധാനം ലംഘിച്ചതിനാണ് ഹഫീസിനെതിരെ നടപടിയെടുത്തത്. പാക്ക് ടീം താമസിക്കുന്ന ഹോട്ടലിൽനിന്നു പുറത്തുപോയ ഹഫീസ്, സമീപത്തെ ഗോൾഫ് കോഴ്സിൽ നിന്ന് വൃദ്ധയായ സ്ത്രീക്കൊപ്പം ചിത്രമെടുത്ത് പ്രചോദനാത്മകമായ കുറിപ്പു സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് താരത്തെ തിരിച്ചടിച്ചത്.

ഈ ട്വീറ്റ് വൈറലായതോടെയാണ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ കാര്യം പുറംലോകം അറിഞ്ഞത്. ഇനി 5 ദിവസം ഹഫീസ് ഐസലേഷനിൽ കഴിയണം. അതിനുശേഷം 2 തവണ കോവിഡ് പരിശോധനയ്ക്കു വിധേയനാകണം. 2 ഫലവും നെഗറ്റീവാണെങ്കിലേ ടീമിനൊപ്പം ചേരാൻ കഴിയൂ. പാക്ക് ഏകദിന ടീമിലെ അംഗമാണു ഹഫീസ്. പാക്ക് ടീം താമസിക്കുന്ന ഹോട്ടലിനോടു തൊട്ടു ചേർന്നുള്ള ഗോൾഫ് കോഴ്സും ബയോ സെക്യുർ ബബ്ളിന്റെ ഭാഗം തന്നെയാണ്. എന്നാൽ, ഗോൾഫ് കോഴ്സിൽവച്ച് പുറത്തുനിന്നുള്ള വ്യക്തിക്കൊപ്പം രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കാതെ ചിത്രമെടുത്തതാണ് ഹഫീസിന് വിനയായത്.

‘ഗോൾഫ് കോഴ്സിൽവച്ച് ഇന്ന് ഏറെ പ്രചോദനം പകരുന്ന ഒരു യുവതിയെ കണ്ടുമുട്ടി. 90 വയസ്സിനു മുകളിൽ പ്രായമുള്ള ഇവർ ഇപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു. മികച്ച ആരോഗ്യ സംരക്ഷണം’ – വൃദ്ധയ്ക്കൊപ്പമുള്ള ചിത്രം സഹിതം ഹഫീസ് ട്വിറ്ററിൽ കുറിച്ചു.

ഹഫീസ് ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ തന്നെ ഇത് പ്രോട്ടോക്കോൾ ലംഘനമല്ലേയെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ഹഫീസ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ബയോ സെക്യുർ കുമിളയ്ക്കു പുറത്തുപോയെന്ന് ഒട്ടേറെ ആരാധകർ ചിത്രത്തിന് കമന്റും ചെയ്തു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ ടീം മാനേജ്മെന്റ് നടപടിയെടുത്തത്.

English Summary: Mohammad Hafeez breaches bio-secure protocol, put in isolation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com