ADVERTISEMENT

ഇസ്‌ലാമാബാദ്∙ ഔട്ടാക്കിയാലും കുഴപ്പമില്ല, പന്ത് ദേഹത്തേക്ക് എറിഞ്ഞ് പരുക്കേൽപ്പിക്കരുതെന്ന് ഇന്ത്യൻ ടീമിലെ വാലറ്റക്കാർ പതിവായി തന്നോട് അപേക്ഷിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാന്റെ അതിവേഗ പേസ് ബോളർ ശുഐബ് അക്തർ. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനും തനിക്കെതിരെ അതിവേഗ പന്തുകൾ എറിഞ്ഞ് ‘ബുദ്ധിമുട്ടിക്കരുതെ’ന്ന് ആവശ്യപ്പെട്ടിരുന്നതായി അക്തർ വെളിപ്പെടുത്തി. അതേസമയം, മുരളിയുടെ പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയിരുന്ന സഹതാരം മുഹമ്മദ് യൂസഫ്, അതിവേഗ പന്തുകളിലൂടെ അദ്ദേഹത്തിന്റെ വിരലൊടിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നതായും അക്തർ പറഞ്ഞു. സവേറാ പാഷയുമായി യൂട്യൂബിൽ നടത്തിയ ‘ക്രിക് കാസ്റ്റ്’ എന്ന ഷോയിലാണ് അക്തറിന്റെ വെളിപ്പെടുത്തൽ.‌

‘വേഗം കുറച്ച് പന്തെറിയാമോയെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്ന ഒട്ടേറെ താരങ്ങളുണ്ട്. മുത്തയ്യ മുരളീധരൻ അവരിൽ ഒരാളാണ്. പിന്നെ ഇന്ത്യയിൽനിന്നും ഒട്ടേറെ താരങ്ങളുണ്ട്. എല്ലാവരും വാലറ്റക്കാർ. ഔട്ടാക്കിയാലും കുഴപ്പമില്ല, ദേഹത്തേക്ക് പന്തെറിയരുതെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. വീട്ടിൽ ഭാര്യയും മക്കളുമുണ്ട്, ഏറുകൊള്ളുന്നത് കണ്ടാൽ മാതാപിതാക്കൾക്കും സഹിക്കില്ലെന്നായിരുന്നു അവരുടെ ന്യായം’ – അക്തർ പറഞ്ഞു.

‘മുത്തയ്യ മുരളീധരനും വേഗം കുറച്ച് പന്തെറിയാൻ എന്നോട് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. സ്റ്റംപിനടുത്തുനിന്ന് മാറിനിന്ന് തരാമെന്നും മുരളീധരൻ പറയും. എത്രയും വേഗം ഔട്ടായി മടങ്ങുന്ന വ്യക്തിയായിരുന്നു അദ്ദേഹം’ – അക്തർ വെളിപ്പെടുത്തി.

അതേസമയം, പരമാവധി വേഗത്തിൽ എറിഞ്ഞ് മുരളീധരന്റെ വിരലൊടിക്കാൻ ആവശ്യപ്പെട്ടിരുന്ന ഒരു സഹതാരം അന്ന് പാക്കിസ്ഥാൻ ടീമിലുണ്ടായിരുന്നുവെന്നും അക്തർ തുറന്നുപറഞ്ഞു. മുഹമ്മദ് യൂസഫായിരുന്നു അത്. മുരളീധരന്റെ പന്തുകൾ നേരിടുന്നതിലുള്ള ബുദ്ധിമുട്ടു നിമിത്തമാണ് യൂസഫ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരുന്നതെന്ന് അക്തർ പറഞ്ഞു.

‘മുരളീധരന്റെ പന്തുകൾ നേരിടാൻ വളരെയധികം വിഷമിച്ചിരുന്ന മുഹമ്മദ് യൂസഫ്, എറിഞ്ഞ് അദ്ദേഹത്തിന്റെ വിരലൊടിക്കാൻ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഞാൻ ഒന്നു രണ്ട് ബൗൺസറുകൾ എറിയുമ്പോഴേയ്ക്കും നിർത്താൻ അപേക്ഷിച്ച് മുരളി അടുത്തുവരും. അല്ലെങ്കിൽ താൻ മരിച്ചുപോകുമെന്ന് പറഞ്ഞായിരുന്നു ഇത്. തന്റെ പേടി അദ്ദേഹം തുറന്നുപറയുമ്പോൾ എനിക്ക് നാണക്കേട് തോന്നും. എങ്കിലും എറിഞ്ഞ് അദ്ദേഹത്തിന്റെ വിരലൊടിക്കണമെന്ന് യൂസഫ് അപ്പോഴും നിർബന്ധിക്കും’ – അക്തർ പറഞ്ഞു.

English Summary: Indian tail-enders used to ask me to get them out but not hit them' - Shoaib Akhtar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com