ADVERTISEMENT

ഈ ലോകത്ത് ഒരുപാട് അനിവാര്യതകളുണ്ട്. ജനിച്ചിട്ടുണ്ടെങ്കിൽ മരണം തീർച്ചയാണ്. സ്വരം എത്ര നല്ലതാണെങ്കിലും ഒരുദിവസം പാട്ട് നിർത്തേണ്ടിവരും. കായികതാരങ്ങളുടെ വിരമിക്കൽ അതുപോലൊരു അനിവാര്യതയാണ്. എന്നെങ്കിലുമൊരു ദിവസം അവർക്ക് മൈതാനങ്ങളോട് വിടപറയേണ്ടിവരും.

പക്ഷേ ചിലർ ഒരിക്കലും വിരമിക്കരുത് എന്ന് നാം മോഹിച്ചുപോകും. സച്ചിൻ തെൻഡുൽക്കർ അതുപോലൊരു കളിക്കാരനായിരുന്നു. സച്ചിന്റെ വിടവാങ്ങൽ പ്രസംഗം കേട്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയിരുന്നു. ജനിച്ചതുമുതൽ നിരന്തരം കണ്ടുകൊണ്ടിരുന്ന മുഖമായിരുന്നു അത്. ഇന്ത്യൻ ടീമിനോടൊപ്പം എക്കാലവും ഒരു വല്യേട്ടനെപ്പോലെ സച്ചിൻ ഉണ്ടാവും എന്നായിരുന്നു ധരിച്ചുവച്ചിരുന്നത്. വാംഖഡെയിലെ ആ ഹൃദയഭേദകമായ ദിവസം കഴിഞ്ഞിട്ട് എത്രയോ വർഷങ്ങളായി. ഇന്ത്യൻ ടീമിന്റെ ഡ്ര‌സിങ് റൂമിൽ സച്ചിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട് എന്ന് ചിലപ്പോഴെങ്കിലും അനുഭവപ്പെടാറുണ്ട്.

അതുപോലൊരു വിടവാണ് മഹേന്ദ്രസിങ് ധോണിയും അവശേഷിപ്പിക്കുന്നത്. തന്ത്രങ്ങൾ മെനയാനും ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റാനും ധോണി എന്നും ഉണ്ടാവും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇനി ആ മനുഷ്യനെ നീല ജഴ്സിയിൽ കാണാനാവില്ല. ഒരു നന്ദിവാക്കിന് പോലും കാത്തുനിൽക്കാതെ ധോണി എല്ലാം അവസാനിപ്പിച്ചിരിക്കുന്നു.

വേദനയാണിത്. ശരിക്കും കരൾ പിളരുന്നത് പോലുള്ള വേദന. നിറഞ്ഞ കണ്ണുകളോടെയാണ് ഈ വരികൾ കുറിച്ചിടുന്നത്.

ധോണി കളിച്ച എല്ലാ മത്സരങ്ങളും ഞാൻ കണ്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്താണ് ആ സ്വർണത്തലമുടിക്കാരൻ ഇന്ത്യൻ ടീമിലെത്തുന്നത്. നമ്മുടെ ബാല്യം അവിസ്മരണീയമാക്കിയ താരങ്ങളെല്ലാം നേരത്തെ തന്നെ വിട ചൊല്ലിയിരുന്നു. അക്കൂട്ടത്തിൽ ധോണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ആ അവസാന കണ്ണിയാണ് സ്വാതന്ത്ര്യദിനത്തിൽ അറ്റുപോയത്. ഇനിയെന്താണ് ശേഷിക്കുന്നത് എന്ന് മനസ് വിങ്ങലോടെ ചോദിക്കുന്നു. എന്റെ തലമുറയുടെ കുട്ടിക്കാലം ഔദ്യോഗികമായി അവസാനിച്ചിരിക്കുന്നു.

സ്വതസിദ്ധമായ ശൈലി വിടപറയുമ്പോഴും ധോണി കാത്തുസൂക്ഷിച്ചു. റിട്ടയർമെന്റ് മത്സരമില്ല. പത്രസമ്മേളനമില്ല. മെലോഡ്രാമയുടെ അതിപ്രസരമില്ല. കേവലമൊരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ധോണി മംഗളം പാടി അവസാനിപ്പിച്ചു. ഇതുകണ്ട ധോണി വിരോധികൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ഇത്തരമൊരു മടക്കം തന്നെയാണ് ധോണി അർഹിക്കുന്നത് എന്ന് ആക്രോശിച്ചു.

അവരുടെ അറിവിലേക്കായി ചില കാര്യങ്ങൾ പറയാം. ധോണി മനസ്സു വച്ചിരുന്നുവെങ്കിൽ അയാൾക്കൊരു വിടവാങ്ങൽ മത്സരം കിട്ടുമായിരുന്നു. അതിനുള്ള അർഹത ധോണിക്ക് ഉണ്ട് എന്ന വസ്തുത ഇന്ത്യൻ ക്രിക്കറ്റിലെ ഉന്നതരെല്ലാം അംഗീകരിച്ചതാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമെല്ലാം ധോണിയുടെ ഒൗന്നത്യത്തെക്കുറിച്ച് ബോധവാന്മാരാണ്. എന്നിട്ടും നിശബ്ദനായി അരങ്ങൊഴിഞ്ഞത് ധോണിയുടെ മഹത്വം.

ധോണി എന്നും അങ്ങനെയായിരുന്നുവല്ലോ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും ലിമിറ്റഡ് ഒാവർ ക്യാപ്റ്റൻസി ഒഴിഞ്ഞതുമെല്ലാം ഇതുപോലെ ആരവങ്ങളില്ലാതെയായിരുന്നു. ധോണി ഒരിക്കലും ജനശ്രദ്ധ ആഗ്രഹിച്ചിട്ടില്ല. കാര്യമായ മോഹങ്ങളൊന്നുമില്ലാതിരുന്ന ഒരു ഗ്രാമീണനിലേക്ക് പ്രശസ്തിയുടെ വെള്ളിവെളിച്ചം വന്നുചേരുകയായിരുന്നു.

ജ്യേഷ്ഠസഹോദരനെ നഷ്ടപ്പെട്ടു എന്നാണ് ഇന്ത്യൻ ടീമിലെ മിക്ക സഹതാരങ്ങളും പ്രതികരിച്ചത്. സുരേഷ് റെയ്ന ഒരുപടികൂടി കടന്ന് ജ്യേഷ്ഠന്റെ പാത പിന്തുടർന്നു. ധോണി ഉണ്ടാക്കിയെടുത്തിട്ടുള്ള ബഹുമാനം അത്രയേറെയാണ്. താൻ ജയിച്ച ട്രോഫികളുമായി കൊലവിളി നടത്തുന്ന എം.എസ്. ധോണിയുടെ ചിത്രങ്ങൾ നാം കണ്ടിട്ടില്ല. യുവതാരങ്ങൾക്ക് ട്രോഫികൾ കൈമാറുന്നതായിരുന്നു ധോണിയുടെ പതിവ്. ഫ്ലൈറ്റിൽ തനിക്ക് കിട്ടുന്ന ബിസിനസ് ക്ലാസ് സീറ്റുകൾ പോലും ഒഴിഞ്ഞുകൊടുക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

അങ്ങനെയൊരാളെ യുവതാരങ്ങൾ കൂടപ്പിറപ്പിനെപ്പോലെ സ്നേഹിക്കാതിരിക്കുമോ? ആ ധോണി നടന്നകലുമ്പോൾ ചിറകുകൾ കൈമോശം വന്ന പക്ഷികളെപ്പോലെ അവർ വിലപിക്കാതിരിക്കുമോ?

ധോണിയെ കണ്ടെത്തിയത് സൗരവ് ഗാംഗുലിയാണ്. ധോണി ഒാപ്പൺ ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം. ഇന്ത്യൻ ക്രിക്കറ്റിന്റെ ശബ്ദമായ ഹർഷ ഭോഗ്‌ലെ ഒരിക്കൽ രാഹുൽ ദ്രാവിഡിനോട് ചോദിച്ചു-

‘ധോണി എന്താണ് ഒാപ്പൺ ചെയ്യാത്തത്? മൂന്നാം നമ്പറിലെങ്കിലും അദ്ദേഹത്തിന് കളിക്കാമല്ലോ. ആ പൊസിഷനിൽ ധോണിക്ക് നല്ല റെക്കോർഡുകളുമുണ്ടല്ലോ. പിന്നെ എന്തിനാണ് ധോണി ലോവർ ഒാർഡറിൽ ഇറങ്ങുന്നത്? "

ദ്രാവിഡിന്റെ മറുപടി ഇങ്ങനെയായിരുന്നു-

‘നല്ല ടോപ് ഒാർഡർ ബാറ്റ്സ്മാന്മാരെ നമുക്ക് ലഭിക്കും. എന്നാൽ ആറാം നമ്പറിൽ ധോണിയെപ്പോലെ സ്ഥിരതയോടെ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്ന ഒരാളെ കിട്ടാൻ എളുപ്പമല്ല....''

സത്യമായിരുന്നു അത്. മികച്ച ടോപ് ഒാർഡർ ബാറ്റ്സ്മാന്മാർ ചരിത്രത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ ലക്ഷണമൊത്ത ഫിനിഷർമാർ വിരലിൽ എണ്ണാവുന്നവർ മാത്രം. ധോണി ചെയ്തിരുന്ന ജോലിയുടെ കാഠിന്യം ഇതിൽനിന്ന് തന്നെ വ്യക്തമാണ്. ക്യാപ്റ്റന്റെ അധികാരം ഉപയോഗിച്ച് ടോപ് ഒാർഡറിൽ ഇറങ്ങാമായിരുന്നിട്ടും ധോണി പിൻനിരയിൽ കാളയെപ്പോലെ പണിയെടുത്തു. ഭൂരിപക്ഷം കളികളും ജയിപ്പിച്ചിട്ടും തോറ്റുപോയ ചുരുക്കം കളികളുടെ പേരിൽ ചാട്ടയടി കൊണ്ടു. നോട്ടൗട്ടായി നിന്ന് ശരാശരി കൂട്ടുകയാണ് എന്ന പരിഹാസം കേട്ടു.

സച്ചിൻ ഒൗട്ട് ആവുമ്പോൾ ചില ടെലിവിഷനുകൾ ഒാഫ് ചെയ്യപ്പെട്ടിരുന്നു എന്നത് സത്യമാണ്. ഒരുപക്ഷേ സച്ചിന് കിട്ടാതെപോയതും വിരാട് കോലിക്ക് കിട്ടിയതും ധോണിയെപ്പോലൊരു ഫിനിഷറെയാണ്. തൊണ്ണൂറുകളിൽ സച്ചിൻ ഒൗട്ടായാൽ ഇന്ത്യൻ ടീമിന്റെ കഥ അവിടെ തീരുമായിരുന്നു. കളിഭ്രാന്തന്മാർ അതോടെ ടിവി ഒാഫ് ആക്കുന്നത് സ്വാഭാവികം. എന്നാൽ വിരാട് വീണാലും പുറകിൽ ധോണിയുണ്ട് എന്നത് ഒരു ധൈര്യമായിരുന്നു. അങ്ങനെ എല്ലാവരും അവസാനം വരെ കളി കണ്ടുതുടങ്ങി. ധോണിയുടെ അവസാന രാജ്യാന്തര മത്സരത്തിൽ വരെ ആ കാഴ്ച കണ്ടതാണ്.

2019 ലോകകപ്പ് സെമിഫൈനൽ. ഇന്ത്യയുടെ ബാറ്റിങ് നിര തകർന്ന് തരിപ്പണമായി. ധോണിയാണെങ്കിൽ മോശം ഫോമിലും. പക്ഷേ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ ധോണി ഉയർത്തെഴുന്നേറ്റു. രവീന്ദ്ര ജഡേജയോടൊപ്പം അവസാനം വരെ പൊരുതി. ജിമ്മി നീഷം എന്ന ദുർബലനായ ബോളറുടെ വരവിനുവേണ്ടി ധോണി കാത്തിരിക്കുകയായിരുന്നു. ആ മുഖാമുഖം സംഭവിച്ചിരുന്നുവെങ്കിൽ ഇന്ത്യ സെമിഫൈനൽ ജയിക്കുമായിരുന്നു എന്ന് ഈ ലേഖകൻ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിൽ വന്നു.

അവസാന ലാപ്പിൽ കാലിടറുക എന്നതാണ് ഇന്ത്യൻ പ്രവണത. നമ്മുടെ കായികരംഗത്തെ മുഴുവനും ഈ ശാപം ഗ്രസിച്ചിട്ടുണ്ട്. വൈകാരികതീവ്രത കൂടിയ ജനതയാണ് നമ്മൾ. വലിയ വേദികൾ കാണുമ്പോൾ പതറിപ്പോകും. മിക്കപ്പോഴും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടും.

ഈ ദുരവസ്ഥയാണ് ധോണി മാറ്റിയെടുത്തത്. അയാൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ധീരതയും ശാന്തതയും കൊണ്ടുവന്നു. നോക്കൗട്ട് മാച്ചുകളെ ഇന്ത്യ ഭയക്കാതെയായി. ധോണി എന്ന ക്യാപ്റ്റൻ വാരിക്കൂട്ടിയ ട്രോഫികൾ അതിന്റെ ഫലമാണ്. മറ്റു താരങ്ങൾ നന്നായി കളിച്ചതുകൊണ്ടാണ് ധോണി ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയത് എന്ന വാദം ബാലിശമാണ്. മികച്ച താരങ്ങൾ ഇന്ത്യയ്ക്ക് എന്നും ഉണ്ടായിരുന്നു. ഇല്ലാതിരുന്നത് ധോണിയെപ്പോലൊരു ക്യാപ്റ്റനായിരുന്നു.

ഒരുപാട് സീനിയർ താരങ്ങളുടെ കരിയർ നശിപ്പിച്ചു എന്ന് പറഞ്ഞാണ് ധോണിയെ ചിലർ വെറുക്കുന്നത്. ധോണി ദ്രോഹിച്ചതായി പറയപ്പെടുന്ന കളിക്കാർക്കെല്ലാം ധോണിയെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ എന്നതാണ് രസകരം. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു ക്യാപ്റ്റനും ടീമിനെ നയിക്കാനാവില്ല. അങ്ങനെ ചെയ്യുന്ന നായകന്മാർ വിജയിക്കുകയുമില്ല.

ചില ഘട്ടങ്ങളിൽ വലിയ ലക്ഷ്യങ്ങൾക്കുവേണ്ടി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. ടീമിനുവേണ്ടി വ്യക്തിതാത്പര്യങ്ങളെ മാറ്റിനിർത്തേണ്ടിവരും. അതേ ധോണിയും ചെയ്തിട്ടുള്ളൂ. കളിയെ പ്രഫഷനലായി സമീപിക്കുന്നവർക്ക് അക്കാര്യം അംഗീകരിക്കാനാവും. ഗാംഗുലിയും ലക്ഷ്മണും സേവാഗും യുവ്‌രാജും സഹീറുമൊക്കെ ധോണിയെ പ്രശംസകൾ കൊണ്ട് മൂടുന്നത് അതുകൊണ്ടാണ്.

ധോണി നൂറുശതമാനം പ്രഫഷനലാണ്. ബഹളങ്ങളില്ലാത്ത വിടപറയൽ പോലും അതിന്റെ തെളിവാണ്. ഒരു മഹേന്ദ്രസിങ് ധോനിയെ പൂർണ്ണമായും തിരിച്ചറിയാൻ ഇന്ത്യൻ സമൂഹത്തിന് ഇനിയുമേറെ വർഷങ്ങൾ വേണ്ടിവരും.

ഒരു മനുഷ്യന് സ്നേഹവും ബഹുമാനവും ഉചിതമായ സമയത്ത് നൽകണം. അർഹിക്കാത്ത ശാപവാക്കുകളുടെ ഭാരവുമായിട്ടാണ് ധോണി മടങ്ങിപ്പോകുന്നത്. അഞ്ചോ പത്തോ വർഷം കഴിഞ്ഞാൽ എല്ലാവരും ധോണിയെ പുകഴ്ത്തുന്നത് കാണാം. നമ്മുടെ ശീലം അതാണല്ലോ. ഒരു മനുഷ്യനെ മുഴുവനായും മനസ്സിലാക്കാൻ അയാൾ മരിക്കണം. ഒരു കളിക്കാരന്റെ മഹത്വം തിരിച്ചറിയണമെങ്കിൽ അയാൾ ബൂട്ടുകൾ അഴിച്ചുവയ്ക്കണം. എന്റെ ശവകുടീരത്തിൽ പൂവിട്ടാൽ ഞാനത് അറിയുമോ എന്ന് ചോദിച്ച മാധവിക്കുട്ടിയെ ഒാർത്തുപോകുന്നു.

ഇനിയും ഇന്ത്യയുടെ കളികൾ വരും. ടീം സമ്മർദ്ദത്തിലാകുന്ന ഘട്ടങ്ങൾ വരും. ഒൻപതു വിക്കറ്റുകൾ നഷ്ടപ്പെട്ടാലും ജയിക്കാൻ നൂറിലേറെ റണ്ണുകൾ ബാക്കിയുണ്ടെങ്കിലും ഒരറ്റത്ത് ധോണിയുണ്ടെങ്കിൽ ഒരു സമാധാനമായിരുന്നു. ഇൗ അങ്കം അയാൾ ഒറ്റയ്ക്ക് ജയിപ്പിച്ചെടുക്കും എന്നൊരു വിശ്വാസമുണ്ടായിരുന്നു. കാറിനും കോളിനും ഉലയ്ക്കാനാവാത്ത, ധീരത തുളുമ്പുന്ന ആ മുഖം ജനകോടികളെ ആശ്വസിപ്പിച്ചിരുന്നു. അവരെ പ്രചോദിപ്പിച്ചിരുന്നു.

ഒന്നും ഇനിയില്ല. ധോണി തന്റെ വേരുകളിലേക്ക് യാത്രതിരിച്ചിരിക്കുന്നു. റാഞ്ചിയിലേക്ക്... ഒന്നും ധോണി കൊണ്ടുപോവുന്നില്ല. നമ്മുടെ ബാല്യത്തിലെയും കൗമാരത്തിലെയും ചില അമൂല്യമായ ഒാർമ്മകളല്ലാതെ...

ഇനി നമുക്ക് ആ ഏഴാം നമ്പറുകാരനെ തിരികെക്കിട്ടില്ല. ധോണിയില്ലാത്ത ക്രിക്കറ്റ് ഒരിക്കലും പഴയതുപോലെ ആവുകയുമില്ല.

English Summary: MS Dhoni Retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com