ADVERTISEMENT

മുംബൈ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്കു മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി ടീമുകൾ യാത്ര തിരിക്കുന്നതിനിടെ, മുംബൈ ഇന്ത്യൻസ് പങ്കുവച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെയും കുടുംബത്തിന്റെയും ചിത്രവുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ ‘ആശയക്കുഴപ്പം’. യുഎഇയിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ രോഹിത്തും ഭാര്യ റിതികയും പിപിഇ കിറ്റുകൾ ധരിച്ച് പൂർണ സുരക്ഷയിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം, യാതൊരു വിധ സുരക്ഷാ സംവിധാനവുമില്ലാതെയാണ് രണ്ടു വയസ്സുകാരി മകൾ സമൈറ. ഈ സാഹചര്യത്തിലാണ് കുഞ്ഞിനെ സുരക്ഷിതത്വത്തെ ചൊല്ലി ആരാധകർക്കിടയിൽ തർക്കം രൂപപ്പെട്ടത്. ഇതേ രീതിയിൽ കുഞ്ഞിനു മാത്രം യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ എത്തിയ മുംബൈ താരം ആദിത്യ താരെയ്ക്കെതിരെയും വിമർശനമുണ്ട്.

‘രണ്ടാം ഐപിഎല്ലിനായി സമൈറ തയാർ’ എന്ന ക്യാപ്ഷൻ സഹിതമാണ് രോഹിത്തും കുടുംബവും വിമാനത്തവളത്തിൽ നിൽക്കുന്ന ചിത്രം മുംബൈ ഇന്ത്യൻസ് പങ്കുവച്ചത്. എന്നാൽ, ടീമിന് ആശംസ നേരുന്നതിനേക്കാളേറെ കമന്റുകളിൽ നിറയുന്നത് സമൈറയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഹിത്തിന്റെ കുഞ്ഞിന് ഇത്രയും സുരക്ഷ മതിയോയെന്ന ആശങ്കയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

അതേസമയം, തീരെ ചെറിയ കുഞ്ഞുങ്ങളെ മാസ്ക് ധരിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു. നാലു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ മാസ്കോ പിപിഇ കിറ്റോ ധരിപ്പിക്കരുതെന്ന് ചട്ടമുണ്ടെന്നും ഒട്ടേറെപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങളെ മാസ്ക് ധരിപ്പിക്കുന്നത് ശ്വാസതടസ്സത്തിനു പോലും കാരണമാകുമെന്ന് ഇവർ വാദിക്കുന്നു. എന്തായാലും കോവിഡ് വ്യാപനത്തിനിടെ കുഞ്ഞിനെ ഉൾപ്പെടെ യുഎഇയിലേക്ക് കൊണ്ടുപോകാനുള്ള രോഹിത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവരുമുണ്ട്.

English Summary: Rohit Sharma's Daughter Leaves For UAE With Parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com