കട്ടൗട്ടിനെച്ചൊല്ലി സംഘർഷം; മഹാരാഷ്ട്രയിൽ ധോണി, രോഹിത് ആരാധകർ തമ്മിലടിച്ചു

rohit-dhoni
രോഹിത് ശർമയും മഹേന്ദ്രസിങ് ധോണിയും (ഫയൽ ചിത്രം)
SHARE

മുംബൈ∙ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ (ഐപിഎൽ) ഇന്ത്യൻ ക്രിക്കറ്റ് ലോകം വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതിനിടെ, സൂപ്പർതാരങ്ങളുടെ ആരാധകർ തമ്മിൽ അടി. അടിയെന്നു പറഞ്ഞാൽ വെറും വാക്പോരല്ല. നല്ല ഒന്നാന്തരം അടി! ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയുടെയും  ആരാധകരാണ് തമ്മിലടിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലാണ് സംഭവം. സംഘർഷം മൂർച്ഛിച്ചതോടെ ധോണി ആരാധകർ രോഹിത് ആരാധകരിൽ ഒരാളെ പിടിച്ചുകൊണ്ടുപോയി സമീപത്തെ കരിമ്പിൻ തോട്ടത്തിൽവച്ച് മർദ്ദിച്ചു.

കോലാപ്പൂർ ജില്ലയിലെ കുറുൻദ്വാദിൽ സൂപ്പർതാരങ്ങളുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരാധകർ കുറുൻദ്വാദ് ടൗണിൽ ഒരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രക്കാരൻ കൂടിയായ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്കാരം ലഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. രോഹിത്തിന് ഖേൽരത്‌ന ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരാധകരും ടൗണിൽ കട്ടൗട്ട് സ്ഥാപിച്ചു.

പക്ഷേ, ഇരു താരങ്ങളുടെയും കട്ടൗട്ടുകൾ തൊട്ടുചേർന്ന് വന്നതോടെയാണ് തർക്കം ആരംഭിച്ചത്. സംഘർഷം മൂർച്ഛിച്ചതോടെ ധോണിയുടെ ആരാധകരിൽ ഒരാൾ രോഹിത് ശർമയുടെ കട്ടൗട്ട് കീറിക്കളഞ്ഞു. ഇത് നേരിട്ടു കണ്ട രോഹിത് ശർമ ആരാധകരിലൊരാൾ ധോണി ഫാൻസിനെ ചീത്തവിളിച്ചു. ഇതിനിടെ ധോണിയുടെ ആരാധകർ ചേർന്ന് ഇയാളെ അടുത്തുള്ള കരിമ്പിൻ തോട്ടത്തിലേക്ക് പിടിച്ചുകൊണ്ടുപോകുയായിരുന്നു. അവിടെ വച്ച് ക്രൂരമായി മർദ്ദിച്ചു.

സംഭവത്തിൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വെളിച്ചത്തിൽ ടൗണിൽ സ്ഥാപിച്ചിരുന്ന രണ്ടു താരങ്ങളുടെയും കട്ടൗട്ടുകൾ പൊലീസ് നീക്കം ചെയ്തു. സൂപ്പർതാരങ്ങളുടെ പേരിൽ ആരാധകർ തമ്മിലടിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്തെത്തി. യഥാർഥ ആരാധകരാണെങ്കിൽ ഇത്തരം തമ്മിലടികൾ ഒഴിവാക്കുകയാണ് വേണ്ടതെന്ന് സേവാഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

English Summary: MS Dhoni And Rohit Sharma Fans Fight Over Hoardings, One Fan Beaten In Sugarcane Field

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA