ADVERTISEMENT

ഇസ്‍ലാമബാദ്∙ കുറച്ചുകാലമായി ക്രിക്കറ്റിൽ ട്രോളൻമാരുടെയും വിമർശകരുടേയും ‘സ്ഥിരം ഇരയാണ്’ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. 2019 ഏകദിന ലോകകപ്പിലെ സർഫറാസിന്റെ ഒരു കോട്ടുവായിടലോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ലോകകപ്പ് മത്സരത്തിനിടെ സർഫറാസ് വിക്കറ്റിനു പിന്നിൽനിന്നു കോട്ടുവായിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരത്തിന്റെ ‘അലസമായ’ സമീപനത്തിനെതിരെ വിമർശനമുയർത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി.

ലോകകപ്പിലെ സർഫറാസിന്റെയും പാക്കിസ്ഥാൻ ടീമിന്റെയും മോശം പ്രകടനം താരത്തിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടി. ഇതിനു പിന്നാലെയാണ് താരത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്നീട് പാക്കിസ്ഥാന്‍ ടീമിൽനിന്നും പാക്ക് ക്രിക്കറ്റ് ബോർ‍ഡ് പുറത്താക്കിയത്. സംഭവങ്ങൾക്കു ശേഷം സർഫറാസിന് ഒരു വർഷത്തോളം ടീമിൽ ഇടം ലഭിക്കാതെ പുറത്തിരിക്കേണ്ടിവന്നു.

പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ട്വന്റി20കളിലും താരം ബെഞ്ചിലായിരുന്നു. മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ സർഫറാസ് ഡഗ്ഔട്ടിൽ കോട്ടുവാ ഇടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിനിടെയും പാക്ക് താരത്തിന്റെ സമാനമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും കോട്ടുവായിട്ട താരം എന്ന രീതിയിൽവരെ സർഫറാസിനെതിരെ പരിഹാസങ്ങള്‍ ഉയർന്നു.

എന്നാൽ കോട്ടുവാ ‘വിവാദങ്ങൾക്കു’ മറുപടി നല്‍കി സർഫറാസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രോളുകളില്‍ ആളുകൾ ചിത്രീകരിക്കുന്നതുപോലെ മോശക്കാരനല്ല താനെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വിഷയത്തിൽ നിലപാട് വ്യക്തമാക്കി ട്വിറ്ററിലും സർഫറാസ് പ്രതികരിച്ചു. എന്നാലിപ്പോൾ സർഫറാസിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭാര്യ ഖുഷ്ഭക്ത് സർഫറാസ്. ഓസ്ട്രേലിയയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് കോട്ടുവായിടുന്ന ചിത്രമാണ് ഖുഷ്ഭക്ത് സർഫറാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ശേഷം ഇങ്ങനെ എഴുതി– ഇതിഹാസങ്ങള്‍ ഇതുപോലെ.

കോട്ടുവായിടുന്നതിനെ പിന്തുണച്ച് കമന്റേറ്റർ അതിഫ് നവാസ് ഇട്ട ട്വീറ്റും സർഫറാസിന്റെ ഭാര്യ റീട്വീറ്റ് ചെയ്തു. കോട്ടുവാ രക്തത്തിലേക്കു കൂടുതൽ ഓക്സിജനെ കൊണ്ടുവരുമെന്നും കൂടുതൽ താരങ്ങൾ എന്തുകൊണ്ട് ഇതു ചെയ്യുന്നില്ലെന്നുമായിരുന്നു നവാസിന്റെ ട്വീറ്റ്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ എം.എസ്. ധോണിയുടേതുൾപ്പെടെയുള്ള ‘കോട്ടുവാ’ ചിത്രങ്ങളും നവാസ് പങ്കുവച്ചിട്ടുണ്ട്.

English Summary: Sarfaraz Ahmed’s wife trolls Steve Smith with his ‘yawning’ picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com