ADVERTISEMENT

ന്യൂ‍‍ഡൽഹി∙ ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് സുരേഷ് റെയ്ന പുറത്തുപോയ സാഹചര്യത്തിൽ മൂന്നാം നമ്പരിൽ ഇറങ്ങാൻ ഏറ്റവും യോഗ്യൻ അമ്പാട്ടി റായുഡുവാണെന്ന് ന്യൂസീലൻഡ് മുൻ ഓൾ റൗണ്ടർ‌ സ്കോട്ട് സ്റ്റൈറിസ്. വ്യക്തിപരമായി നോക്കുകയാണെങ്കിൽ ഞാന്‍ റായുഡുവിനെയാണ് മൂന്നാം നമ്പരിൽ പരിഗണിക്കുക. റെയ്നയുടെ മടക്കം ചെന്നൈ സൂപ്പർ കിങ്സ് മധ്യനിരയിൽ ഒരു വലിയ വിടവ് തന്നെ സൃഷ്ടിച്ചിട്ടുള്ളതായും അദ്ദേഹം ഒരു സ്പോർട്സ് മാധ്യമത്തിലെ പരിപാടിയിൽ പ്രതികരിച്ചു.

റെയ്നയ്ക്കു പകരക്കാരനെ കണ്ടെത്തുന്നത് ചെന്നൈ സൂപ്പർ കിങ്സിന് എളുപ്പമാകില്ല. ചെന്നൈ ടീം കരുത്തരാണെന്ന് എനിക്കറിയാം. മുൻനിരയിൽ അവർക്ക് നിരവധി പേരെ പരിഗണിക്കാൻ സാധിക്കും. എന്നാൽ മൂന്നാമനായി ബാറ്റിങ്ങിൽ ഇറങ്ങേണ്ട താരത്തെ കണ്ടെത്തുന്നതിന് ടീമിന് മേൽ സമ്മർദമേറെയായിരിക്കും. ഏതുരീതിയിലും ചെന്നൈ സൂപ്പർ കിങ്സിന് ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയം ഇതായിരിക്കും– അദ്ദേഹം പ്രതികരിച്ചു.

റെയ്നയെയും ഹർഭജൻ സിങ്ങിനെയും നഷ്ടപ്പെട്ട സാഹചര്യത്തിൽ സംഘത്തെ ഒരുമിച്ചുകൊണ്ടുപോകേണ്ടതായിരിക്കും ക്യാപറ്റൻ എം.എസ്. ധോണിയുടെയും പരിശീലകൻ സ്റ്റീവൻ ഫ്ലെമിങ്ങിന്റെയും പ്രധാന ചുമതലയെന്നും സ്കോട്ട് സ്റ്റൈറിസ് വ്യക്തമാക്കി. അതേസമയം റെയ്നയുടെ പകരക്കാരനെ അന്വേഷിക്കുന്നില്ലെന്നാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥന്റെ നിലപാട്. റെയ്നയ്ക്കു പകരമായി ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ ചെന്നൈ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

8 വിദേശതാരങ്ങൾ ഉള്ളതിനാല്‍ ചെന്നൈയ്ക്ക് ഇനി താരങ്ങളുമായി കരാർ ഉണ്ടാക്കാൻ സാധിക്കില്ലെന്നും അഭ്യൂഹങ്ങളെല്ലാം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണെന്നും സിഇഒ പ്രതികരിച്ചു. നിയമപ്രകാരം ഒരു ടീമിൽ 8 വിദേശതാരങ്ങൾക്കും 17 ഇന്ത്യക്കാരുമാണു കളിക്കുന്നത്. ചെന്നൈയിൽ ഷെയ്ൻ വാട്സൻ, ലുങ്കി എൻ‍ഗിഡി, ഇമ്രാൻ താഹിർ, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സാന്റ്നർ, ഡ്വെയ്ൻ ബ്രാവോ, ഫാഫ് ഡുപ്ലേസി, സാം കറൻ എന്നിവരാണ് വിദേശതാരങ്ങളായുള്ളത്. അതേസമയം കോവി‍ഡ് പരിശോധന നെഗറ്റീവ് ആയ സാഹചര്യത്തിൽ ദീപക് ചാഹർ ടീമിനൊപ്പം പരിശീലനം തുടങ്ങി.

English Summary: I would put Rayudu in there to take Raina's place in CSK: Styris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com