ADVERTISEMENT

ദുബായ്∙ ഐപിഎൽ മത്സരങ്ങൾക്കു മുന്നോടിയായി യുഎഇയിലെ മൈതാനങ്ങൾ സന്ദർശിക്കാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോ വൈറൽ. ഐപിഎല്ലിനു വേദിയൊരുക്കുന്ന മൂന്നു മൈതാനങ്ങളിൽ ഒന്നായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐപിഎൽ പ്രതിനിധികൾക്കും യുഎഇ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾക്കുമൊപ്പം ഗാംഗുലി നിൽക്കുന്ന ചിത്രമാണിത്. എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്നല്ലേ?

ഗാംഗുലിയും സംഘവും ഗ്രൗണ്ടിൽ ചിത്രത്തിന് പോസ് ചെയ്യുമ്പോൾ, പിന്നിലായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ വലിയ കട്ടൗട്ട് കാണാം. ഈ കട്ടൗട്ടിലെ മുഖങ്ങൾ തിരിച്ചറിയാത്ത വിധം മങ്ങൽ വരുത്തിയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്. ചില ദേശീയ മാധ്യമങ്ങൾ സഹിതം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ മാസം 19നാണ് ചെന്നൈ സൂപ്പർ കിങ്സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെ ഐപിഎല്ലിന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഐപിഎൽ യുഎഇയിലേക്ക് മാറ്റിയത്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞയാഴ്ച യുഎഇയിലെത്തിയ ഗാംഗുലി, ക്വാറന്റീൻ വാസം പൂർത്തിയാക്കിയാണ് പുറത്തിറങ്ങിയത്. ഗാംഗുലിക്കൊപ്പം ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, സിഒഒ ഹെമാങ് അമീൻ എന്നിവരും ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു.

View this post on Instagram

Famous Sharjah stadium all set to host IPL 2020

A post shared by SOURAV GANGULY (@souravganguly) on

ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിക്കുമ്പോഴാണ് മേൽപ്പറഞ്ഞ ചിത്രം പകർത്തിയിരിക്കുന്നത്. ഐപിഎൽ പ്രതിനിധികൾക്കും യുഎഇ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾക്കുമൊപ്പം എടുത്ത ചിത്രത്തിൽ ആകസ്മികമായി ഉൾപ്പെട്ട പാക്ക് താരങ്ങളെ ‘നീക്കാൻ’ ഗാംഗുലി ചിത്രത്തിൽ ‘കൈവയ്ക്കുകയായിരുന്നു’!

രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങൾ ഏറെ നാളായി റദ്ദാക്കിയിരിക്കുകയാണ്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇരു ടീമുകളും നേർക്കുനേർ എത്താറുള്ളത്. ഇത്തവണ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെയാണ് സ്വന്തം ചിത്രത്തിൽ ആകസ്മികമായി ഉൾപ്പെട്ട പാക്ക് താരങ്ങളുടെ മുഖങ്ങൾക്ക് ഗാംഗുലി മങ്ങൽ വരുത്തിയത്.

English Summary: Sourav Ganguly shares picture from Sharjah stadium, blurs image of Pakistan cricketers in background

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com