ADVERTISEMENT

ന്യൂഡൽഹി∙ ‘ഈ പന്തുകൊണ്ട് വിക്കറ്റെടുക്കാൻ കെൽപുള്ള ഒരു ബോളറുടെ പേരു പറയാമോ?’ – കീറിപ്പറിഞ്ഞ ഒരു പന്തിന്റെ ചിത്രവുമായി ഇഎസ്പിഎൻ ക്രിക് ഇൻഫോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച ചോദ്യമാണിത്. മുൻ ന്യൂസീലൻഡ് താരം ഗ്രാന്റ് എലിയറ്റ് തുടക്കമിട്ട ചർച്ചയുടെ തുടക്കമെന്നോണമായിരുന്നു ക്രിക് ഇൻഫോയുടെ ട്വീറ്റ്. ഒട്ടേറെ ആരാധകർ ഈ ട്വീറ്റിന് മറുപടി കുറിച്ചെങ്കിലും വൈറലായ മറുപടി ഒരു ക്രിക്കറ്റ് താരത്തിന്റേതായിരുന്നു. ഒത്തുകളി വിവാദത്തിന്റെ തുടർച്ചയായി ലഭിച്ച വിലക്ക് അവസാനിച്ച് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന പേസ് ബോളർ ശ്രീശാന്താണ് ആ മലയാളി!

ക്രിക് ഇൻഫോയുടെ ചോദ്യത്തിന് ശ്രീശാന്ത് നൽകിയ മറുപടി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ‘ഞാൻ വിക്കറ്റെടുത്തു തരാം. പന്ത് എനിക്കു തരൂ, മത്സരവും. നമ്മുടെ സമീപനത്തെയും മികച്ച ഫീൽഡ് സെറ്റിങ്ങിനെയും ടീമിന്റെ ഐക്യത്തെയും ആശ്രയിച്ചിരിക്കുമത്. എപ്പോഴും, എല്ലായ്പ്പോഴും’– ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

മുൻ ന്യൂസീലൻഡ് താരമായ ഗ്രാന്റ് എലിയറ്റാണ് ഈ ചർച്ചയ്ക്കു തുടക്കമിട്ടത്. കീറിപ്പറിഞ്ഞ പന്തിന്റെ ചിത്രം പങ്കുവച്ച എലിയറ്റിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു: ‘ 73–ാം ഓവറിൽ എതിർ ടീമിന്റെ സ്കോർ ഒന്നിന് 320 എന്ന നിലയിൽ നിൽക്കുമ്പോൾ ക്യാപ്റ്റൻ നിങ്ങളെ പന്തേൽപിച്ചു പറയുന്നു, വിക്കറ്റെടുക്കൂ എന്ന്. അതാണു നിങ്ങൾക്കു കഴിവു തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരം’. ശ്രീശാന്ത് മുൻപു കൗണ്ടിയിൽ കളിച്ച വാർവിക്‌ഷെർ ടീമിന്റെ കോച്ചും ക്യാപ്റ്റനുമായിരുന്നു എലിയറ്റ്.

ശ്രീശാന്തിന്റെ മറുപടി ട്വീറ്റിന് താഴെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. എന്തായാലും സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമാക്കുന്നതാണ് ശ്രീശാന്തിന്റെ പ്രതികരണമെന്നാണ് ആരാധകരുടെ പക്ഷം. ലോകത്തിന്റെ ഏതു ഭാഗത്തുനിന്ന് ക്ഷണം കിട്ടിയാലും ക്രിക്കറ്റ് കളിക്കാൻ തയാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.

‘ഓസ്ട്രേലിയ, ന്യൂസീലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെ വിവിധ ടീമുകളുമായി ഞാൻ ചർച്ച നടത്തി വരികയാണ്. ഈ രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാൻ എനിക്ക് താൽപര്യമുണ്ട്. 2023 ലോകകപ്പിൽ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുകയാണ് എന്റെ ലക്ഷ്യം. ലോർഡ്സിൽ എംസിസി ഇലവനും റെസ്റ്റ് ഓഫ് ദ് വേൾഡും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമാകണമെന്നാണ് മറ്റൊരു ആഗ്രഹം’ – ശ്രീശാന്ത് പറഞ്ഞു.

English Summary: IPL 2020, S Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com