ADVERTISEMENT

അബുദാബി∙ ഇന്ത്യയിൽ കണ്ടുശീലിച്ച ഒന്നായിരിക്കില്ല അറേബ്യൻ മണ്ണിലെ ഇന്ത്യൻ പ്രീമിയർ ലീഗ്. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റേതുൾപ്പെടെയുള്ള സമീപകാല കളിക്കണക്കുകൾ പരിശോധിച്ചാൽ റൺമഴ പെയ്യുന്ന ഒന്നാകില്ല ഈ സീസൺ എന്നതു തന്നെയാണ് പ്രധാന മാറ്റം. അബുദാബിയിലും ദുബായിലും ഷാർജയിലുമായി 3 വേദികളിൽ മാത്രം അരങ്ങേറുന്ന പതിനൊന്നാമൂഴത്തിൽ ബോളർമാർക്കും കൂടി ചിലതു ചെയ്യാനുണ്ടെന്നതാണ് ഈ വരവിൽ ലീഗിന്റെ ഹൈലൈറ്റ്. പ്രത്യേകിച്ചും 53 ദിവസമെന്ന ഹ്രസ്വകാലയളവിൽ വെറും 3 വേദികളിലെ പിച്ചിൽ 60 മത്സരമെന്ന വൻ പരീക്ഷണം നടക്കുന്ന സാഹചര്യത്തിൽ.‌

യുഎഇയിലെ മൈതാനങ്ങളിൽ നിർണായകമായേക്കുന്ന ഘടകങ്ങൾ ഇങ്ങനെ.

1.ടോസ് പ്രധാനം. ടോസ് നേടുന്ന ടീമുകൾക്ക് ‘വിജയവും’ അനുകൂലമെന്നാണു ഈ വേദികളിലെ കഴിഞ്ഞ 3 ക്രിക്കറ്റ് സീസണിലെ കണക്കുകൾ (67 %).

2. കുറഞ്ഞ സ്കോറുകളുടെ ലീഗ്. 2017 മുതലുള്ള സ്റ്റാറ്റ്സ് പ്രകാരം ദുബായും (7.5) അബുദാബിയും (7.3) സ്കോറിങ് റേറ്റിൽ പിന്നാക്കം നിൽക്കുന്ന വേദികളാണ്. ഷാർജയിൽ മാത്രം സ്ഥിതി ഭേദം (8.1). ഓവറിൽ 8.5 റൺസിനു മേൽ സ്കോർ ചെയ്യപ്പെടുന്നതാണ് ഇന്ത്യൻ വേദികൾ.

3. വമ്പനടിക്കാർ സൂക്ഷിക്കുക. 17 പന്തുകൾക്കിടെ ഒരു സിക്സ് എന്നതാണു ഇന്ത്യയിൽ നടക്കാറുള്ള ഐപിഎല്ലിലെ കണക്കുകൾ. അബുദാബി പോലൊരു ഗ്രൗണ്ടിൽ 49 പന്തിൽ ഒരു സിക്സ് എന്നതാണു സമീപകാലത്തെ അനുപാതം. ടീം ടോട്ടലുകളുടെ 11 %  റൺസ് മാത്രമേ ഇവിടെ സിക്സറുകളിലൂടെ വന്നിട്ടുള്ളൂ.

4. ബാറ്റിങ് പരീക്ഷണം. നങ്കൂരമിട്ടു കളിക്കാൻ കെൽപ്പുള്ള ബാറ്റ്സ്മാൻമാരുടേതാകും ഈ സീസൺ. ഇന്ത്യയിൽ അനായാസം വന്നിരുന്ന 200 നും 300 നും മേൽവരുന്ന സ്ട്രൈക്ക് റേറ്റുള്ള ഇന്നിങ്സുകൾ അറേബ്യൻ വേദികളിൽ ദുഷ്കരമാകും.

5. റൺ ഐപിഎൽ റൺ ! ബൗണ്ടറികൾ ലക്ഷ്യമിട്ടെത്തുന്ന ടീമുകൾക്കും ബാറ്റ്സ്മാൻമാർക്കും യുഎഇ വേദികളിൽ കാര്യങ്ങൾ അനായാസമാകില്ല. സ്ലോ വിക്കറ്റിൽ സിംഗിളും ഡബിളുകളും ടീമിന്റെ വിജയത്തിൽ നിർണായകമാകുന്ന ലീഗാണിത്. അടിപൊളി ബാറ്റ്സ്മാൻമാരെക്കാൾ മൂല്യം കരുതൽ കാര്യമാക്കിയ 'സെൻസിബിൾ' താരങ്ങൾക്കെന്നു ചുരുക്കം.

6. ബോളർമാർക്ക് അനുകൂലം. പേസും സ്പിന്നും ഒരുപോലെ ശ്രദ്ധ നേടുന്ന ലീഗാകുമിത്. ഇടംകയ്യൻ ബോളർമാർ ഏറെ തിളങ്ങാൻ സാധ്യത. അതിവേഗക്കാർക്കും പ്രതീക്ഷയ്ക്കു വകയേറെയുണ്ട് ദുബായ്, അബുദാബി പിച്ചുകളിൽ.

7. സ്പിന്നർമാരുടെ ലീഗ്. റിസ്റ്റ് സ്പിന്നർമാരും ഫിംഗർ സ്പിന്നർമാരും ഒരുപോലെ ആധിപത്യം നേടുമെന്നാണു പ്രതീക്ഷ. ഇടംകയ്യൻ സ്പിന്നർമാരും പതിവിലേറെ ഭീഷണി വിതയ്ക്കും. രണ്ടും മൂന്നും സ്പിന്നർമാരെ ഉൾപ്പെടുത്തിയ ഇലവൻ പോലും ടീമുകൾ പരീക്ഷിച്ചേക്കാം.

8. എവേ മത്സരങ്ങളുടെ ലീഗ്. ഹോം മത്സരങ്ങളെന്നും എവേ മത്സരങ്ങളെന്നുമുള്ള അന്തരം ഇക്കുറിയില്ല. ചില വേദികളിൽ കൂടുതൽ മത്സരമുണ്ടെങ്കിലും ഒരു ടീമിനും ഹോം ആനുകൂല്യം പറയാനാവില്ല.  

9. കാണികളില്ലാത്ത ലീഗ്. ആവേശവും ആരവവും ആഘോഷവുമായിരുന്ന ഐപിഎൽ ഇത്തവണ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാണ്. കളത്തിലും ആവേശം ചോരാൻ ഇതു കാരണമാകുമോ? പല താരങ്ങൾക്കും മികച്ച പ്രകടനം നടത്തുന്നതിനുളള മോട്ടിവേഷൻ ഇല്ലാതായേക്കാം എന്നു വിലയിരുത്തുന്നവരിൽ ഐപിഎല്ലിനെ അടുത്തറിയുന്ന സ്പോർട്സ് സൈക്കോളജിസ്റ്റ് പാഡി അപ്ടണുമുണ്ട്.

10. കോവി‍ഡ് പ്രോട്ടോക്കോൾ. ഓരോ ടീമിനും പ്രത്യേക ‘ബയോ സെക്യുർ ബബ്‌ൾ’ ആയതോടെ പുറംലോകവുമായി ബന്ധമില്ലാതെയാണ് ഈ ലീഗും താരങ്ങളും. സിനിമയും വാണിജ്യവുമെല്ലാം ചേർന്ന ‘ക്രിക്കറ്റിന്റെ കോക്ക്‌ടെയ്‌ൽ കാഴ്ചയാകില്ല ഇത്തവണത്തേത്. ക്രിക്കറ്റ്, ക്രിക്കറ്റ് മാത്രം ആണ് അജൻഡയിൽ. നല്ല പത്തരമാറ്റ് ക്രിക്കറ്റിൻ്റേതാണ് ഈ പ്രീമിയർ ലീഗ്.

English Summary: How IPL 2020 Will Be Different? PSL Will Answer!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com